2012-01-02 17:01:24

യുവജനങ്ങളെ നീതിയും സമാധാനവും അഭ്യസിപ്പിക്കേണ്ടത് എല്ലാ തലമുറകളുടേയും കടമ : ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ


02 ജനുവരി 2012, വത്തിക്കാന്‍
യുവജനങ്ങളെ നീതിയും സമാധാനവും അഭ്യസിപ്പിക്കേണ്ടത് എല്ലാ തലമുറകളുടേയും കടമയാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ജനുവരി ഒന്നാം തിയതി ഞായറാഴ്ച ദൈവമാതൃത്വതിരുന്നാള്‍ ദിനത്തില്‍ വത്തിക്കാനില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി മധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് പാപ്പായുടെ ഈയാഹ്വാനമുള്ളത്. സമാധാനം അതിന്‍റെ പരിപൂര്‍ണ്ണാര്‍ത്ഥത്തില്‍ എല്ലാ അനുഗ്രഹങ്ങളുടേയും സമന്വയമാണ്. സമാധാനമെന്ന മഹാദാനം ലോകത്തിനു ലഭിക്കുന്നതുവേണ്ടി കത്തോലിക്കാ സഭ പുതുവര്‍ഷത്തിലെ ആദ്യദിനത്തില്‍ പ്രത്യേകമാം വിധം പ്രാര്‍ത്ഥിക്കുകയാണ്. പരിശുദ്ധ കന്യകാ മറിയത്തെപ്പോലെ സമാധാനരാജനായ ക്രിസ്തുവിനെ എല്ലാവര്‍ക്കും വെളിപ്പെടുത്തിക്കൊണ്ടാണ് സഭ ലോകത്തിനു സമാധാനം ആശംസിക്കുന്നതെന്നും പാപ്പ പറഞ്ഞു. കത്തോലിക്കാ സഭ ജനുവരി ഒന്ന‍ാം തിയതി ലോകസമാധാന ദിനമായി ആചരിക്കുന്നു.
ഇക്കൊല്ലത്തെ ലോകസമാധാനദിനസന്ദേശത്തില്‍ യുവജനങ്ങളുടെ രൂപീകരണത്തിനാണ് താന്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്നു പറഞ്ഞ മാര്‍പാപ്പ അന്താരാഷ്ട്രസമൂഹത്തില്‍ ഇക്കാര്യത്തെകുറിച്ചുള്ള അവബോധം വര്‍ദ്ധിക്കുന്നത് പ്രതീക്ഷാജനകമാണെന്നും അഭിപ്രായപ്പെട്ടു. സാമൂഹ്യപ്രതിബദ്ധതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ യുവജനങ്ങള്‍തന്നെ തയ്യാറാകുന്നുണ്ടെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. വിവിധ സംസ്ക്കാരങ്ങളോടും പാരമ്പര്യങ്ങളോടും നിരന്തര സമ്പര്‍ക്കത്തില്‍ വളരുന്ന ഇന്നത്തെ തലമുറ പരസ്പരാദരവിന്‍റേയും, സംവാദത്തിന്‍റേയും, സമാധാനപൂര്‍ണ്ണമായ സഹജീവനത്തിന്‍റേയും മാര്‍ഗ്ഗം അഭ്യസിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മാര്‍പാപ്പ പറഞ്ഞു.








All the contents on this site are copyrighted ©.