2011-12-28 19:48:32

കമ്പോളവത്ക്കരണത്തിന്‍റെ ദീപക്കാഴ്ചയില്‍
ദൈവിക പ്രഭ മങ്ങാതിരിക്കട്ടെ!


28 ഡിസംമ്പര്‍ 2011, വത്തിക്കാന്‍
കമ്പോളവത്ക്കരണത്തിന്‍റെ ദീപക്കാഴ്ചയില്‍ മനുഷ്യാവതാരത്തിന്‍റെ ദൈവിക പ്രഭ മങ്ങിപ്പോകരുതെന്ന് മാര്‍പാപ്പ അനുസ്മരിപ്പിച്ചു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ അര്‍പ്പിച്ച ക്രിസ്തുമസ്സ് ജാഗരപൂജയിലെ വചനപ്രഘോഷണത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. മനുഷ്യമനസ്സുകളില്‍ തങ്ങിനില്കുന്ന ഒരാശയം മാത്രമല്ല ദൈവംമെന്നും, ലോകത്ത് മനുഷ്യരുടെമദ്ധ്യേ അവിടുന്ന് ‘പ്രത്യക്ഷനായ’തിന്‍റെ apperuit മഹോത്സവമാണ് ക്രിസ്തുമസ്സെന്നും മാര്‍പാപ്പ പ്രസ്താവിച്ചു. പൂര്‍വ്വകാലം മുതലേ പ്രവാചകന്മാര്‍വഴിയായി പല കാലങ്ങളിലും പല രീതിയിലും മനുഷ്യരോട് ദൈവം അറിയിച്ച സത്യങ്ങള്‍ അവസാനനാളില്‍ തന്‍റെ പുത്രനായ ക്രിസ്തുവഴി യാഥാര്‍ത്ഥ്യമായതാണ് (ഹെബ്രായര്‍ 1, 1) ക്രിസ്തുമസ്സ് മഹോത്സവത്തിന്‍റെ പൊരുളെന്നും മാര്‍പാപ്പ, ഹെബ്രായരുടെ ലേഖനം ഉദ്ധരിച്ചുകൊണ്ട് തന്‍റെ വചനപ്രഘോഷണത്തില്‍ സമര്‍ത്ഥിച്ചു.

നമുക്കായി ഒരു ശിശു ജനിച്ചിരിക്കുന്നു, പുത്രന്‍ നല്കപ്പെട്ടിരിക്കുന്നു, അവന്‍ വിസ്മയനീയനായ ഉപദേഷ്ടാവായിരിക്കും, ശക്തനായ ദൈവവും സമാധാന രാജാവുമായിരിക്കും എന്ന് ഏശയാ പ്രവാചകന്‍ പഴയനിയമത്തില്‍ പ്രഘോഷിച്ച ഏക ശിശു (ഏശയ്യ 9, 5) ബെതലഹേമില്‍ ജാതനായ ക്രിസ്തുവാണെന്നും അവിടുന്ന് ലോക രക്ഷകനാണെന്നും വത്തിക്കാനിലെ ക്രിസ്തുമസ്സ് ആഘോഷത്തിനെത്തിയ ആയിരങ്ങളോട് മാര്‍പാപ്പ ആഹ്വാനംചെയ്തു. ആര്‍ഭാടങ്ങളുടെയും ആഘോഷങ്ങളുടെയും പിന്നിലുള്ള ദിവ്യശിശുവിനെ കണ്ടെത്തുവാനും തിരിച്ചറിയുവാനും സാധിച്ചെങ്കില്‍ മാത്രമേ, ക്രിസ്തുമസ്സ് വെളിപ്പെടുത്തുന്ന ദിവ്യരഹസ്യത്തിന്‍റെ വിനയവും ലാളിത്യവും ഉള്‍ക്കൊണ്ട്, യഥാര്‍ത്ഥമായ സന്തോഷത്തിലും സമാധാനത്തിലും അത് ആഘോഷിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.