2012-01-12 17:22:29

അക്രമത്തിലെത്തുന്ന
കിര്‍ക്കൂക്കിലെ
അരാജകത്വം


12 ജനുവരി 2012, കിര്‍ക്കൂക്ക്
ഇറാക്കില്‍ ആര്‍ച്ചുബിഷപ്പ് ലൂയി സാക്കോയുടെ വസതിയോടുചേര്‍ന്ന് ഭീകരാക്രമണം നടന്നു.
ജനുവരി 11-ാം തിയതി ബുധനാഴ്ച മദ്ധ്യാഹ്നത്തിലാണ് തോക്കു ധാരികള്‍ കാല്‍ഡിയന്‍ മെത്രാപ്പോലീത്തായുടെ കിര്‍ക്കൂക്കിലുള്ള വസതിക്കു സമീപം ആക്രമണം നടത്തിയത്.
രണ്ടുപേര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ പരിക്കേല്പിക്കപ്പെടുകയും ചെയ്ത സംഭവസമയത്ത്, താനും സഹകാരികളും ഇടവക സന്ദര്‍ശനത്തിലായിരുന്നവെന്ന് ആര്‍ച്ചുബിഷപ്പ് സാക്കോ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ ടെലിഫോണ്‍ സന്ദേശത്തില്‍ വെളിപ്പെടുത്തി.
ബാഗ്ദാദില്‍നിന്നും കാറിലെത്തിയ മൂന്ന് ആക്രമികള്‍ തന്‍റെ വസതിയോടു ചേര്‍ന്നുള്ള പാര്‍ലിമെന്‍ററി അംഗങ്ങളുടെ സുരക്ഷാസേനയുമായിട്ടാണ് വെടിവയ്പ്പുണ്ടായതെന്നും, സംഘട്ടനത്തില്‍ ആക്രമികള്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടെവെന്നും, ഡ്രൈവര്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും ആര്‍ച്ചുബിഷപ്പ് സാക്കോ ടെലിഫോണ്‍ അഭിമുഖത്തിലൂടെ അറിയിച്ചു.
ആക്രമണരംഗം ദൂരെനിന്നും കണ്ടുകൊണ്ടാണ് താന്‍ വസതിയിലെത്തിയതെന്നും, ഭയപ്പെടാതെ മുറിപ്പെട്ടവരുടെ സഹായത്തിനിറങ്ങാന്‍ ദൈവം കരുത്തുതന്നുവെന്നും ആര്‍ച്ചുബിഷപ്പ് സാക്കോ സംഭാഷണത്തില്‍ വ്യക്തമാക്കി. ഇറാക്കില്‍ ഇനിയും നടമാടുന്ന സാമൂഹ്യ അരാജകത്വത്തിന്‍റെ ഭാഗമാണ് ഈ ആക്രമണമെന്ന് കിര്‍ക്കൂക്ക് അതിരൂപതാദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.