2012-01-19 18:27:03

പൗലോസ്ലീഹായുടെ
രക്തസാക്ഷിമണ്ഡപത്തില്‍
സമാപിക്കുന്ന സഭൈക്യവാരം


19 ജനുവരി 2012, വത്തിക്കാന്‍
റോമന്‍ ചുവരിനു പുറത്തുള്ള പൗലോസ്ലീഹായുടെ പുരാതന ബസിലിക്കയില്‍ ക്രൈസ്തവൈക്യവാരത്തിന് സമാപനം കുറിക്കുന്ന ജനുവരി 25-ാം തിയതി
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സായാഹ്നപ്രാര്‍ത്ഥന നയിക്കും.
പൗലോസ്ലീഹായുടെ മാനസാന്തര മഹോത്സവവുമായി സന്ധിക്കുന്ന ഐക്യവാര സമാപന പ്രാര്‍ത്ഥനയില്‍ ജനുവരി 25-ാം തിയതി മാര്‍പാപ്പ പങ്കെടുക്കുന്ന പതിവിന് നാളുകള്‍ പഴക്കുമണ്ട്.
വത്തിക്കാനില്‍നിന്നും ഏകദേശം 10-കിലോമീറ്റര്‍ അകലെയുള്ള പൗലോസ്ലീഹായുടെ രക്തസാക്ഷിത്വസ്ഥാനം കൂടിയായ ബസിലിക്കായിലെ സായാഹ്നപ്രാര്‍ത്ഥനയില്‍ മാര്‍പാപ്പയ്ക്കൊപ്പം വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളും, റോമാരൂപതിയിലെ മെത്രാന്മാരും വൈദികരും സന്ന്യസ്തരും വിശ്വാസികളും പങ്കെടുക്കും.
“ക്രിസ്തുവിന്‍റെ വിജയത്താല്‍ എല്ലാം രൂപാന്തരപ്പെടുന്നു,” എന്ന പൗലോസ്ലീഹായുടെ വാക്കുകള്‍ ആപ്തവാക്യമായിട്ടാണ് ഈ വര്‍ഷവും ജനുവരി 18-മുതല്‍ 25-വരെ തിയതികളില്‍ ക്രൈസ്തവൈക്യവാരം ആചരിക്കപ്പെടുന്നത്.
1959 ജനുവരി 25-ാം തിയതി, പൗലോസ്ലീഹായുടെ മാനസാന്തര തിരുനാളിലെ സായാഹ്നപ്രാര്‍ത്ഥനാ മദ്ധ്യേയാണ് സഭാ നവീകരിണത്തിന്‍റെ ചലകശക്തിയായി മാറിയ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വാഴ്ത്തപ്പെട്ട ജോണ്‍ 23-ാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചത്.
ആ ചരിത്ര സംഭവത്തിന്‍റെ ഓര്‍മ്മകളുയര്‍ത്തുന്ന രേഖകളുടെയും വസ്തുക്കളുടെയും പ്രദര്‍ശനം പൗലോസ്ലീഹായുടെ ബസിലിക്കയില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉത്ഘാടനംചെയ്യുമെന്നും വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് അറിയിച്ചു.








All the contents on this site are copyrighted ©.