2011-12-17 14:33:29

സുവിശേഷപരിചിന്തനം
18 ഡിസംമ്പര്‍ 2011
ആഗമനകാലം 4-ാം വാരം


വിശുദ്ധ ലൂക്കായുടെ സുവിശേഷം 1, 26-38. ആഗമനകാലം 4B
രക്ഷയുടെ വാഗ്ദാനങ്ങള്‍ ഭൂമിയില്‍ പൂവണിയിക്കാന്‍ സമ്മതം മൂളിയ മറിയത്തെയാണ് ഇന്നത്തെ ആരാധാനക്രമവും സുവിശേഷവും അവതരിപ്പിക്കുന്നത്. ദൈവത്തിന്‍റെ പദ്ധതിയോട് മറിയം കാണിച്ച സമ്പൂര്‍ണ്ണ സമ്മതവും സമര്‍പ്പണവുമാണ് രക്ഷകന്‍റെ അമ്മയാകുവാന്‍ നസ്രത്തിലെ കന്യകയെ യോഗ്യയാക്കുന്നത്. ഒരു പുതിയ ജീവിതക്രമംതന്നെ ലോകത്തു വളരുവാന്‍ മറിയത്തിന്‍റെ സമ്മതം കാരണമാക്കിയെന്നതില്‍ സംശയമില്ല.

പഴയ നിയമകാലത്ത് ഇസ്രയേലിന്‍റെകൂടെ ദൈവം വസിച്ചിരുന്നുവെന്നു
നാം പുറപ്പാടിന്‍റെ ഗ്രന്ഥത്തില്‍ വായിക്കുന്നു. മരുഭൂമിയിലൂടെയുള്ള ക്ലേശപൂര്‍ണ്ണമായ യാത്രയില്‍ രാത്രികാലങ്ങളില്‍‍ അഗ്നിസ്തംഭമായും പകല്‍ മേഘത്തൂണായും ഇസ്രായേലിന്‍റെകൂടെ ദൈവം ഉണ്ടായിരിന്നു.
പുറപ്പാട് 13, 21
അവര്‍ക്ക് രാവും പകലും യാത്രചെയ്യാനാവുംവിധം, പകല്‍ വഴികാട്ടാന്‍‍ മേഘസ്തംഭത്തിലും, രാത്രിയില്‍ പ്രകാശംനല്കാന്‍ അഗ്നിസ്തംഭത്തിലും കര്‍ത്താവ് അവര്‍ക്കുമുന്‍പേ പോയിരുന്നു. പകലുയര്‍ന്ന മേഘസ്തംഭമോ, രാത്രിയിലുദിച്ച അഗ്നിസ്തംഭമോ അവരുടെ മുന്നില്‍നിന്നും ഒരിക്കലും മാറിയില്ല.

മറിയത്തിലൂടെ ഭൂമിലേയ്ക്ക് അവതീര്‍ണ്ണനായ ക്രിസ്തുവിലൂടെ ഇനി. ദൈവം ഇസ്രായേലിനോടു മാത്രമല്ല സകല ജനതകളോടുമൊത്ത്, ഈ പ്രഞ്ചത്തിലും പ്രകൃതിയിലും വസിക്കുന്നു. ക്രിസ്തു സകലരുടെയും രക്ഷകനാണ്. ക്രിസ്തുവില്‍ ദൈവം ഇനി വിദൂരസ്ഥനല്ല, സമീപസ്ഥനാണ്. അവിടെയും ഇവിടെയും ഇടയ്ക്കിടെ പ്രത്യക്ഷനാകുന്നവനല്ല ദൈവം, മനുഷ്യാവതരാത്തോടെ ദൈവം മനുഷ്യകുലത്തിന് ക്രിസ്തുവില്‍ നിത്യസാന്നിദ്ധ്യമായി മാറിയിരിക്കുന്നു – അവിടുന്ന്
ഇമ്മാനുവേല്‍, ദൈവം നമ്മോടുകൂടെ – ആയിരിക്കുന്നു.

