2012-01-03 16:37:33

വിശ്വാസം വേദനിക്കുന്നവരുടെ ഉറപ്പുള്ള സങ്കേതം : മാര്‍പാപ്പ


03 ജനുവരി 2012, വത്തിക്കാന്‍
രോഗികള്‍ക്കും വേദനിക്കുന്നവര്‍ക്കും എല്ലായ്പ്പോഴും വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ സാധിക്കട്ടെയെന്ന് മാര്‍പാപ്പ. ഇരുപതാം ലോക രോഗീ ദിനത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാന്‍ രോഗികള്‍ക്കും പീഡിതര്‍ക്കും പാപ്പ പ്രോത്സാഹനം പകര്‍ന്നത്. ദൈവവചനം ശ്രവിച്ചുകൊണ്ടും, വ്യക്തിപരമായ പ്രാര്‍ത്ഥനയിലൂടേയും, കൂദാശകളുടെ സ്വീകരണത്തിലൂടെയും തങ്ങളുടെ വിശ്വാസം പരിപോഷിപ്പിക്കാന്‍ അവര്‍ക്കു സാധിക്കട്ടെയെന്നും മാര്‍പാപ്പ ആശംസിച്ചു. 2012 ഫെബ്രുവരി പതിനൊന്നാം തിയതിയാണ് സാര്‍വ്വത്രീക സഭ ഇരുപതാം ലോക രോഗീ ദിനം ആചരിക്കുന്നത്. എഴുന്നേറ്റു പൊയ്ക്കൊള്ളുക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു ( ലൂക്കാ 17 : 19) എന്നതാണ് ഇരുപതാം ലോക രോഗീ ദിനത്തിന്‍റെ പ്രമേയം.
അനുതാപത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും കൂദാശയും രോഗീ ലേപനവും ഉള്‍പ്പെടുന്ന സുഖപ്പെടുത്തലിന്‍റെ കൂദാശകളെക്കുറിച്ച് ലോക രോഗീ ദിന സന്ദേശത്തില്‍ പാപ്പ ഊന്നിപറഞ്ഞു. ഈ കൂദാശകള്‍ ക്രിസ്തുവിന്‍റെ പീഡാസഹനത്തോടും മരണത്തോടും ഐക്യപ്പെടുവാന്‍വേണ്ട കൃപനല്‍കുന്നു. കുമ്പസാരം, രോഗീലേപനം എന്നീ കൂദാശകള്‍ക്കൊപ്പം ദിവ്യകാരുണ്യ സ്വീകരണത്തിനും പ്രാധാന്യം നല്‍കണമെന്ന് പാപ്പ ഉത്ബോധിപ്പിച്ചു. ക്രിസ്തുവിന്‍റെ ശരീരവും രക്തവുമായുള്ള സംസര്‍ഗത്തിലൂടെ ക്രിസ്തുവുമായുള്ള ബന്ധം വര്‍ദ്ധിക്കുന്നു. ദിവ്യബലിയില്‍ സംബന്ധിക്കാന്‍ സാധിക്കാതെ ഭവനങ്ങളിലും ആശുപത്രികളിലും കഴിയുന്ന വിശ്വാസികള്‍ക്കു ദിവ്യകാരുണ്യം സ്വീകരിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അജപാലകരെ മാര്‍പാപ്പ ആഹ്വാനം ചെയ്തു. രോഗവും വേദനയും പലപ്പോഴും അസ്വാസ്ഥ്യത്തിലേക്കും നിരാശയിലേക്കും നിപതിക്കാനുള്ള പ്രലോഭനം നല്‍കുമെങ്കിലും സ്വന്തം തെറ്റുകളും വീഴ്ച്ചകളും തിരിച്ചറിഞ്ഞുകൊണ്ട് ദൈവത്തിങ്കലേക്കു തിരിയുവാനുള്ള അവസരമായി അതു മാറ്റാന്‍ സാധിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു.







All the contents on this site are copyrighted ©.