2012-01-12 17:06:56

വ്യക്തികളെ മാനിക്കുന്ന മാനവികത
ഇന്നിന്‍റെ ആവശ്യമെന്ന്


12 ജനുവരി 2012, വത്തിക്കാന്‍
ആതിഥ്യവും സഹാനുഭാവവും നിയമബോധവും സമൂഹത്തിന്‍റെ അടിത്തറയാക്കണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നഗരാധിപന്മാരോട് ഉദ്ബോധിപ്പിച്ചു.
ജനുവരി 12-ാം തിയതി, വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ റോമാ നഗരത്തിലെയും ലാത്സിയോ പ്രവിശ്യയിലെയും ഭരണകര്‍ത്താക്കളുമായി നടത്തിയ പുതുവത്സര കൂടിക്കാഴ്ചയിലാണ് നഗരാധിപന്മാരോട് മാര്‍പാപ്പ ഇപ്രകാരം ആഹ്വാനംചെയ്തത്.
ലോകത്തിന്‍റെ മറ്റേതു ഭാഗത്തെയുംപോലെ, സാമ്പത്തിക മാന്ദ്യം റോമാ-ലാത്സിയോ പ്രവിശ്യയേയും ബാധിച്ചിട്ടുണ്ടെന്നും, പ്രത്യക്ഷമായിക്കാണുന്ന സാമ്പത്തിക തകര്‍ച്ചയ്ക്കു പിന്നില്‍ ധാര്‍മ്മിക തകര്‍ച്ചയാണ് മൂലകാരണമെന്നും, പ്രവിശ്യയുടെ പ്രസിഡന്‍റ്, റെനാത്താ പൊള്‍വരേന്നി, റോമിന്‍റെ മേയര്‍ ജൊവാന്നി അലെമാന്നോ എന്നിവരടങ്ങിയ
സാമൂഹ്യ നേതാക്കളോട് മാര്‍പാപ്പ പ്രസ്താവിച്ചു.

സ്വാര്‍ത്ഥമായ വ്യക്തിമഹാത്മ്യവാദത്തിനു പകരം, വ്യക്തിയെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്ന, ആതിഥ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും നീതി-നിയമബോധത്തിന്‍റെയും മൂല്യങ്ങളുള്ള നവമാനവികത വളര്‍ത്തിയെടുക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്ന് പാപ്പാ കൂടിക്കാഴ്ചയില്‍ നഗരാധിപന്മാരോട് ആഹ്വാനംചെയ്തു.









All the contents on this site are copyrighted ©.