മനുഷ്യനിര്‍മ്മിതമായ കൂടാരത്തിലോ ദേവാലയത്തിലോ അല്ല, ദൈവം വസിക്കുന്നത്, മറിച്ച് അവിടുന്ന് ഓരോ മനുഷ്യരിലും അവരുടെ മനസ്സുകളിലും വസിക്കുന്നു.
കൊറീന്തിയര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ പൗലോസ് അപ്പസ്തോലന്‍ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു, അദ്ധ്യായം 6, 19. നിങ്ങളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടെ... മനുഷ്യരോടൊപ്പം വസിക്കുന്ന ദൈവം ഇനി കാര്‍ക്കശ്യക്കാരനായ വിധികര്‍ത്താവല്ല, അവിടുന്ന് കരുണാര്‍ദ്രനായ കര്‍ത്താവും പിതാവുമാണ്. അവിടുന്നു സ്നേഹമാണ്. സ്നേഹിക്കുന്ന ദൈവവും നമ്മുടെ നാഥനും രക്ഷകനുമാണവിടുന്ന്.

തന്‍റെ ധ്യാനങ്ങളില്‍ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളാ മനുഷ്യാവതാര രഹസ്യം വളരെ നാടകീയമായി ചിത്രീകരിക്കുമായിരുന്നു. ഭൂമിയിലെ പാപാവസ്ഥ കണ്ടിട്ട് ദൈവത്തിന് മനുഷ്യരോട് അലിവു തോന്നി. ത്രിത്വത്തിലെ മൂന്നുപേരും - പിതാവും പുത്രനും പരിശുദ്ധാത്മാവും അതിനെക്കുറിച്ച് പരസ്പരം ആലോചിച്ചു.... ആരായിരിക്കും മനുഷ്യകുലത്തെ രക്ഷിക്കുക? രണ്ടാം ആളായ പുത്രന്‍ തമ്പുരാനാണ് അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. എളിമയില്‍ അവിടുന്ന് മനുഷ്യനായി മര്‍ത്ത്യരുടെ ഇടയില്‍ വസിക്കാമെന്നും, അങ്ങനെ അവരെ രക്ഷിക്കാമെന്നുമുള്ള പദ്ധതി പുത്രനായ ദൈവം ഒരുക്കുന്നു. യേശുവിന്‍റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള വിശുദ്ധ ഇഗ്നേഷ്യസിന്‍റെ ലളിതമായ വിവരണമാണിത്.

യേശു, എന്ന വാക്കിനര്‍ത്ഥംതന്നെ ദൈവം രക്ഷികനാകുന്നു, എന്നാണ്. ഇതിന്‍റെ തുടര്‍ക്കഥയായിട്ടാണ് ദൈവകൃപയില്‍ നസ്രത്തിലെ ഇടയകന്യക രക്ഷകന്‍റെ അമ്മയാകുവാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുന്നത്. മറിയത്തിന്‍റെ പക്കലേയ്ക്ക് ദൈവം തന്‍റെ ദൂതനെ അയച്ചു എന്നു തുടങ്ങുന്ന ഇന്നത്തെ സുവിശേഷ ഭാഗം അതു വ്യക്തമായി ചിത്രീകരിക്കുന്നു.

