2011-12-20 16:53:03

പെന്തക്കൊസ്താ പ്രസ്ഥാനങ്ങള്‍ സഭൈക്യത്തിനു വെല്ലുവിളി – കര്‍ദ്ദിനാള്‍ കോക്ക്


20 ഡിസംബര്‍ 2011, വത്തിക്കാന്‍
പെന്തക്കൊസ്താ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച സഭൈക്യസംരംഭങ്ങള്‍ക്കു വെല്ലുവിളി ഉയര്‍ത്തുന്ന ഘടകങ്ങളിലൊന്നാണെന്ന് ക്രൈസ്തവാക്യൈകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കുര്‍ത്ത് കോക്ക്. ഡിസംബര്‍ പതിനേഴാം തിയതി ശനിയാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ സഭൈക്യസംരംഭങ്ങളുടെ സമകാലിക പുരോഗതിയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. സഭൈക്യത്തിനായുള്ള പരിശ്രമങ്ങളില്‍ ഏതാനും വര്‍ഷങ്ങളായി വന്നിട്ടുള്ള മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയ കര്‍ദ്ദിനാള്‍ കത്തോലിക്കാ വിശ്വാസത്തിന്‍റെ തനിമയെക്കുറിച്ചു കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് പ്രതീക്ഷാജനകമാണെന്ന് അഭിപ്രായപ്പെട്ടു, സഭൈക്യ സംവാദങ്ങള്‍ ഫലപ്രദമാകുന്നതിന് കത്തോലിക്കാസഭയുടെ അസ്തിത്വത്തെക്കുറിച്ചുള്ള വ്യക്തമായ അവബോധം അനിവാര്യമാണ്. ക്രൈസ്തവാക്യൈത്തെക്കുറിച്ചുള്ള ആശയവൈരുദ്ധ്യങ്ങളും ചില ധാര്‍മ്മീക വിഷയങ്ങളില്‍ സഭകള്‍ തമ്മിലുള്ള അഭിപ്രായഭിന്നതയും സഭൈക്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണെന്നും കര്‍ദ്ദിനാള്‍ കോക്ക് പ്രസ്താവിച്ചു.







All the contents on this site are copyrighted ©.