2011-12-06 17:19:35

കാലാവസ്ഥാവ്യതിയാനത്തോടുള്ള പ്രതികരണത്തില്‍ വീഴ്ച്ചവരുത്തുന്നത് ‘ധാര്‍മ്മിക വര്‍ണ്ണവിവേചനം: കര്‍ദ്ദിനാള്‍ റോഡ്രിഗസ്


06 ഡിസംബര്‍ 2011, ഡര്‍ബന്‍
കാലാവസ്ഥാ വ്യതിയാനത്തോട് ഉത്തരവാദിത്വപൂര്‍വ്വം പ്രതികരിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നത് വര്‍ണ്ണവിവേചനത്തിന്‍റെ ധാര്‍മ്മീക രൂപമാണെന്ന് അന്താരാഷ്ട്ര ഉപവി സംഘടനയായ കാരിത്താസിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഓസ്ക്കാര്‍ റോഡ്രിഗസ് മറാഡിഗാ. ഡിസംബര്‍ നാലാം തിയതി ഞായറാഴ്ച ഡര്‍ബനിലെ ഇമ്മാനുവേല്‍ കത്തീഡ്രല്‍ ദേവാലയത്തിലര്‍പ്പിച്ച ദിവ്യബലിമധ്യേ നടത്തിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ ഓസ്ക്കാര്‍ ഈ പരാമര്‍ശം നടത്തിയത്. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവചേനത്തിന്‍റെ കാലഘട്ടത്തിലെ രാഷ്ട്രീയനയങ്ങള്‍ വര്‍ഗ്ഗീയമായ ഭിന്നതകള്‍ സൃഷ്ടിക്കുന്നവയായിരുന്നു, എന്നാല്‍ പരിസ്ഥിതിയേയും ഊര്‍ജ്ജസ്രോതസ്സുകളെയും സംബന്ധിച്ച ഇന്നത്തെ അന്താരാഷ്ട്ര നയങ്ങള്‍ പ്രകൃതിയില്‍ നിന്നും മനുഷ്യനെ ഭിന്നിപ്പിക്കുന്നവയാണെന്ന് കര്‍ദ്ദിനാള്‍ കുറ്റപ്പെടുത്തി.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടി സമ്മേളനം ഈ വിഷയത്തില്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സന്നദ്ധമാകണമെന്ന് കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു. ഭാവിതലമുറയ്ക്കായി ഒരു മെച്ചപ്പെട്ട ലോകം നിര്‍മ്മിക്കുന്നതിനായി ഐക്യദാര്‍ഢ്യത്തോടെ തീരുമാനങ്ങളെടുക്കാന്‍ ഉച്ചകോടി സമ്മേളനത്തിനു സാധിക്കട്ടെയെന്നും കര്‍ദ്ദിനാള്‍ ആശംസിച്ചു.








All the contents on this site are copyrighted ©.