വിശുദ്ധ ലൂക്കായുടെ സുവിശേഷം 2, 26 മുതലുള്ള വാക്യങ്ങള്‍...
ആറാം മാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസ്റത്ത് എന്ന പട്ടണത്തില്‍, ദാവീദിന്‍റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ പക്കലേയ്ക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തു വന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ സ്വസ്തീ! കര്‍ത്താവ് നിന്നോടുകൂടെ!! ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി. എന്താണ്
ഈ അഭിവാദനത്തിന്‍റെ അര്‍ത്ഥം എന്ന് അവള്‍ ചിന്തിച്ചു. ദൂതന്‍ അവളോടു പറഞ്ഞു. മറിയമേ, നീ ഭയപ്പെടേണ്ടാ, ദൈവസന്നിധിയില്‍ നീ കൃപകണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന പേരിടണം. അവന്‍ വലിയവന്‍ ആയിരിക്കും അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്തവ് അവനു നല്കും. യാക്കോബിന്‍റെ ഭവനത്തിന്മേല്‍ അവന്‍ എന്നേയ്ക്കും ഭരണം നടത്തും. അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടായിരിക്കുകയില്ല. മറിയം ദൂതനോടു പറഞ്ഞു. ഇതെങ്ങനെ സംഭവിക്കും. ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍ മറുപടി പറഞ്ഞു. പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്‍റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്ത് ഒരു പുത്രനെ ഗര്‍ഭംധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാദ്ധ്യമായില്ല. മറിയം പറഞ്ഞു, ഇതാ, കര്‍ത്താവിന്‍റെ ദാസി. നിന്‍റെ വചനം എന്നില്‍ നിറവേറട്ടെ.
അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍നിന്നു മറഞ്ഞു.

ദൈവം മനുഷ്യനോടൊത്ത് ഒരു കൂടാരത്തില്‍ വസിച്ചതായി നാം പുറപ്പാടിന്‍റെ ഗ്രന്ഥത്തില്‍ വായിക്കുന്നുണ്ട്. ഇസ്രായേല്‍ മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞ കാലത്ത് ദൈവം അവരോടൊപ്പം കൂടാരത്തില്‍ വസിച്ചു. പിന്നീട് ദാവീദു രാജാവാണ് കൂടാരങ്ങളില്‍ വസിച്ച ദൈവത്തിന് വാഗ്ദത്ത പേടകം The Ark of the Covenant നിര്‍മ്മിച്ചത്.. എന്നാല്‍ ദൈവം അത് ആഗ്രഹിക്കുന്നില്ലെന്ന് പിന്നീടു മനസ്സിലാക്കാന്‍ സാധിക്കും. മനുഷ്യനിര്‍മ്മിതമായ കൂടാരത്തിലോ കൊട്ടാരത്തിലോ വസിക്കുന്നവനല്ല ദൈവം. അവിടുത്തെ സാന്നിദ്ധ്യം എല്ലായിടത്തുമുണ്ട്.
അവിടുന്ന് സര്‍വ്വവ്യാപിയും സര്‍വ്വശക്തനുമാണ്. തന്‍റെ ജനമായ ഇസ്രായേല്‍ യാത്ര ചെയ്തിരുന്നതനുസരിച്ച് അവിടുന്ന് അവരെ അനുയാത്രചെയ്യുന്നുണ്ടായിരുന്നു. മരുഭൂമിയില്‍ അലഞ്ഞുതിരിയേണ്ടിവന്ന ഇസ്രായേല്‍, സദാ കര്‍ത്താവിന്‍റെ സന്നിദ്ധ്യവും സംരക്ഷണവും അനുഭവിക്കുന്നുണ്ട്. ആ സാന്നിദ്ധ്യം ഒരിടത്തുമാത്രമല്ല, എന്നും എവിടെയും എല്ലായിപ്പോഴുമുണ്ടായിരുന്നു.

