2011-12-14 17:12:37

ക്രിസ്തുമസ്സ്
ധൂര്‍ത്താവരുത്


14 ഡിസംമ്പര്‍ 2011, ഡബ്ലിന്‍
ഉപഭോഗവും ധാരാളിത്തവും ചുരുക്കി ക്രിസ്തുമസ്സിന്‍റെ യഥാര്‍ത്ഥ അരൂപി ലഭ്യമാക്കണമെന്ന്, കര്‍ദ്ദിനാള്‍ ഷോണ്‍ ബ്രേഡി, അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് ജനങ്ങളെ ഉദ്ബോധിപ്പിച്ചു. ആസന്നമാകുന്ന ക്രിസ്തുമസ്സ് മഹോത്സവത്തിന് ഒരുക്കമായി ഡിസംബര്‍ 11-ാം തിയതി ഞായറാഴ്ച അയര്‍ലണ്ടിലെ എല്ലാ ദേവാലയങ്ങളിലും വായിച്ച സന്ദേശത്തിലാണ്,
അര്‍മാഗ് അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ബ്രേഡി ഇപ്രകാരം ജനങ്ങളോട് ആഹ്വാനംചെയ്തത്. സാമ്പത്തിക മാന്ദ്യവും, അതുമായി ബന്ധപ്പെട്ട പരാധീനതകളും, തൊഴിലില്ലായ്മയും സമൂഹത്തിലും കുടുംബത്തിലും അനുഭവേദ്യമാകുന്ന ഇക്കാലഘട്ടത്തില്‍, ക്രിസ്തുമസ്സ് സമ്മാനങ്ങളുടെയും അലങ്കാരങ്ങളുടെയും പലഹാരങ്ങളുടെയും ധൂര്‍ത്ത് ഇല്ലാതാക്കി, ആദ്യ ക്രിസ്തുമസ്സിന്‍റെ ലാളിത്യത്തിലേയ്ക്ക് പ്രവേശിക്കണമെന്ന് വിശ്വാസ സമൂഹത്തോട് കര്‍ദ്ദിനാള്‍ ബ്രാഡി അഭ്യര്‍ത്ഥിച്ചു.

ദൈവം മനുഷ്യരുമായി രമ്യപ്പെട്ട ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും മഹോത്സവമാണ് ക്രിസ്തുമസ്സെങ്കില്‍, അനുദിന ജീവിതത്തില്‍ രമ്യതയും അനുരഞ്ജനവും ആര്‍ജ്ജിച്ചുകൊണ്ട് ക്രിസ്തുമസ്സ് യാഥാര്‍ത്ഥ്യമാക്കണമെന്ന് കര്‍ദ്ദിനാള്‍ ബ്രേഡി അയര്‍ലണ്ടിലെ എല്ലാ മെത്രാന്മാരുടെയും പേരില്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

2112 ജൂണ്‍ മാസത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ ഡബ്ലിനില്‍ അരങ്ങേറുവാന്‍ പോകുന്ന 50-ാമത് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ, ക്രിസ്തുവും സഹോദരങ്ങളുമായുള്ള കൂട്ടായ്മയുടെ പ്രതീകമാണ് ദിവ്യകാരുണ്യം എന്ന പ്രമേയത്തെക്കുറിച്ചും കര്‍ദ്ദിനാള്‍ ബ്രേഡി ജനങ്ങളെ സന്ദേശത്തിലൂടെ അനുസ്മരിപ്പിക്കുകയുണ്ടായി.








All the contents on this site are copyrighted ©.