2011-12-24 16:18:40

സുവിശേഷപരിചിന്തനം
ക്രിസ്തുമസ്സ് ജാഗരപൂജ


ലൂക്കാ 2, 1-14
ആനന്ദത്തിന്‍റെ അലകളുയര്‍ത്തിക്കൊണ്ട് ഇതാ ക്രിസ്തുമസ്സ് ആഗതമായിക്കഴിഞ്ഞു. ദൈവം ഇതാ, വീണ്ടും മന്നില്‍ പിറക്കുന്നു. നമ്മെ ഓരോരുത്തരെ കാണുവാനും, നമ്മുടെ അടുക്കലായിരിക്കുവാനുമുള്ള ആഗ്രഹത്തോടെയാണ് അവിടുന്നു വരുന്നത്. നമ്മുടെ മാനുഷികതയെ വലയം ചെയ്തിരിക്കുന്ന അന്ധകാരത്തെ തള്ളിമാറ്റുവാനും അവിടുത്തെ ദിവ്യപ്രകാശത്തിലേയ്ക്ക് നമ്മെ ആനയിക്കുവാനും അവിടുന്ന് വീണ്ടും തിരുപ്പിറവി മഹോത്സവത്തിലൂടെ നമ്മിലേയ്ക്കു വരുന്നു. തിരുപ്പിറവി ആഘോഷിക്കുന്നതുവഴി നമ്മെ ദൈവിക ജീവനിലേയ്ക്കാനയിച്ച മഹത്തായ ദൈവസ്നേഹത്തിന്‍റെ പാത, ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന്‍റെയും, പീഡാസഹനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും പുനരുത്ഥാനത്തിന്‍റെയും രഹസ്യങ്ങളിലൂടെ നമുക്കു തുറന്നു കിട്ടുകയാണ്.

അവിടുത്തെ അമര്‍ത്യതയില്‍ നമ്മെ പങ്കുകാരാക്കാന്‍ തന്‍റെ ദിവ്യത്വം വെടിഞ്ഞ്, ക്രിസ്തു നമ്മുടെ മാനുഷികതയില്‍ പങ്കാളിയായി, എന്നാണ് വിശുദ്ധ അഗസ്റ്റിന്‍ വിവരിച്ചിരിക്കുന്നത്.
ദിവ്യരഹസ്യങ്ങളുടെ സത്തയാണ് ദിവ്യബലി. അത് ക്രിസ്തുമസ്സ് ദിനത്തില്‍ അര്‍പ്പിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവന്‍റെ അപ്പവും നമ്മുടെ രക്ഷയ്ക്കായി ബലിയര്‍പ്പിക്കപ്പെട്ട ദിവ്യകുഞ്ഞാടിനെ സത്യമായും യഥാര്‍ത്ഥമായും നമ്മുടെ ജീവിതങ്ങളില്‍ നമുക്ക് ഈ തിരുനാളില്‍ സ്വീകരിക്കാം.

