2011-12-13 17:26:57

ഈസ്റ്ററിനു മുന്‍പ് ക്യൂബയും മെക്സിക്കോയും സന്ദര്‍ശിക്കുമെന്ന് മാര്‍പാപ്പ


13 ഡിസംബര്‍ 2011, വത്തിക്കാന്‍
ഉയിര്‍പ്പു തിരുന്നാളിനു മുന്‍പ് ക്യൂബ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ഗ്വദലൂപ്പെ (Our Lady of Guadalupe) കന്യകാനാഥയുടെ തിരുനാളിനോടനുബന്ധിച്ച് ഡിസംബര്‍ പന്ത്രണ്ടാം തിയതി വത്തിക്കാനില്‍ അര്‍പ്പിച്ച സാഘോഷ ദിവ്യബലിമധ്യേയാണ് മാര്‍പാപ്പ ഇക്കാര്യം പ്രഖ്യാപിച്ചത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഇരുന്നൂറാം സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ചാണ് മാര്‍പാപ്പ ലാറ്റിനമേരിക്കന്‍ ജനതയ്ക്കുവേണ്ടി പ്രത്യേക ദിവ്യബലിയര്‍പ്പിച്ചത്.
ഉറച്ച വിശ്വാസത്തിലും സജീവ പ്രത്യാശയിലും തീക്ഷണമായ ഉപവിയിലും സുവിശേഷവല്‍ക്കരണം നടത്തുവാന്‍ അന്നാടുകളിലെ ജനങ്ങള്‍ക്കു ശക്തിപകരുവാന്‍ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്ന് മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ആഗോളരംഗത്ത് നായകസ്ഥാനത്തേക്കുയരുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസവും സാംസ്ക്കാരീക പൈതൃകവും കാത്തു സംരക്ഷിക്കാന്‍ സാധിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. മനുഷ്യജീവന്‍ ആദരിക്കപ്പെടുന്നതിനും കുടുംബങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും ഇളം തലമുറയ്ക്ക് ഉത്തരവാദിത്വപൂര്‍ണ്ണമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും വേണ്ടി പ്രയത്നിക്കാന്‍ മാര്‍പാപ്പ അവരെ ആഹ്വാനം ചെയ്തു. ദാരിദ്ര്യവും, നിരക്ഷരതയും, അഴിമതിയും നിര്‍മാര്‍ജ്ജനം ചെയ്യാനും അനീതിയും അക്രമവും മയക്കുമരുന്നുകടത്തും ഇല്ലാതാക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളില്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരണമെന്നും പാപ്പ ഉത്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.