2012-01-17 17:10:12

ഇന്‍ര്‍നെറ്റ് രംഗത്ത് കത്തോലിക്കരുടെ ദൗത്യം


17 ജനുവരി 2012, ഫ്രിബുര്‍ഗ് –സ്വിറ്റ്സര്‍ലന്‍ഡ്
ഇന്‍റര്‍നെറ്റ് രംഗത്ത് കത്തോലിക്കരുടെ സാന്നിദ്ധ്യം അത്യന്താപേഷിതമാണെന്ന് സാമൂഹ്യസമ്പര്‍ക്കമാധ്യമങ്ങള്‍ക്കായുളള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ക്ലൗദിയോ മരിയ ചേല്ലി. സമ്പര്‍ക്കമാധ്യമങ്ങളെ സംബന്ധിച്ച ‘കമ്മ്യൂണിയോ എത് പ്രോഗ്രസ്സിയോ’ (Communio et progressio) എന്ന അജപാലന മാര്‍ഗനിര്‍ദേശിക പ്രസിദ്ധീകരിക്കപ്പെട്ടതിന്‍റെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് സ്വിസ്റ്റര്‍ലന്‍ഡിലെ കത്തോലിക്കാ മെത്രാന്‍മാരുടെ ദേശീയ സമിതിയും പത്രപ്രവര്‍ത്തകരുടെ സംഘവും സംയുക്തമായി സംഘടിപ്പിച്ച ഒരു പഠന ശിബിരത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ആര്‍ച്ചുബിഷപ്പ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.
വിവരങ്ങള്‍ പങ്കുവയ്ക്കപ്പെടുന്ന കാലഘട്ടത്തില്‍ നിന്നും വിവരങ്ങളെക്കുറിച്ച് സംവാദിക്കുന്ന കാലഘട്ടത്തിലേക്ക് ലോകം നീങ്ങിയിരിക്കുകയാണെന്ന് ആര്‍ച്ചുബിഷപ്പ് ചേല്ലി വിലയിരുത്തി. പോള്‍ ആറാമന്‍ മാര്‍പാപ്പയും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും സംബര്‍ക്കമാധ്യമ രംഗത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ ആര്‍ച്ചുബിഷപ്പ് പ്രഭാഷണത്തില്‍ അനുസ്മരിച്ചു. ദൈവത്തെക്കുറിച്ചറിയാത്ത നിരവധിപേരുള്ള ഈ ‘വിജാതീയ അങ്കണത്തിലെ’ വെല്ലുവിളികള്‍ മറികടന്നു പ്രവര്‍ത്തിക്കാന്‍ കത്തോലിക്കര്‍ക്കു മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.








All the contents on this site are copyrighted ©.