2011-12-06 17:09:27

ആഗമനകാലം ആന്തരീക പരിവര്‍ത്തനത്തിലേക്കു ക്ഷണിക്കുന്നു: മാര്‍പാപ്പ


05 ഡിസംബര്‍ 2011. വത്തിക്കാന്‍

ക്രിസ്തുവിനു വഴിയൊരുക്കാന്‍ വന്ന വിശുദ്ധ സ്നാപകയോഹന്നാന്‍റെ വ്യക്തിത്വത്തെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും വി. മാര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ (മാര്‍ക്കോസ് 1: 1-8) വിവരിക്കുന്നു.

വി. മാര്‍ക്കോസിന്‍റെ വിവരണത്തില്‍ നിന്നും താപസതുല്യമായ ജീവിതമാണ് സ്നാപകയോഹന്നാന്‍ നയിച്ചിരുന്നതെന്നു നമുക്കു മനസിലാക്കാം. “യോഹന്നാന്‍ ഒട്ടക രോമം കൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നു. അരയില്‍ തോല്‍പ്പട്ട ചുറ്റിയിരുന്നു. വെട്ടുകിളിയും കാട്ടു തേനുമായിരുന്നു അവന്‍റെ ഭക്ഷണം”. (മാര്‍ക്ക് 1:6) രാജകൊട്ടാരങ്ങളില്‍ വസിക്കുന്നവരില്‍ നിന്നും മൃദുലവസ്ത്രധാരികളില്‍ നിന്നും വ്യത്യസ്തനാണ് വിശുദ്ധ യോഹന്നാനെന്ന് ക്രിസ്തു തന്നെ ഒരിക്കല്‍ പറയുകയുണ്ടായി. (വി. മത്തായി 11:8). എല്ലാ ക്രൈസ്തവരേയും മിതത്വമെന്ന പുണ്യത്തിലേക്കു ക്ഷണിക്കുന്നതാണ് വിശുദ്ധ സ്നാപകയോഹന്നാന്‍റെ ജീവിത മാതൃക. നമുക്കുവേണ്ടി ദരിദ്രനായി അവതരിച്ച ക്രിസ്തുവിന്‍റെ തിരുപ്പിറവിക്കായി ഒരുങ്ങുന്ന അവസരത്തില്‍ ആത്മസംയമനത്തിലേക്കുള്ള ഈ ക്ഷണത്തിന്‍റെ പ്രാധാന്യമേറുന്നു. “യേശുക്രിസ്തു സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി – തന്‍റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍ വേണ്ടിതന്നെ”.... (2 കൊറീ. 8.9.)

വി. സ്നാപകയോഹന്നാന്‍റെ ദൗത്യം മാനസാന്തരത്തിനുള്ള അനിതരസാധാരണമായ ഒരാഹാന്വമായിരുന്നെന്നു പറയാം. വി.സ്നാപകയോഹന്നാന്‍റെ ജ്ഞാനസ്നാനം നവമായൊരു ചിന്താശൈലിയിലേക്കും പ്രവര്‍ത്തനരീതിയിലേക്കുമുള്ള ക്ഷണമാണ്. ദൈവിക വിധിയെക്കുറിച്ചുള്ള പ്രഘോഷണത്തോട് അത് അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. “എന്നേക്കാള്‍ ശക്തനായവന്‍ എന്‍റെ പിന്നാലെ വരുന്നു, അവന്‍ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ക്കു സ്നാനം നല്‍കും” എന്നു പറഞ്ഞുകൊണ്ട് മിശിഹായുടെ ആസന്നമായ വരവിന് വി. സ്നാപക യോഹന്നാന്‍ സാക്ഷൃം നല്‍കി.
വി. സ്നാപകയോഹന്നാന്‍റെ ആഹ്വാനം മിതത്വമാര്‍ന്ന ജീവിതശൈലിയേക്കാള്‍ ആഴമേറിയതാണ്. ആന്തരീക പരിവര്‍ത്തനത്തിലേക്കാണ് വി. സ്നാപകയോഹന്നാന്‍ നമ്മെ ക്ഷണിക്കുന്നത്. സ്വന്തം തെറ്റുകള്‍ തിരിച്ചറിഞ്ഞ് അത് ഏറ്റു പറയുമ്പോഴാണ് ഈ ആന്തരീക പരിവര്‍ത്തനം ആരംഭിക്കുന്നത്. നമ്മുടെ ജീവിതങ്ങള്‍ സത്യസന്ധമായി വിലയിരുത്തിക്കൊണ്ട് തിരുപ്പിറവിക്കായി നമുക്കൊരുങ്ങാം, അങ്ങനെ നമുക്കുവേണ്ടി സ്വയം എളിയവനും ബലഹീനനുമായ സര്‍വ്വശക്തന്‍റെ പ്രഭാകിരണങ്ങളാല്‍ പ്രകാശിതരാകാം,
നാലു സുവിശേഷകരും വി. സ്നാപകയോഹന്നാന്‍റെ പ്രഭാഷണത്തെക്കുറിച്ചു പ്രതിപാദിക്കുന്നത് ഏശയ്യാ പ്രവാചകന്‍റെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ്. “മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്‍റെ ശബ്ദം കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍. അവന്‍റെ പാത നേരെയാക്കുവിന്‍” (ഏശയ്യാ 40,3)
വിശുദ്ധ മാര്‍ക്കോസ് സുവിശേഷകന്‍, മലാക്കി പ്രവാചകന്‍റെ വാക്കുകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. “ഇതാ നിനക്കു മുന്‍പേ ഞാന്‍ എന്‍റെ ദൂതനെ അയക്കുന്നു, അവന്‍ നിന്‍റെ വഴിയൊരുക്കും” (മലാക്കി 3,1).
ഈ പഴയ നിയമഗ്രന്ഥഭാഗങ്ങള്‍ ദൈവത്തിന്‍റെ രക്ഷാകരകര്‍മ്മത്തെക്കുറിച്ചു പ്രതിപാദിക്കുന്നവയാണ്. മനുഷ്യരക്ഷയ്ക്കായി ആഗതനാകുന്ന ദൈവപുത്രനു വേണ്ടി വാതിലുകള്‍ തുറന്നു നല്‍കുകയും വഴി ഒരുക്കുകയും ചെയ്യാം.
ഒരുക്കത്തിന്‍റെ ഈയാത്ര പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃസഹജമായ മാധ്യസ്ഥതയില്‍ നമുക്കു സമര്‍പ്പിക്കാം. നമ്മോടു കൂടെ വസിക്കാനെത്തുന്ന ദൈവത്തെ - ഇമ്മാനുവേലിനെ - സ്വീകരിക്കാന്‍ നമ്മുടെ ജീവിതങ്ങളും ഹൃദയങ്ങളും നമുക്കൊരുക്കാം.

(ഡിസംബര്‍ നാലാം തിയതി ഞായറാഴ്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം)








All the contents on this site are copyrighted ©.