2011-12-09 17:13:21

ക്യൂബയില്‍ മരിയന്‍ ജൂബിലിവത്സരം


09 ഡിസംബര്‍ 2011, ഹവാന
ക്യൂബന്‍ ജനത പേപ്പല്‍ സന്ദര്‍ശനത്തിനായി ഒരുങ്ങേണ്ടത് സാഹോദര്യത്തിലൂടെയും അനുരജ്ഞനത്തിലൂടെയുമെന്ന് അന്നാട്ടിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതി. കോബ്രെയിലെ ഉപവിയുടെ കന്യകാനാഥയുടെ ദേശീയ തീര്‍ത്ഥാടന വത്സരത്തിന്‍റെ സമാപനത്തോടനുബന്ധിച്ചു പുറത്തിറക്കിയ ഇടയലേഖനത്തിലാണ് മെത്രാന്‍മാരുടെ ഈയാഹ്വാനമുള്ളത്. ‘ഉപവിയുടെ തീര്‍ത്ഥാടകന്‍’ എന്ന ആപ്തവാക്യത്തോടെയാണ് മാര്‍പാപ്പ ക്യൂബന്‍ മണ്ണിലെത്തുന്നതെന്നും ഇടയലേഖനം വെളിപ്പെടുത്തി. ക്യൂബ സന്ദര്‍ശിക്കുവാനുള്ള മാര്‍പാപ്പയുടെ തീരുമാനത്തില്‍ തങ്ങള്‍ക്കുള്ള ആനന്ദം പ്രകടമാക്കിയ മെത്രാന്‍മാര്‍ പേപ്പല്‍ സന്ദര്‍ശനം ക്യൂബന്‍ ജനതയെ വിശ്വാസത്തില്‍ സ്ഥീരീകരിക്കുമെന്നും അഭിപ്രായപ്പെട്ടു. ഒരുവശത്ത് ക്യൂബന്‍ ജനത വിശ്വാസത്തിന്‍റെ ആനന്ദത്തിനായി ദാഹിക്കുന്നുവെന്നും എന്നാല്‍ മറുവശത്ത് ക്യൂബയ്ക്ക് ക്രൈസ്തവസ്നേഹത്തിന്‍റെ ശക്തി അനിവാര്യമായിരിക്കുകയുമാണെന്ന് ഇടയലേഖനം വിശദീകരിച്ചു.
കോബ്രെയില്‍ ഉപവിയുടെ കന്യകാനാഥയുടെ തിരുസ്വരൂപം കണ്ടെത്തിയതിന്‍റെ നാനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 2012 ജനുവരി ഏഴാം തിയതി മുതല്‍ 2013 ജനുവരി അഞ്ചാം തിയതി വരെ മരിയന്‍ ജൂബിലി വര്‍ഷമായി ആചരിക്കുമെന്നും മെത്രാന്‍സമിതി പ്രഖ്യാപിച്ചു.








All the contents on this site are copyrighted ©.