2012-01-10 16:54:51

സമാധാനത്തിനായുള്ള മാര്‍പാപ്പയുടെ ആഹ്വാനം ഇസ്രായേല്‍ - പലസ്തീന്‍ നയതന്ത്രപ്രതിനിധികള്‍ സ്വാഗതം ചെയ്യുന്നു


10 ജനുവരി 2012, റോം

ഇസ്രായേല്‍ - പലസ്തീന്‍ തര്‍ക്കം പരിഹരിച്ചുകൊണ്ട് സമാധാനം സ്ഥാപിക്കാനായുള്ള മാര്‍പാപ്പയുടെ ആഹ്വാനം വത്തിക്കാനുവേണ്ടിയുള്ള ഇസ്രായേല്‍ സ്ഥാനപതി മൊര്‍ദേക്കായ് ലൂയിയും പലസ്തീന്‍ പ്രതിനിധി ചോക്കി അര്‍മാലിയും സ്വാഗതം ചെയ്തു. വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞരുമായി നടത്തിയ പുതുവല്‍സരക്കൂടിക്കാഴ്ച്ചാവേളയില്‍ ഇസ്രായേലും പലസ്തീനും സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചതില്‍ പ്രത്യാശ പ്രകടിപ്പിച്ച മാര്‍പാപ്പ ഇരുരാജ്യങ്ങളുടേയും അവകാശങ്ങളും ജനങ്ങളുടെ സുരക്ഷയും ആദരിക്കപ്പെടുന്ന വിധത്തില്‍ സമാധാനം സ്ഥാപിക്കപ്പെടേണ്ടതിന്‍റേ ആവശ്യകതയെക്കുറിച്ച് പരാമര്‍ശിച്ചതില്‍ ഇരുവരും സന്തുഷ്ടി പ്രകടിപ്പിച്ചു.
ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം മധ്യപൂര്‍വ്വദേശത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ സമാധാനസ്ഥാപനത്തിനുവേണ്ടി സുധീരവും ദീര്‍ഘവീക്ഷണമുള്ളതുമായ തീരുമാനങ്ങളെടുക്കാന്‍ ഇരുരാജ്യങ്ങളിലേയും ഭരണാധികാരികള്‍ക്കു സാധിക്കട്ടെയേന്നാശംസിച്ചു. ജോര്‍ദ്ദാനിലെ രാജാവിന്‍റെ പരിശ്രമഫലമായി ഇസ്രായേല്‍- പലസ്തീന്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചതില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ മാര്‍പാപ്പ ഇരു കക്ഷികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന വിധത്തില്‍ സമാധാനശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുവാന്‍ ക്രിയാത്മകമായി സഹകരിക്കുവാന്‍ അന്താരാഷ്ട്രസമൂഹത്തോട് ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.