2011-12-28 13:35:42

മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം 26.12.2011


കത്തോലിക്കാ സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ തിരുന്നാള്‍ ദിനമായ ഡിസംബര്‍ ഇരുപത്തിയാറാം തിയതി തിങ്കളാഴ്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കിയ ത്രികാല പ്രാര്‍ത്ഥനസന്ദേശം

വിശുദ്ധ സ്തേഫാനോസിനെ സെസ്സറായിലെ ചരിത്രകാരനായ എവുസേബിയോ –‘പരിപൂര്‍ണ്ണരക്തസാക്ഷി’യെന്നു വിശേഷിപ്പിക്കുന്നു. അപ്പസ്തോലന്‍മാരുടെ നടപടി പുസ്തകത്തില്‍ വിശുദ്ധ സ്തെഫാനോസിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. “സ്തേഫാനോസ് കൃപാവരവും ശക്തിയും കൊണ്ടു നിറഞ്ഞ് പല അത്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമധ്യത്തില്‍ പ്രവര്‍ത്തിച്ചു.” (അപ്പ. 6, 8). നിസ്സായിലെ വിശുദ്ധ ഗ്രിഗറി, വിശുദ്ധ സ്തെഫാനോസിനെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു, “അദ്ദേഹം വിശ്വസ്തനും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവനുമായിരുന്നു. സന്മനസോടെ അദ്ദേഹം ദരിദ്രരെ സഹായിച്ചു. പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ സ്വതന്ത്രമായി ദൈവവചനം ഘോഷിച്ച അദ്ദേഹത്തോട് വാദപ്രതിവാദത്തില്‍ എതിര്‍ത്തു നില്‍ക്കാന്‍ ശത്രുക്കള്‍ക്കു സാധിച്ചില്ല”.
പ്രാര്‍ത്ഥനാനിരതമായ ജീവിതം നയിച്ചിരുന്ന വിശുദ്ധ സ്തേഫാനോസ് ശ്രേഷ്ഠനായ സുവിശേഷപ്രഘോഷകനായിരുന്നു. കിരീടമെന്നാണ് സ്തെഫാനോ എന്ന പേരിന്‍റെ അര്‍ത്ഥം. സ്വന്തം പേര് അന്വര്‍ത്ഥമാക്കുന്നതുപോലെ രക്തസാക്ഷിത്വമെന്ന കിരീടം ദൈവത്തില്‍ നിന്ന് അദ്ദേഹം സ്വീകരിച്ചു. അപ്പസ്തോലന്‍മാരുടെ നടപടി പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ “അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, സ്വര്‍ഗ്ഗത്തിലേക്കു നോക്കി ദൈവത്തിന്‍റെ മഹത്വം ദര്‍ശിച്ചു”(അപ്പ. 7, 55) . അദ്ദേഹത്തെ കൊല്ലാനായി അവര്‍ കല്ലെറിഞ്ഞപ്പോള്‍ “കര്‍ത്താവേ എന്‍റെ ആത്മാവിനെ കൈക്കൊളളണമേ” (അപ്പ. 7, 59) എന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു. “കര്‍ത്താവേ ഈ പാപം അവരുടെമേല്‍ ആരോപിക്കരുതേ” (അപ്പ. 7, 60) : തന്നെ പീഡിപ്പിക്കുന്നവര്‍ക്കു മാപ്പുനല്‍കണമേയെന്ന് മുട്ടിന്‍മേല്‍ നിന്ന് അദ്ദേഹം ദൈവത്തോടു യാചിച്ചു.

അപ്പസ്തോലന്‍മാരുടെ തലമുറയ്ക്കുശേഷം ക്രൈസ്തവസമൂഹത്തിലെ പ്രഥമഗണനീയരാണ് രക്തസാക്ഷികള്‍. അവരുടെ സാക്ഷൃം വലിയ പീഡനങ്ങളുടെ കാലത്ത് വിശ്വാസികള്‍ക്കു ധൈര്യം പകരുകയും സത്യാന്വേഷികള്‍ക്കു ക്രിസ്തുവിലേക്കു തിരിയുവാന്‍ പ്രചോദനമേകുകയും ചെയ്തു. അതിനാലാണ് കത്തോലിക്കാ സഭ രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ വണങ്ങുന്നതും പുണ്യാത്മാക്കള്‍, വിശ്വാസത്തിന്‍റെ സജീവസാക്ഷികള്‍, നിശബ്ദ സന്ദേശവാഹകര്‍, എന്നീ വിശേഷണങ്ങള്‍ നല്‍കി അവരെ ആദരിക്കുന്നതും.

സ്നേഹമാണ് യഥാര്‍ത്ഥമായ ക്രിസ്ത്വാനുകരണം. നിശബ്ദമായ രക്തസാക്ഷിത്വം എന്ന് ചില ക്രൈസ്തവ ലേഖകര്‍ ഇതിനെ വിശേഷിപ്പിക്കുന്നു. അലക്സാണ്ട്രിയായിലെ വിശുദ്ധ ക്ലെമന്‍റ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “കര്‍ത്താവിന്‍റെ കല്‍പനകള്‍ അനുസരിക്കുകയും ദൈവഹിതപ്രകാരം ജീവിച്ചുകൊണ്ട് തങ്ങളുടെ ഓരോ പ്രവര്‍ത്തിയിലും അവിടുത്തേക്കു സാക്ഷൃം നല്‍കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥത്തില്‍ ദൈവനാമം വിളിച്ചപേക്ഷിക്കുന്നവര്‍”. ആദിമ സഭയിലെന്നപ്പോലെ ഇന്നും ആത്മാര്‍ത്ഥതയോടെ സുവിശേഷാനുസൃതം ജീവിക്കുവാന്‍ ഒരുപക്ഷെ സ്വന്തം ജീവന്‍ പോലും ത്യജിക്കേണ്ടതായി വന്നേക്കാം. ലോകത്തിന്‍റെ പലഭാഗങ്ങളില്‍ അനേകം ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയും ചിലപ്പോള്‍ രക്ഷസാക്ഷിത്വം കൈവരിക്കുകയും ചെയ്യുന്നു. എന്നാല്‍ അവസാനം വരെ പിടിച്ചു നില്‍ക്കുന്നവര്‍ രക്ഷ പ്രാപിക്കുമെന്ന് (മത്താ 10, 22) ക്രിസ്തു നമ്മെ അനുസ്മരിപ്പിക്കുന്നു.








All the contents on this site are copyrighted ©.