നമ്മെ മനുഷ്യാവതാര മഹാരഹസ്യത്തിലേയ്ക്ക് നമ്മെ കൂടുതല്‍ അടുപ്പിക്കുകയാണ് മറ്റൊരു ക്രിസ്തുമസ്സ് മഹോത്സവം. ക്രിസ്തുവിന്‍റെ പിറവിയുടെ വാര്‍ഷികം മാത്രമല്ല ക്രിസ്തുമസ്സ്, മനുഷ്യചരിത്രത്തില്‍ മുദ്രിതമായതും ഇന്നും സജീവമാകുന്നതുമായ, ദൈവം മനുഷ്യരോടൊത്തു വസിക്കുകയും (യോഹന്നാന്‍ 1,14) മനുഷ്യരില്‍ ഒരുവനായി തീരികയും ചെയ്യുന്ന മഹോത്സവമാണ്. ആകയാല്‍, മനുഷ്യന്‍റെ വിശ്വാസത്തെ മാത്രമല്ല, അസ്തിത്വത്തെതന്നെയും സ്വാധീനിക്കുന്ന ദിവ്യരഹസ്യത്തിന്‍റെ ആഘോഷമാണിത്. ‘ഇന്ന് നമുക്കായ് രക്ഷകന്‍ പിറന്നു’- ലൂക്കാ 2, 11 എന്ന സ്വര്‍ഗ്ഗീയ സന്ദേശവും സുവിശേഷഭാഗവും, ക്രിസ്തുമസ്സ് ഇന്നലെകളുടെയല്ല, ഇന്നിന്‍റെ മഹോത്സവമാണെന്ന് ഏറ്റുപറയുന്നതാണ്. ഇന്ന് നമുക്കായ് രക്ഷകന്‍ പിറന്നു, എന്ന വചനഭാഗം ആരാധനക്രമത്തില്‍ ആവര്‍ത്തിച്ച് ഉരുവിടുമ്പോള്‍, അത് പാരമ്പര്യത്തിന്‍റെ നിര്‍വികാരമായ പ്രയോഗമല്ല, മറിച്ച് ബെതലഹേമിലെ ആട്ടിടയന്മാരെപ്പോലെ, ക്രിസ്തുവില്‍ അവതാരംചെയ്ത ദൈവത്തെ തിരിച്ചറിയുവാനും, സ്വാഗതംചെയ്യുവാനും അംഗീകരിക്കുവാനുമുള്ള ദൈവിക ആഹ്വാനമാണ്. കാരണം, ക്രിസ്തു ഈ ഭൂമിയില്‍ പിറന്നതും ജീവിച്ചതും മനുഷ്യജീവിതങ്ങളെ നവീകരിക്കുവാനും പ്രകാശിപ്പിക്കുവാനും രൂപാന്തരപ്പെടുത്തുവാനുമാണ്.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സംഭവം എങ്ങിനെ നമുക്ക് ഇന്ന് ഫലപ്രദമായി ആഘോഷിക്കാനും അതില്‍ പങ്കെടുക്കുവാനും സാധിക്കും എന്നത് സ്വാഭാവികമായും ആരുടെയും മനസ്സില്‍ ഉയരാവുന്ന ചിന്തയും ചോദ്യവുമാണ്. “ഇന്നു നമുക്കായ് രക്ഷകന്‍ പിറന്നു,” എന്ന ഉദ്ധരണിയിലെ ഇന്ന്, എന്ന ക്രിയാവിശേഷണം, എന്നും ലോകത്ത് ആഘോഷിക്കപ്പെടുന്ന ക്രിസ്തുമസ്സ് രാവുകളില്‍ ഉരുവിടുമ്പോള്‍, ക്രിസ്തുവിന്‍റെ മനുഷ്യാവതാരംവഴി ഇന്നുമെന്നും ലഭ്യമാകുന്ന ദൈവികരക്ഷയെ പ്രഘോഷിക്കുകയാണ്. അങ്ങനെ സ്ഥലകാല സീമകളെ അതിലംഘിച്ച്, ദിവസങ്ങളും വര്‍ഷങ്ങളും നൂറ്റാണ്ടുകളും താണ്ടി, ക്രിസ്തുവിന്‍റെ പിറവിത്തിരുനാള്‍ ഇന്നിന്‍റേതായി മാറ്റുകയും, അതിന്‍റെ ഫലം ശാശ്വതമായി പരിണമിക്കുകയും ചെയ്യുന്നു.

“നമുക്കായി ഇന്ന് രക്ഷകന്‍ ജനിച്ചിരിക്കുന്നു,” എന്ന പ്രഘോഷണം ഇന്നും എപ്പോഴും അര്‍ത്ഥസമ്പുഷ്ടമാവുകയും, ക്രിസ്തുവിന്‍റെ പിറവി ഇന്നിന്‍റെ ചരിത്രത്തിലേയ്ക്ക് കിനിഞ്ഞിറങ്ങുകയും മനുഷ്യജീവിതങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു.
ബെതലഹേമില്‍ ജാതനായ ശിശുവിലൂടെ ദൈവം മനുഷ്യരോടൊത്തു വസിക്കുന്നുവെന്നും, അവിടുത്തെ സാമീപ്യത്താല്‍ നമ്മുടെ ജീവിതങ്ങളുടെ ഓരോ ഇന്നാളുകളിലും അസ്തമിക്കാത്ത ദൈവികപ്രഭ ഉദിച്ചുയരുകയുമാണ്.

