2012-01-03 16:11:14

അമേരിക്കയില്‍ ആംഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റ്


03 ജനുവരി 2012, ഹൂസ്റ്റണ്‍
അമേരിക്കയില്‍ ആംഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റ് സ്ഥാപിതമായി. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം ‘ആംഗ്ലിക്കനോരും ചെത്തിബുസ്’ അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷനിലെ വ്യവസ്ഥകള്‍ പ്രകാരം ജനുവരി ഒന്നാം തിയതി ഞായറാഴ്ചയാണ് പത്രോസിന്‍റെ സിംഹാസനത്തിന്‍റെ നാമധേയത്തിലുള്ള പുതിയ ഓര്‍ഡിനറിയേറ്റ് സ്ഥാപിച്ചത്. ഓര്‍ഡിനറിയേറ്റിന്‍റെ അദ്ധ്യക്ഷനായി റവ. ഫാ. ജെഫ്രി സ്റ്റീന്‍സണിനെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലെ എപ്പിസ്ക്കോപ്പല്‍ സഭയില്‍ മെത്രാനായിരുന്ന സ്റ്റീന്‍സണ്‍ 2005വരെ റിയോ ഗ്രാന്‍ദേ എപ്പിസ്ക്കോപ്പല്‍ രൂപതാധ്യക്ഷനായിരുന്നു. 2007ല്‍ എപ്പിസ്ക്കോപ്പല്‍ സഭ വിട്ട് കത്തോലിക്കാസഭയില്‍ അംഗമായി. 2009 ഫെബ്രുവരി മാസം കത്തോലിക്കാസഭയില്‍ വൈദീകപട്ടം സ്വീകരിച്ചു. റവ.സ്റ്റീന്‍സണ്‍ വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ്.
2009 നവംബര്‍മാസം നാലാം തിയതി പ്രസിദ്ധീകരിക്കപ്പെട്ട ആഗ്ലിക്കനോരും ചെത്തിബുസ് എന്ന അപ്പസ്തോലീക കോണ്‍സ്റ്റിറ്റൂഷന്‍ പ്രകാരം ആഗ്ലിക്കന്‍ സഭാംഗങ്ങള്‍ക്ക് അവരുടെ പാരമ്പര്യവും ആരാധനാക്രമവും നിലനിര്‍ത്തിക്കൊണ്ട് കത്തോലിക്കാസഭയുമായി പൂര്‍ണ്ണഐക്യം സാധ്യമാക്കുന്ന സഭാപ്രവിശ്യയാണ് വ്യക്തിഗത ആംഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റ്. രൂപതയോ വികാരിയാത്തോപ്പോലെയുള്ള സഭാ പ്രവിശ്യയുടെ ഒരു നവീന രൂപമാണ് വ്യക്തിഗത ഓര്‍ഡിനറിയേറ്റ്. ഓര്‍ഡിനറിയേറ്റിന്‍റെ അധ്യക്ഷന്‍ ഒരു കത്തോലിക്കാ മെത്രാനോ വൈദീകനോ ആകാം. ഇംഗ്ലണ്ടില്‍ 2011 ജനുവരി മാസം സ്ഥാപിതമായ വാല്‍സിംഘാമിലെ നാഥയുടെ ഓര്‍ഡിനറിയേറ്റാണ് പ്രഥമ വ്യക്തിഗത ആംഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റ്.








All the contents on this site are copyrighted ©.