2012-01-03 16:11:02

യുവജനത്തെ സമാധാനവും നീതിയും അഭ്യസിപ്പിക്കുന്നതിന് നവീന പദ്ധതികള്‍


03 ജനുവരി 2012, ജറൂസലേം
യുവജനത്തെ സമാധാനവും നീതിയും അഭ്യസിപ്പിക്കുന്നതിന് കാലോചിതമായ നവീന പദ്ധതികള്‍ ആവിഷ്ക്കരിക്കപ്പെടണമെന്ന് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഫൗദ് ത്വാല്‍. 2012 ജനുവരി ഒന്നാം തിയതി രാവിലെ, ദൈവമാതൃത്വ തിരുന്നാള്‍ ദിവ്യബലി മധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് പാത്രിയാര്‍ക്കീസ് ഇപ്രകാരം പ്രസ്താവിച്ചത്. സമകാലിക ലോകത്ത് യുവജനങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സാമൂഹിക, രാഷ്ട്രീയ, സാംസ്ക്കാരീക രംഗങ്ങളില്‍ തങ്ങള്‍ക്കു നല്‍കാന്‍ സാധിക്കുന്ന സംഭാവനകള്‍ എന്താണെന്ന് യുവജനങ്ങള്‍ അന്വേഷിക്കുന്നു. ഉത്സാഹഭരിതരും ആദര്‍ശവാദികളുമായ യുവജനങ്ങള്‍ക്കു മികച്ച പരിശീലനം നല്‍കാന്‍ അനുഭവപരിജ്ഞാനമുള്ളവും വിവേകമതികളുമായ മുതിര്‍ന്നവര്‍ക്കു സാധിക്കണം. സമാധാനത്തിന്‍റെ സംസ്ക്കാരം പടുത്തുയര്‍ത്താന്‍ മാതാപിതാക്കളും അദ്ധ്യാപകരും വൈദീകരും സന്ന്യസ്തരും യുവജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്നും പാത്രിയാര്‍ക്കീസ് ത്വാല്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.