ബെതലഹേമിലെ സംഭവങ്ങള്‍ മൊത്തമായും ക്രിസ്തുവിന്‍റെ രക്ഷാകര രഹസ്യങ്ങളുടെ പശ്ചാത്തലത്തില്‍ കാണേണ്ടതാണ്. ആദ്യന്ത്യമായി നില്കുന്ന ക്രിസ്തുവിന്‍റെ തിരുപ്പിറവിയും
അവിടുത്തെ തിരുമരണവും... രണ്ടു സംഭവങ്ങളും ചേര്‍ന്നാണ് രക്ഷാകര പദ്ധതിയുടെ പൂര്‍ത്തീകരണമുണ്ടാകുന്നത്. ക്രിസ്തുവിന്‍റെ മനുഷ്യാവതാരം നമ്മെ അവിടുത്തെ മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും രഹസ്യങ്ങളിലേയ്ക്ക് എത്തിനോക്കുവാന്‍ ക്ഷണിക്കുന്നുണ്ട്. പുനരുത്ഥാനം പാപത്തിന്‍റെമേലുള്ള ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ വിജയവും, മര്‍ത്ത്യാവതാരത്തിന്‍റെ പ്രഭയും ലോകത്ത് എന്നും വിരിയിച്ചുനിര്‍ത്തുമ്പോള്‍, ക്രിസ്തുമസ്സിലൂടെ ദൈവം മനുഷ്യരൂപമെടുക്കുകയും നമ്മെ ദൈവത്തിങ്കലേയ്ക്കടുപ്പിക്കുകയും ദൈവികത നമുക്ക് ലഭ്യാമാക്കിത്തരുകയും ചെയ്യുന്നു. അങ്ങനെ ക്രിസ്തുമസ്സ് രക്ഷാകര ചരിത്രത്തിന്‍റെ ഉദയമാണ്.
പ്രഭാതം പൊട്ടിവരിഞ്ഞ് ഒരു ദിവസം പ്രഭാപൂരമാക്കപ്പെടുന്നതുപോലെ, ക്രിസ്തുമസ്സ് നാളില്‍ ക്രിസ്തുവിന്‍റെ തിരുമരണത്തിന്‍റെയും പുനരുത്ഥാനത്തിന്‍റെയും മഹത്വം ഈ ലോകത്ത് രക്ഷയുടെ പ്രഭവിരിയിക്കുന്നു.

പെസഹാ രഹസ്യങ്ങളില്‍ പരമകാഷ്ഠയിലെത്തുന്ന രക്ഷാകര പദ്ധതിയുടെ പൂര്‍ണ്ണിമയായിട്ടാണ് ക്രിസ്തുവിന്‍റെ ജനനത്തെ സഭാ പിതാക്കന്മാര്‍ കാണുന്നത്. ആയിട്ടല്ല ദൈവപുത്രന്‍റെ മനുഷ്യാവതാരത്തെ രക്ഷയുടെ പ്രാരംഭമോ ഉപാധിയോ അവര്‍ കാണ്ടത്, മറിച്ച് രക്ഷാകര പദ്ധതിയില്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന ദൈവികസാന്നിദ്ധ്യത്തിന്‍റെ പൂര്‍ണ്ണതയായിട്ടാണ് : ദൈവം മനുഷ്യനായിത്തീരുന്നു, പാപത്തെയും മരണത്തെയും കീഴടക്കാന്‍ അവിടുന്ന മാംസംധരിച്ചു.
മനുഷ്യന്‍റെ ശരീരപ്രകൃതിയില്‍ത്തന്നെ ഒളിഞ്ഞിരിക്കുന്ന പാപത്തെ കീഴ്പ്പെടുത്തുവാന്‍ ദൈവം ഇതാ മാംസംധരിച്ചിരിക്കുന്നു.

സൂര്യവെളിച്ചം ഊറിയെത്തുമ്പോള്‍ ലോകത്തെ ആവരണംചെയ്തിരിക്കുന്ന അന്ധകാരം അപ്രത്യക്ഷമാകുന്നു. അതുപോലെ ദൈവിക സാന്നിദ്ധ്യത്താല്‍ മനുഷ്യന്‍റെ പാപാവസ്ഥ ഇല്ലായ്മചെയ്യപ്പെടുന്നു. അങ്ങനെ മനുഷ്യപ്രകൃതിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പാപത്തിന്‍റെയും മരണത്തിന്‍റെയും ശക്തിയെ ദൈവിക സാന്നിദ്ധ്യം ചിതറിക്കുന്നു.
രാത്രിയുടെ യാമങ്ങളില്‍ കൂരിരുട്ടിനോടൊപ്പം മഞ്ഞും തണുപ്പും ഊര്‍ന്നിറങ്ങുമെങ്കിലും, സൂര്യതാപത്തില്‍ അവ അലിഞ്ഞുപോകുന്നു. അതുപോലെ നീതിസൂര്യനും ദൈവിക പ്രാഭവനും രക്ഷകനുമായ ക്രിസ്തു അവതീര്‍ണ്ണനായതുവരെ തിന്മയും മരണവും ഭൂമുഖത്ത് കുടിയിരുന്നു.

വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ കൊറീന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ 15, 54
അവിടുത്തെ ആഗമനത്തോടെ നശ്വരമായത് അനശ്വരതയെയും, മര്‍ത്യമായത് അമര്‍ത്യതയെയും പ്രാപിച്ചുകഴിഞ്ഞപ്പോള്‍, മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതു യാഥാര്‍ത്ഥ്യമായി.
ക്രിസ്തുമസ്സില്‍ നാം ദൈവസ്നേഹത്തിന്‍റെ ലാളിത്യവും ഊഷ്മളതയും അനുഭവിക്കുന്നതോടെ നമ്മിലുള്ള തിന്മയുടെ ശക്തി അലിഞ്ഞു വീഴും, പരിമിതികള്‍ അപ്രത്യക്ഷമാകുകയും ചെയ്യും.

പൗലോസ് അപ്പസ്തോലന്‍ മനുഷ്യാവതാരത്തെക്കുറിച്ച് വിവരിക്കുന്നത് ഇപ്രകാരമാണ്.
ഫിലിപ്പിയര്‍ 2, 6-7
“ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവിടുന്ന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല, തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന മനുഷ്യനെപ്പോലെ അവിടുന്ന് ഈ ഭൂമുഖത്തു ജീവിച്ചു.” പെസഹാരഹസ്യങ്ങളുടെ ഈ ലോകത്തിലെ വെളിപ്പെടുത്തലുകള്‍ക്കു നാന്നിയായി ദൈവപുത്രന്‍ ബെതലഹേമിലെ പുല്‍ക്കൂടിന്‍റെ വിനയത്തിലേയ്ക്ക് തന്നെത്തന്നെ താഴ്ത്തി. അങ്ങനെ ദൈവ-മനുഷ്യ ബന്ധത്തിന്‍റെ സ്നേഹഗാഥ അതിന്‍റെ ഉച്ചസ്ഥായിലെത്തുന്നത് ബെതലഹേമിലെ ഗുഹയിലും ജരൂസലേമിലെ കല്ലറയിലുമാണ്.


ദൈവം നമ്മുടെ ചാരത്തുണ്ടെന്നും നമ്മുടെ ജീവിതയാത്രിയില്‍ ഉടനീളവും അവിടുന്ന് നമ്മോടൊപ്പം ഉണ്ടെന്നുമുള്ള പ്രത്യാശ കൈവെടിയാതെ നമുക്ക് ഈ ക്രിസ്തുമസ് ആഘോഷക്കാം. ആഘോഷങ്ങള്‍ക്കിടയില്‍ മനുഷ്യന്‍റെ ഹൃദയതന്ത്രികളെ സ്പര്‍ശിക്കേണ്ട ക്രിസ്തുമസ്സിന്‍റെ ആത്മീയത നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കാം. ക്രിസ്തുമസ്സിന്‍റെ ബാഹ്യമായ അടയാളങ്ങളും ആര്‍ഭാടങ്ങളും മനോഹരവും നല്ലതുമാണ്, എന്നാല്‍ അവ നമ്മെ ഒരിക്കലും ഈ മഹോത്സവത്തിന്‍റെ സത്തയായ ചൈതന്യത്തില്‍നിന്നോ അരൂപിയില്‍നിന്നോ അകറ്റുവാന്‍ ഇടയാക്കരുത്. നമ്മുടെ ആനന്ദം ശ്രേഷ്ഠവും മഹത്തരവുമായിരിക്കാന്‍ ഈ ക്രിസ്തുമസ്സിന്‍റെ ശരിയായ അര്‍ത്ഥത്തിലും വിശുദ്ധിയിലും അത് ആഘോഷിക്കുവാന്‍ നമുക്കു സാധിക്കട്ടെ.








All the contents on this site are copyrighted ©.