2012-01-02 17:02:02

മാര്‍പാപ്പയുടെ മെക്സിക്കോ പര്യടനത്തിന്‍റെ വിശദാംശങ്ങള്‍


02 ജനുവരി 2012, മെക്സിക്കോ
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലേക്കു നടത്തുന്ന പര്യടനം 2012 മാര്‍ച്ചു മാസം ഇരുപത്തിമൂന്നാം തിയതി ആരംഭിക്കുമെന്ന് അന്നാട്ടിലെ ദേശീയ കത്തോലിക്കാ മെത്രാന്‍സമിതി അറിയിച്ചു. ഇരുപത്തിയാറാം തിയതി തിങ്കളാഴ്ച പര്യടനം സമാപിക്കുമെന്ന് മെക്സിക്കോയിലെ ദേശീയമെത്രാന്‍സമിതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തുന്നു.

ഇരുപത്തിമൂന്നാം തിയതി വെള്ളിയാഴ്ച മെക്സിക്കോയിലെ ലെയോണ്‍ നഗരത്തിലെത്തുന്ന മാര്‍പാപ്പയ്ക്ക് സ്വീകരണമേകാന്‍ പ്രസിഡന്‍റ് ഫെലിപ്പെ കാല്‍ദെറോണും അന്നാട്ടിലെ കത്തോലിക്കാസഭാധ്യക്ഷന്‍മാരും പൗരനേതാക്കളും സന്നിഹിതരായിരിക്കും. ഇരുപത്തിനാലാം തിയതി ശനിയാഴ്ച ഗ്വനജ്യാത്തോ പട്ടണത്തിലുള്ള പാര്‍ലമെന്‍റ് മന്ദിരം സന്ദര്‍ശിക്കുന്ന മാര്‍പാപ്പ പ്രസിഡന്‍റമായി ഔപചാരിക കൂടിക്കാഴ്ച്ചയും നടത്തും. അന്നു വൈകീട്ട് സമാധാനചത്വരമെന്നറിയപ്പെടുന്ന വന്‍മൈതാനത്തു നടക്കുന്ന പൊതുജനസമ്മേളനത്തിലും മാര്‍പാപ്പ പങ്കെടുക്കും. ഇരുപത്തിയഞ്ചാം തിയതി ഞായറാഴ്ച സീലാവോ പ്രവിശ്യയിലുള്ള ക്രിസ്തുരാജന്‍റെ ഇരുപതടി വലുപ്പമുള്ള വെങ്കലപ്രതിമ സ്ഥിതിചെയ്യുന്ന ക്യൂബിലെത്തെ കുന്നിന്‍താഴ്വാരത്തുള്ള മൈതാനത്ത് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കപ്പെടും. ഞായറാഴ്ച വൈകീട്ട് ലെയോണ്‍ പട്ടണത്തിലേക്കു തിരിച്ചു യാത്രയാകുന്ന മാര്‍പാപ്പ ലെയോണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് ലാറ്റിനമേരിക്കയിലേയും കരീബിയന്‍ ദ്വീപുകളിലേയും മെത്രാന്‍മാരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തും. ഇരുപത്തിയാറാം തിയതി തിങ്കളാഴ്ച മാര്‍പാപ്പ മെക്സിക്കോയില്‍ നിന്നും ക്യൂബയിലേക്കു യാത്രയാകും.







All the contents on this site are copyrighted ©.