2011-12-21 16:42:17

പാപ്പായുടെ സന്ദര്‍ശനം
ക്യൂബയുടെ
വിശ്വാസ വസന്തം


21 ഡിസംമ്പര്‍ 2011, ക്യൂബ
ക്യൂബയുടെ ‘വിശ്വാസ വസന്ത’മാണ് മാര്‍പാപ്പയുടെ സന്ദര്‍ശനമെന്ന്
റാവൂള്‍ കാസ്ട്രോ ക്യൂബന്‍ പ്രസിഡന്‍റ് പ്രസ്താവിച്ചു. ഡിസംമ്പര്‍ 20-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് 2012 മാര്‍ച്ചു മാസത്തില്‍ അരങ്ങേറുന്ന ബനഡിക്ട് 16-ാമന്‍ പാപ്പായുടെ ക്യൂബയിലേയ്ക്കുള്ള അപ്പസ്തോലിക സന്ദര്‍ശനത്തെക്കുറിച്ച് പ്രസിഡന്‍റ് കാസ്ട്രോ പ്രസ്താവന ഇറക്കിയത്. ഡിസംമ്പര്‍ 10 തിയതി വത്തിക്കാനില്‍ നടന്ന ഔദ്യോഗിക കൂടിക്കാഴ്ചയില്‍ രൂപമെടുത്ത മാര്‍പാപ്പയുടെ സന്ദര്‍ശനം, 12-ാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ ആഘോഷിച്ച ഗ്വാദലൂപ്പിലെ ദൈവമാതാവിന്‍റെ തിരുനാള്‍ ദിവ്യബലിയില്‍ മാര്‍പാപ്പതന്നെയാണ് വചനപ്രഘോഷണമദ്ധ്യേ വെളിപ്പെടുത്തിയത്. ‘സ്നേഹത്തിന്‍റെ പ്രാകാര’മെന്നു വിശേഷിപ്പിക്കപ്പെടുന്ന പരിശുദ്ധ കന്യകാനാഥയുടെ തിരുസ്വരൂപം ക്യൂബാ ദ്വീപിന്‍റെ തീരങ്ങളില്‍ കണ്ടെത്തിയതിന്‍റെ 400-ാം വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് പാപ്പായുടെ അപ്പസ്തോലിക സന്ദര്‍ശനം ഒരുക്കിയിരിക്കുന്നത്. ക്യൂബയുടെ മദ്ധ്യസ്ഥയായ ദൈവമാതാവിന്‍റെ ജൂബിലി ആഘോഷവും പാപ്പായുടെ സന്ദര്‍ശനവും സംഗമിക്കുന്ന ഈ അപൂര്‍വ്വ മുഹൂര്‍ത്തത്തില്‍ മാര്‍പാപ്പായെ ക്യൂബന്‍ ജനത ‘വാത്സല്യത്തോടും ആദരവോടും’കൂടെ സ്വീകരിക്കുമെന്നും പ്രസിഡന്‍റ് കാസ്ട്രോ കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.