വാഗ്ദത്തപേടകം സൂക്ഷിക്കുന്നതിനും വണങ്ങുന്നതിനുമായി സോളമന്‍ രാജാവാണ് ഇസ്രായേലിന്‍റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ദേവാലയം പണിതീര്‍പ്പിക്കുന്നത്. ദേവാലയം ദൈവിക സാന്നിദ്ധ്യത്തിന്‍റെ സവിശേഷ അടയാളമായിത്തീരുന്നത് സോളമന്‍റെ കാലത്താണെന്നു പറയാം. മരൂഭൂമിയില്‍ അലഞ്ഞുതിരഞ്ഞ ഇസ്രയേലിനോടൊപ്പം കര്‍ത്താവിന്‍റെ സാന്നിദ്ധ്യം വാഗ്ദത്ത പേടകത്തിന്‍റെ കൂടാരത്തിനു മുകളില്‍ എപ്പോഴും ഒരു മേഘമായി വിരിഞ്ഞുനിന്നുവെന്ന് നാം പുറപ്പാടിന്‍റെ പുസ്തകത്തില്‍ വായിക്കുന്നു. കര്‍ത്താവ് ദാവീദിന്‍റെ ഗോത്രവുമായി ചെയ്തിട്ടുള്ള നിത്യമായ ഉടമ്പടിയുടെ പ്രതീകമായിരുന്ന സ്രായേലിനോടൊപ്പമുള്ള അവിടുത്തെ സാന്നിദ്ധ്യം.

ദാവീദിന്‍റെ ഗോത്രത്തോടു ദൈവം ചെയ്ത വാഗ്ദാനം വളരെ വ്യത്യസ്തമായൊരു ആലയത്തിന്‍റേതായിരുന്നു. ഈ നവമായ ആലയം മറിയമായിരുന്നു. പരിശുദ്ധ ത്രിത്വത്താല്‍ തിരഞ്ഞെടുക്കപ്പെടുകയും വിളിക്കപ്പെടുകയും ചെയ്ത ദൈവത്തിന്‍റെ പുതിയ ആലയം മറിയമായിരുന്നു. നസ്രത്തിലെ കന്യകയായ മറിയമാണ്
പുതിയ നിയമത്തിലെ വാഗ്ദത്തപേടകം.

ദൈവദൂതന്‍റെ പെട്ടന്നുള്ള അരുളപ്പാടില്‍ പരിഭ്രാന്തയായിട്ട് മറിയം ചോദിക്കുന്നുണ്ട്, ഇതെങ്ങനെ സംഭവിക്കും? “പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരും, അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും,” എന്നാണ് ദൂതന്‍ ഉറപ്പുനല്കിയത്. ആവസിക്കും, എന്ന വാക്ക് വളരെ ശ്രദ്ധേയമാണ്.

പുറപ്പാടിന്‍റെ ഗ്രന്ഥത്തിലും ദൈവിക സാന്നിദ്ധ്യം വിവിരിക്കുന്നതിന് ആവസിക്കും എന്ന പദപ്രയോഗംതന്നെയാണ് നടത്തിയിരിക്കുന്നത്. ദൈവത്തിന്‍റെ കരുത്താര്‍ന്ന സാന്നിദ്ധ്യമാണ് മറിയത്തെ അവിടുത്തെ പുതിയ വാഗ്ദത്തപേടകമാക്കുന്നത്. ദൈവം മനുഷ്യായി അവതരിപ്പിച്ചപ്പോള്‍ ഭൂമിയില്‍ ഇടംനല്കിയ രക്ഷയുടെ വാഗ്ദത്തപേടകമായി മറിയം മാറുന്നു.
അങ്ങനെ മറിയത്തിലൂടെ ദാവീദിനോട് കര്‍ത്താവു വാഗ്ദാനംചെയ്ത കാര്യങ്ങള്‍ നിവര്‍ത്തിതമാകുന്നു. പഴയനിയമത്തില്‍ ഇസ്രായേലിന്‍റെ ജീവിതത്തില്‍ അന്തര്‍ലീനമായിരുന്ന ദൈവിക സാന്നിദ്ധ്യം പുതിയ നിയമത്തില്‍ മറിയത്തിലൂടെ യാഥാര്‍ത്ഥ്യമാകുകയും, വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്നു. മറിയത്തിലൂടെ സംജാതമാകുന്നത്, കല്ലും മരവുംകൊണ്ടുള്ള ദേവാലയമല്ല, മറിച്ച് മജ്ജയും മാംസവുമുള്ള ജീവസ്സുറ്റ ആലയമാണ്.

