2011-12-13 17:27:38

കോംഗോയിലെ തിരഞ്ഞെടുപ്പുഫലം പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്ന് യു.എന്‍ ദൗത്യ സംഘം


13 ഡിസംബര്‍ 2011, ന്യൂയോര്‍ക്ക്
മധ്യാഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ദേശീയ തിരഞ്ഞെടുപ്പുഫലം പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്ന് അന്നാട്ടിലെ യു.എന്‍ സമാധാനസംരക്ഷണ ദൗത്യ സംഘം (United Nations Organization Stabilization Mission in the Democratic Republic of the Congo- MONUSCO) തിരഞ്ഞെടുപ്പു കമ്മീഷനോടാവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന നിരീക്ഷകരുടെ ആരോപണങ്ങള്‍ കമ്മീഷന്‍ ഗൗരവപൂര്‍വ്വം പരിഗണിക്കണമെന്നും ഇക്കാര്യത്തില്‍ കമ്മീഷന് സാങ്കേതിക സഹായം നല്‍കാന്‍ സ്വതന്ത്ര നിരീക്ഷകര്‍ക്കു സാധിക്കുമെന്നും യു.എന്‍ ദൗത്യസംഘം പ്രസ്താവിച്ചു. നവംബര്‍ ഇരുപത്തിയെട്ടാം തിയതി നടന്ന തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട ഫലങ്ങള്‍ ഡിസംബര്‍ ഒന്‍പതാം തിയതിയാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പുഫലപ്രകാരം പ്രസിഡന്‍റ് ജോസഫ് കബില 49% വോട്ടുകളോടെ വിജയം നേടി മൂന്നാം വട്ടവും പ്രസിഡന്‍റ് സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ തിരഞ്ഞടുപ്പില്‍ കൃത്രിമം നടന്നുവെന്ന ശക്തമായ ആരോപണങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഉയരുകയാണ്.
തിരഞ്ഞെടുപ്പുഫലം സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്ന് കിന്‍ഷാഷ അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ല്വരെ മോണ്‍സെങ്ക് പസിന്യാ കുറ്റപ്പെടുത്തി. പരാജിതരായ സ്ഥാനാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍ കോടതി ഇക്കാര്യത്തില്‍ നിക്ഷ്പക്ഷ സമീപനം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.