2011-12-23 16:06:11

ഹാവെലിന്‍റെ നിര്യാണത്തില്‍ മാര്‍പാപ്പയുടെ അനുശോചനം


23 ഡിസംബര്‍ 2011, വത്തിക്കാന്‍
മനുഷ്യാവകാശസംരക്ഷണത്തിനുവേണ്ടി സുധീരം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ചെക്ക് റിപ്പബ്ലിക്കിന്‍റെ മുന്‍ പ്രസിഡന്‍റ് വക്ലാവ് ഹാവെലെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ഹാവെലിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പ്രസിഡന്‍റ് വക്ലാവ് ക്ലാവൂസിന് അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. പൗരാവകാശങ്ങള്‍ ഹനിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് തന്‍റെ ജനത്തിന്‍റെ അവകാശസംരക്ഷണത്തിനായി ഹാവെല്‍ നിലകൊണ്ടതെന്ന് മാര്‍പാപ്പ അനുസ്മരിച്ചു. രാജ്യത്തു പുതിയ ഒരു ജനാധിപത്യ ഭരണസംവിധാനം കൊണ്ടുവരുന്നതിന് ദീര്‍ഘവീക്ഷണത്തോടെ അദ്ധ്വാനിച്ച വക്ലാവ് ഹാവെലിന് മാര്‍പാപ്പ ആദരാജ്ഞലികളര്‍പ്പിച്ചു. ഹാവെലിന്‍റെ നിര്യാണത്തില്‍ ദുഃഖിക്കുന്ന ഏവര്‍ക്കും സാന്ത്വനവും ആത്മീയ ശക്തിയും പകര്‍ന്ന മാര്‍പാപ്പ ചെക്ക് ജനതയ്ക്ക് തന്‍റെ അപ്പസ്തോലികാശീര്‍വാദവുമേകി.

1989 മുതല്‍ 1992വരെ ചെക്കോസ്ലോവാക്യയുടേയും 1993 മുതല്‍ 2003 വരെ ചെക്ക് റിപ്പബ്ലിക്കിന്‍റേയും പ്രസിഡന്‍റായിരുന്ന വക്ലാവ് ഹാവെല്‍, ഡിസംബര്‍ പതിനെട്ടാം തിയതിയാണ് അന്തരിച്ചത്. സംസ്ക്കാരചടങ്ങുകള്‍ ഡിസംബര്‍ ഇരുപത്തിമൂന്നാം തിയതി വെള്ളിയാഴ്ച തലസ്ഥാന നഗരമായ പ്രാഗിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്നു








All the contents on this site are copyrighted ©.