രക്ഷാകര പദ്ധതിയുടെ പൊരുള്‍ ഗ്രഹിക്കുവാനും അതിന്‍പ്രകാരം അനുദിനം ജീവിക്കാനും നമ്മെ സഹായിക്കുന്ന അതുല്യ മാതൃകയാണ് മറിയം. ക്രൈസ്തവ ജീവിതത്തില്‍ രക്ഷകനായ ക്രിസ്തുവിനെ അനുകരിക്കുന്നതിലും ദൈവിക പദ്ധതികളോടു സഹകരിച്ച നമ്മുടെ ജീവിതങ്ങള്‍ അനുദിനം മുന്നോട്ടു നിയിക്കുന്നതിനുമുള്ള അന്യൂനമായ ആത്മീയതയുടെ മാതൃക മറിയം തന്നെയാണ്. ദൈവത്തോട് സമ്പൂര്‍ണ്ണ തുറവികാട്ടിയും, ദൈവഹിതം അനുസരിച്ചും, നിരീക്ഷിച്ചും, കാത്തുപാലിച്ചും, ധ്യാനിച്ചും പ്രാര്‍ത്ഥിച്ചും മുന്നോട്ടു നീങ്ങിയ നസ്രത്തിലെ മേരിയുടെ ജീവിതം എക്കാലത്തും ലോകത്തിന് മാതൃകയാണ്, അനുകരണീയമാണ്.

വ്യഗ്രതയും ധൃതഗതിയുമുള്ള ഇന്നത്തെ നമ്മുടെ ജീവിതങ്ങള്‍, പ്രാര്‍ത്ഥനാപൂര്‍ണ്ണവും ധ്യാനാത്മകവുമായ ചുറ്റുപാടുകളില്‍നിന്നും പറിച്ചു മാറ്റപ്പെട്ടിരിക്കുകയാണ്. മനുഷ്യഹൃദയങ്ങളില്‍ വസിക്കുന്ന ദൈവത്തിങ്കലേയ്ക്കു തിരിയുവാന്‍ സാധിക്കാതെ, അനുദിന ജീവിതത്തിന്‍റെ ബദ്ധപ്പാടുകളില്‍ നാം മുങ്ങിപ്പോകുന്നുണ്ട്. ഉപഭോഗ സംസ്കാരത്തിലൂടെ വസ്തുക്കളിലേയ്ക്കും ലോക സുഖങ്ങളിലേയ്ക്കും തിരിയുന്ന സമൂഹ്യ അന്തരീക്ഷം ചുറ്റും പ്രബലപ്പെട്ടു നില്ക്കുമ്പോള്‍, മനുഷ്യാവതാരംചെയ്ത ദൈവസ്നേഹം നമ്മുടെ അനുദിന ജീവിത സാഹചര്യങ്ങളില്‍ ഒരിക്കല്‍ക്കൂടെ തെളിഞ്ഞു വരുവാന്‍ ഈ ആഗമനകാലവും ആസന്നമാകുന്ന ക്രിസ്തുമസ്സും നമ്മെ ഏവരേയും സഹായിക്കട്ടെ.

മറിയത്തെപ്പോലെ വിശ്വാസപൂര്‍വ്വം ഹൃദയങ്ങള്‍ ദൈവത്തിനായി തുറക്കാം. ദൈവത്തിന്‍റെ മഹിതദാനമായ ജീവിതങ്ങള്‍ സതതം അവിടുത്തേയ്ക്കു സമര്‍പ്പിക്കാം. ദൈവമേ, ഈ ജീവിതങ്ങള്‍ കതിരണിയിക്കാന്‍ അങ്ങു ഞങ്ങളില്‍ വന്നു വസിക്കണമേ, വാഴണമേ.









All the contents on this site are copyrighted ©.