2011-12-20 16:53:18

ലോകയുവജനദിനാഘോഷങ്ങള്‍ക്കു ആതിഥ്യമേകാന്‍ ബ്രസീല്‍ ഒരുങ്ങുന്നു


20 ഡിസംബര്‍ 2011, വത്തിക്കാന്‍
2013ാം ആണ്ടിലെ ലോകയുവജനദിനാഘോഷത്തിന് ആതിഥ്യം വഹിക്കാന്‍ ബ്രസീല്‍ ആവേശപൂര്‍വ്വം ഒരുങ്ങുകയാണെന്ന് കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് റെയില്‍ക്കോ. 2013 ജൂലൈ മാസം 23ാം തിയതി മുതല്‍ 28ാം തിയതി വരെ നടക്കുന്ന ലോകയുവജനസമ്മേളനത്തിനു വേദിയാകുന്നത് ബ്രസീലിലെ റിയോ ദി ജനേരിയോയാണ്. യുവജനസംഗമത്തിന്‍റെ പ്രാദേശിക സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്ന പ്രഥമഘട്ട ഒരുക്കങ്ങള്‍ അഭിനന്ദാര്‍ഹമാണെന്ന് ലോകയുവജനദിനത്തിന്‍റെ അന്തര്‍ദേശീയ സംഘാടക ചുമതലയുള്ള അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയില്‍ക്കോ അഭിപ്രായപ്പെട്ടു. പ്രാദേശിക ആസൂത്രണ സമിതിയുമായി റോമില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്കുശേഷം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. മാര്‍പാപ്പ പങ്കെടുക്കുന്ന മുഖ്യപരിപാടികള്‍ക്കും യുവജനങ്ങള്‍ക്കായുള്ള മതബോധനസമ്മേനങ്ങള്‍ക്കും അനുയോജ്യമായ വേദികള്‍ സംഘാടകര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി. ലോകയുവജനദിനാഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങളില്‍ അന്നാട്ടിലെ സാമൂഹ്യാധികാരികളുടെ ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.