2011-12-22 19:02:26

സാമ്പത്തിക മാന്ദ്യത്തില്‍
ഒളിഞ്ഞിരിക്കുന്ന ധാര്‍മ്മിക മാന്ദ്യം


22 ഡിസംമ്പര്‍ 2011, വത്തിക്കാന്‍
സാമ്പത്തിക മാന്ദ്യത്തിനു പിന്നില്‍ ധാര്‍മ്മിക മാന്ദ്യമാണെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. ഡിസംമ്പര്‍ 22-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാന്‍റെ വിവിധ ഭരണസംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ദ്ദിനാളന്മാരും മെത്രാന്മാരും, വൈദികരും അല്‍മായരുമായി നടത്തിയ ക്രിസ്തുമസ്സ് കൂടിക്കഴ്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പരാമര്‍ശിച്ചത്. ആഗോളതലത്തിലുള്ള സാമ്പത്തിക മാന്ദ്യം യൂറോപ്പിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പ്രഭമങ്ങുന്ന ഈ ഭൂഖണ്ഡത്തിന്‍റെ പ്രതിസന്ധികള്‍ക്കു പിന്നില്‍ ധാര്‍മ്മിക അധഃപതനമാണെന്നും, റോമന്‍ കൂരിയയിലെ തന്‍റെ സഹപ്രവര്‍ത്തകരോട് മാര്‍പാപ്പ പ്രസ്താവിച്ചു. യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള ധാരണ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുന്നതാണ് ജീവിക്കുന്ന വിശ്വാസമെന്നും, എന്നാല്‍ ധാരണകളെ നയിക്കേണ്ട നന്മയുടെ പ്രകാശം ലഭിക്കാതെ വരുന്നതിനാല്‍ മനുഷ്യന്‍ ഇന്ന് കൂടുതല്‍ സ്വാര്‍ത്ഥതയിലേയ്ക്കും അസ്വാതന്ത്ര്യത്തിലേയ്ക്കും വഴുതി വീഴുകയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി.

പ്രഘോഷിക്കപ്പെടുന്ന സുവിശേഷം ജീവിതത്തെ നയിക്കണമെന്നും, സന്ദേശം ജീവിതാനുഭവമാക്കാനുള്ള പരിശ്രമമാണ് നവസുവിശേഷവത്ക്കരണത്തിലൂടെ ഉന്നംവയ്ക്കേണ്ടതെന്നും മാര്‍പാപ്പ വത്തിക്കാന്‍റെ വിവിധ ഓഫിസുകളില്‍ പ്രവര്‍ത്തിക്കുന്നവരോട് ഉദ്ബോധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ തന്‍റെ അപ്പസ്തോലിക യാത്രകളിലും കൂടിക്കാഴ്ചകളിലും അനുഭവവേദ്യമായ സത്യം, മനുഷ്യന്‍റെ ജീവിതപ്രതിസന്ധികള്‍ക്കും യാതനകള്‍ക്കുമപ്പുറം തെളിഞ്ഞു നില്കുന്നത് വിശ്വാസ ധീരതയും ആത്മീയ ചൈതന്യവുമാണെന്നും, അതാണ് പ്രതിസന്ധികളിലും പതറാതെ മുന്നോട്ടു നീങ്ങാനുള്ള കരുത്ത് അവര്‍ക്കു നല്കുന്നതെന്നും മാര്‍പാപ്പ സാക്ഷൃപ്പെടുത്തി. വിവിധ മേഖലകളിലായി സഭാ ശ്രുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന ഏവര്‍ക്കും നന്ദിപറഞ്ഞ മാര്‍പാപ്പ, ആദ്യ ക്രിസ്തുമസ്സ് രാവില്‍ ദൂതന്‍ പ്രഘോഷിച്ച, ‘ദൈവമഹത്വവും ശാന്തിയും’ ഈ ക്രിസ്തുമസ്സ് നാളിലും പങ്കുവയ്ക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.









All the contents on this site are copyrighted ©.