2011-12-15 17:24:20

ദൈവമില്ലാത്തിടത്ത്
അസ്തമിക്കുന്ന
മനുഷ്യത്വം


15 ഡിസംമ്പര്‍ 2011, റോം
ദൈവത്തെ നഷ്ടമായാല്‍ ജീവിതത്തില്‍ മനുഷ്യത്വം അസ്തമിക്കുമെന്ന്, കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാത്തോ, വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് പ്രസ്താവിച്ചു. ഡിസംമ്പര്‍ 17-ാം തിയതി ശനിയാഴ്ച സ്പെയിനിലെ അല്‍മുദേനാ
ഭദ്രാസന ദേവാലയത്തില്‍ നടത്തപ്പെടുവാന്‍ പോകുന്ന 22 ദൈവദാസരുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങിനെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ്
കര്‍ദ്ദിനാള്‍ അമാത്തോ ഇപ്രകാരം പ്രസ്താവിച്ചത്. 1936-ല്‍ സ്പെയിനിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ ചുറ്റുപാടില്‍ അരങ്ങേറിയ ക്രൈസ്തവ പീഡനത്തില്‍ ധീരമായ രക്തസാക്ഷിത്വം വരിച്ച അമലോത്ഭവ നാഥയുടെ സമര്‍പ്പിതര്‍ Oblates of Mary Immaculte എന്ന സന്യാസ സമൂഹത്തിലെ 21 സന്യസ്തരെയും കാന്‍ഡിഡോ കാസ്താന്‍ എന്ന അല്‍മായനെയുമാണ് സ്പെയിനില്‍ ഡിസംമ്പര്‍ 17-ാം തിയതി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് സഭ ഉയര്‍ത്തുന്നതെന്ന് വിശുദ്ധരുടെ നാമകരണ നടപടികളുടെ ഉത്തരവാദിത്വം വഹിക്കുന്ന കര്‍ദ്ദിനാള്‍ അമാത്തോ വിവരിച്ചു. സമൂഹത്തില്‍ നന്മചെയ്യാനും ക്രിസ്തുവിന്‍റെ സുവിശേഷ പ്രഘോഷണത്തിലൂടെ സമാധാനവും സാഹോദര്യവും വളര്‍ത്തുവാനും ഇറങ്ങിപുറപ്പെട്ട നിര‍ദ്ദോഷികളെയാണ് മതവിദ്വേഷികള്‍ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് കര്‍ദ്ദിനാല്‍ അമാത്തോ വ്യക്തമാക്കി. മാന്യതയും വിശ്വാസധീരതയുംകൊണ്ട് ദൈവനിഷേധികളുടെ മനുഷ്യത്വമില്ലായ്മയെ നേരിടുന്നവരാണ് രക്തസാക്ഷികളെന്നും, ധീരരായ ഈ പ്രേഷിതാത്മാക്കളുടെ ജീവനഷ്ടത്തില്‍ സഭാമാതാവിനുള്ള അതിയായ മനോവേദന, ആയിരം അമ്മമാരുടെ രോദനത്തെക്കാള്‍ വലുതാണെന്നും കര്‍ദ്ദിനാള്‍ അമാത്തോ വികാരഭരിതനായി വിശേഷിപ്പിച്ചു.








All the contents on this site are copyrighted ©.