2011-12-09 17:25:25

പരിശുദ്ധ മറിയം ദൈവജനത്തിന്‍റെ വിശ്വാസജീവിതത്തില്‍ സഹയാത്രിക


09 ഡിസംബര്‍ 2011, വത്തിക്കാന്‍
ഭൂമിയിലെ തീര്‍ത്ഥാടകരായ ദൈവജനത്തിന് വിശ്വാസജീവിതത്തില്‍ മുന്നേറുവാന്‍ സ്വര്‍ഗ്ഗീയ മാതാവിന്‍റെ മാധ്യസ്ഥം അനിവാര്യമാണെന്ന് മാര്‍പാപ്പ. അമലോല്‍ഭവ തിരുന്നാള്‍ ദിനമായ ഡിസംബര്‍ എട്ടാം തിയതി റോമിലെ സ്പാനിഷ് ചത്വരത്തില്‍ അമലോത്ഭവനാഥയ്ക്ക് പുഷ്പാര്‍ച്ചന നടത്തിയ ശേഷം നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ദൈവവചനവും ദിവ്യകാരുണ്യവും ഏതു പ്രതിസന്ധിയുടെ ഘട്ടത്തിലും സഭയ്ക്കു പ്രകാശവും ശക്തിയും നല്‍കുന്നു. അതുവഴി വിദ്വേഷത്തിന്‍റേയും സ്വാര്‍ത്ഥതയുടേയും പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരായി ദൈവസ്നേഹം ഉറപ്പുനല്‍കികൊണ്ട് സഭ നിലകൊള്ളുന്നു. സ്വന്തം അംഗങ്ങളുടെ തെറ്റുകളാണ് സഭ ഭയപ്പെടേണ്ട ഏക വിപത്ത്. അമലോത്ഭവനാഥ പാപക്കറയില്‍ നിന്നും പൂര്‍ണ്ണമായും വിമുക്തയാണ്. അതുപോലെ കത്തോലിക്കാ സഭയും പരിശുദ്ധയാണെങ്കിലും സഭാംഗങ്ങളുടെ പാപക്കറ സഭയെ മലിനമാക്കുന്നു. അതിനാലാണ് സ്വര്‍ഗ്ഗീയ മാതാവിന്‍റെ പക്കല്‍ ദൈവജനം ആശ്രയം തേടുന്നത്. ഈ ഭൂമിയിലെ യാത്രയില്‍ തങ്ങള്‍ക്കു തുണയായിരിക്കേണമേയെന്നവര്‍ പരിശുദ്ധ മറിയത്തോടപേക്ഷിക്കുന്നു. പ്രത്യാശപൂര്‍വ്വം ക്രൈസ്തവജീവിതത്തില്‍ വിശ്വസ്തരായി തുടരുവാന്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥം തേടുവാന്‍ മാര്‍പാപ്പ സഭാംഗങ്ങളെ ക്ഷണിച്ചു.








All the contents on this site are copyrighted ©.