2011-12-09 17:13:33

ഡിസംബര്‍ 9 – അന്തര്‍ദേശീയ അഴിമതിവിരുദ്ധ ദിനം


09 ഡിസംബര്‍ 2011, ന്യൂയോര്‍ക്ക്
സാമൂഹ്യാര്‍ബ്ബുദമാകുന്ന അഴിമതി ഇല്ലാതാക്കേണ്ടത് എല്ലാവരുടേയും കടമയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുകാര്യദര്‍ശി ബാന്‍ കി മൂണ്‍. അന്തര്‍ദേശീയ അഴിമതി വിരുദ്ധദിനത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് ബാന്‍ കി മൂണിന്‍റെ ഈയാഹ്വാനമുള്ളത്. അസമത്വവും അനീതിയും വളര്‍ത്തിക്കൊണ്ട് സാമൂഹ്യപുരോഗതി തടസ്സപ്പെടുത്തുന്ന അഴിമതി എല്ലാരാജ്യങ്ങളിലുമുണ്ട്. അഴിമതിക്കാരായ വ്യക്തികളും സ്ഥാനപനങ്ങളും വികസനഫണ്ടുകളില്‍ നടത്തുന്ന തിരിമറികളില്‍ നഷ്ടമാകുന്നത് നിര്‍ദ്ദനരുടെ വിദ്യാഭ്യാസവും ആരോഗ്യസുരക്ഷയും ഇതര അടിസ്ഥാനസേവനങ്ങളുമാണ്. അഴിമതിമൂലം ദരിദ്രര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നുണ്ടെങ്കിലും അവരെ നിശബ്ദരാക്കാന്‍ അതിനു കഴിയില്ലെന്നു പറഞ്ഞ മൂണ്‍ സാധാരണക്കാരാണ് അറബുരാജ്യങ്ങളില്‍ അഴിമെതിക്കെതിരേ ശബ്ദമുയര്‍ത്തിക്കൊണ്ട് രംഗത്തിറങ്ങിയതെന്നു ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസംഘടനയുടെ അഴിമതിവിരുദ്ധ ഉടമ്പടി ഇനിയും പ്രാബല്യത്തില്‍ വരുത്താത്ത രാജ്യങ്ങള്‍ ഉടനടി അതിനു തയ്യാറാകണമെന്ന് മൂണ്‍ അഭ്യര്‍ത്ഥിച്ചു. ദേശീയ വികസനപദ്ധതികളില്‍ അഴിമതിവിരുദ്ധ നടപടികള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ലോകരാഷ്ട്രങ്ങളോടാവശ്യപ്പെട്ടു.









All the contents on this site are copyrighted ©.