2011-12-14 17:45:10

പുഞ്ചിരിയുടെ
കലാകാരന്
കണ്ണീരോടെ വിട


14 ഡിസംമ്പര്‍ 2011, ഗോവ
പുഞ്ചിരിയുടെ കലാകരാന്‍ മാരിയോ മിരാന്‍റയ്ക്ക് കണ്ണീരോടെ വിടചൊല്ലുകയാണെന്ന്,
ഗോവ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി പ്രസ്താവിച്ചു.
വിശ്വത്തര കാര്‍ട്ടൂണിസ്റ്റ് മാരിയോ മിരാന്‍റയുടെ അന്തിമോപചാര ശുശ്രൂഷകള്‍ ഡിസംമ്പര്‍
12-ാം തിയതി ഗോവയിലെ പനാജിയിലുള്ള ക്രിസ്തു രക്ഷകന്‍റെ ദേവാലയത്തില്‍ നടത്തവെയാണ് ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി ഇപ്രകാരം പ്രസ്താവിച്ചത്.
അഞ്ചു പതിറ്റാണ്ടുകാലം ഭാരതത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ മത സാംസ്കാരിക മേഖലകളിലെ യഥാര്‍ത്ഥ്യങ്ങളെ നര്‍മ്മരസപ്രദമായി തന്‍റെ രചനകളിലൂടെ അവതരിപ്പിച്ചുകൊണ്ട്, ജനങ്ങളില്‍ ധാര്‍മ്മികാവബോധം വളര്‍ത്തിയ കലാകാരനായിരുന്നു മാരിയോ മിരാന്‍റയെന്ന് ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി വിശേഷിപ്പിച്ചു.

ജാതിവിവേചനം, ദാരിദ്ര്യം, അഴിമതി, തുടങ്ങിയ സാമൂഹ്യ തിന്മകളെ
തന്‍റെ കലാസൃഷ്ടികളിലൂടെ സമൂഹത്തിന് ചൂണ്ടിക്കാട്ടിയ മാരിയോയ്ക്ക് ഭാരതസര്‍ക്കാര്‍
1988-ല്‍ പത്മശ്രീ, 2002-ല്‍ പത്മവിഭൂഷന്‍ എന്നീ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
തനിമയാര്‍ന്ന രചനാ ശൈലികൊണ്ടും വിഷയാവതരണ രീതികൊണ്ടും സാമൂഹ്യ തിന്മകളുടെ ഇരുണ്ട മേഖലകളിലേയ്ക്ക് വെളിച്ചംവീശിയ ഈ കലാകാരന്‍ ആഗോളതലത്തില്‍ ഇന്നും കാര്‍ട്ടൂണ്‍ കലയുടെ മുന്‍പന്തിയില്‍ നില്ക്കുന്നുവെന്നും ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി പ്രസ്താവിച്ചു. 1955-ല്‍ ഇന്ത്യയുടെ പ്രഥമ സചിത്ര ബഹുവര്‍ണ്ണ വാരിക Illustrated weekly of India-യിലൂടെ തുടക്കമിട്ട മാരിയോയുടെ കലാസമര്‍പ്പണം, പിന്നീട് Times of Inida, Readers Digest, Indian Express, Economic Times, Femina തുടങ്ങിയ ഭാരതത്തിന്‍റെ വലിയ മാധ്യമങ്ങളിലൂടെ ആഗോള ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. ഡിസംബര്‍ 11-ാം തിയതി ഞായറാഴ്ച വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ഗോവയിലെ സാല്‍സെറ്റിലുള്ള തന്‍റെ വസതിയില്‍ മരണം സംഭവിക്കുംവരെയ്ക്കും മാരിയോ കാര്‍ട്ടൂണിലും ചിത്രരചനയിലും വ്യാപൃതനായിരുന്നു.








All the contents on this site are copyrighted ©.