2012-01-19 18:23:35

ധാര്‍മ്മികതയെ തകര്‍ക്കുന്ന
മതനിരപേക്ഷതയെ തിരിച്ചറിയണമെന്ന് പാപ്പാ


19 ജനുവരി 2012, വത്തിക്കാന്‍
സഭയുടെ ധാര്‍മ്മിക സാക്ഷൃത്തിനു വിഘാതമായി പൊന്തിവരുന്ന മൗലികമായ മതനിരപേക്ഷതയെ തിരിച്ചറിയണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അമേരിക്കയിലെ മെത്രാന്മാരോട് ഉദ്ബോധിപ്പിച്ചു. അഞ്ചു വര്‍ഷത്തില്‍ ഒരിക്കലുള്ള Ad Limina ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കെത്തിയ അമേരിക്കയിലെ മെത്രാന്‍ സംഘത്തിലെ ഒരു വിഭാഗവുമായി ജനുവരി 19-ാം തിയതി രാവിലെ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
ഇന്ന് ഉയര്‍ന്നുവരുന്ന നവവും ശക്തവുമായ സാംസ്കാരിക കുത്തൊഴുക്കില്‍ അമേരിക്കന്‍ ജനതയുടെ ഭരണസംഹിത വിഭാവനംചെയ്തിട്ടുള്ള മതസ്വാതന്ത്ര്യത്തിന്‍റെ അടിത്തറപോലും ഒലിച്ചുപോകുന്നുണ്ടെന്നും, ക്രൈസ്തവ വിശ്വാസത്തിനു മാത്രമല്ല, മാനവികതയ്ക്കു തന്നെ ഭീഷണിയാകുന്ന ദൈവനിഷേധം സമൂഹത്തിന്‍റെ ശൈലിയായിട്ടുണ്ടെന്നും മാര്‍പാപ്പ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
ദൈവിക വെളിച്ചം കെടുത്തിക്കളയുന്ന ശാസ്ത്രീയ യുക്തിയും, രാഷ്ട്രീയ സ്വാധീനവും, ഭൂരിപക്ഷാഭിപ്രായവുമാണ് ഇന്ന് സമൂഹ ജീവിതത്തില്‍ തിന്മയുടെ കാര്‍മേഘം വിരിയിക്കുന്നതെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.

യഥാര്‍ത്ഥമായ നീതിയുടെയും മാനവികതയുടെയും സമൃദ്ധി വളര്‍ത്തുന്ന,
മാനുഷിക യുക്തിക്കതീതമായ ഒരാന്തരിക യുക്തി ഈ പ്രപഞ്ചത്തിനുണ്ടെന്ന് ഇന്നത്തെ സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ടത്, വിശ്വാസവും യുക്തിയും തമ്മിലുള്ള സന്തുലിതാവസ്ഥ എന്നും നിലനിര്‍ത്തിയിട്ടുള്ള സഭയുടെ കടമയാണെന്ന്, പാപ്പാ മെത്രാന്മാരോട് ആഹ്വാനംചെയ്തു.








All the contents on this site are copyrighted ©.