2012-01-03 16:11:38

വര്‍ഗീയ കലാപ നിയന്ത്രണ ബില്‍ എത്രയും വേഗം നിയമമാക്കണമെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍സമിതി


03 ജനുവരി 2012, ന്യൂ ഡെല്‍ഹി
ഇന്ത്യയെപ്പോലെ പക്വമായ ജനാധിപത്യഭരണ സംവിധാനമുള്ള രാജ്യത്ത് വര്‍ഗീയ കലാപ നിയന്ത്രണ നിയമം ഉണ്ടായിരിക്കേണ്ടത് അടിയന്തരവും സുപ്രധാനവുമാണെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ വര്‍ഗീയ കലാപ നിയന്ത്രണ ബില്‍ ഉള്‍പ്പെടുത്താത്തില്‍ പ്രതിഷേധിച്ചുകൊണ്ടു പുറത്തിറക്കിയ പ്രസ്താവനയിലാണ് മെത്രാന്‍സമിതിയുടെ ഈ പരാമര്‍ശം. സോണിയാ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതി രൂപം നല്‍കിയ ബില്ലില്‍ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രേരണയോ സ്വാധീനമോ ഇല്ലാതെ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ഇടപെടാനുള്ള വ്യവസ്ഥകളുണ്ട്. 2003ല്‍ ഗുജറാത്തിലും 2008ല്‍ ഒറീസ്സയിലും കലാപങ്ങള്‍ ഉണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനകൂടാതെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു സാധിച്ചില്ലെന്ന് മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. സംസ്ഥാന ഭരണകൂടങ്ങള്‍ തങ്ങളുടെ ചുമതലകള്‍ സത്യസന്ധമായും നിക്ഷ്പക്ഷമായും നിറവേറ്റുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ വര്‍ഗീയ കലാപ നിയന്ത്രണ നിയമം സഹായകമാകുമെന്ന് മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.