2012-01-09 17:00:33

പേപ്പല്‍ സന്ദര്‍ശനം ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കു പ്രത്യാശയും സമാധാനവും പകരുമെന്ന് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി


09 ജനുവരി 2012 വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ലാറ്റിമേരിക്കയിലേക്കു നടത്തുന്ന അപ്പസ്തോലിക പര്യടനം ദാരിദ്ര്യത്തിനും അക്രമത്തിനും എതിരേയുള്ള പരിശ്രമങ്ങളില്‍ മുന്നേറാനും സമാധാനത്തിലും പ്രത്യാശയിലും വളരാനും ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കു പ്രചോദനമേകുമെന്ന് വത്തിക്കാന്‍ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി പ്രത്യാശപ്രകടിപ്പിച്ചു. ഡിസംബര്‍ ഏഴാം തിയതി ശനിയാഴ്ച വത്തിക്കാന്‍ ടെലിവിഷന്‍റെ വാരാന്ത്യപരിപാടിയായ ഒക്ടാവോ ദിയെസിലാണ് വത്തിക്കാന്‍ ടെലിവിഷന്‍റേയും റേഡിയോനിലയത്തിന്‍റേയും ജനറല്‍ ഡയറക്ടര്‍ കൂടിയായ ഫാദര്‍ ലൊംബാര്‍ദി ഈ പരാമര്‍ശം നടത്തിയത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സന്ദര്‍ശിക്കുന്ന പ്രഥമ ലാറ്റിമനേരിക്കന്‍ രാജ്യമായി മെക്സിക്കോ തിരഞ്ഞെടുക്കപ്പെട്ടത് ആകസ്മികമല്ല. ഏറ്റവുമധികം ഹിസ്പാനിക്ക് അഥവാ ലാറ്റിനോ വംശജരുള്ള നാടാണ് മെക്സിക്കോ എന്നു ചൂണ്ടിക്കാണിച്ച ഫാദര്‍ ലൊംബാര്‍ദി മെക്സിക്കന്‍ ജനതയ്ക്ക് മാര്‍പാപ്പയോടുള്ള സ്നേഹാദരങ്ങള്‍ ഹൃദയസ്പര്‍ശമാണെന്നും അഭിപ്രായപ്പെട്ടു. മെക്സിക്കോയിലേക്കു അഞ്ചു അപ്പസ്തോലിക പര്യടനങ്ങള്‍ നടത്തയ ജോണ്‍പോള്‍ രണ്ടാമന്‍മാര്‍പാപ്പയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് ഓരോതവണയും അന്നാട്ടുകാര്‍ നല്‍കിയത്. മെക്സിക്കോയില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു സന്ദര്‍ശിക്കാന്‍ സാധിക്കാതിരുന്ന സ്ഥലമാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സന്ദര്‍ശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഫാദര്‍ ലൊംബാര്‍ദി ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.