2011-12-03 17:39:54

സുവിശേഷപരിചിന്തനം
4 ഡിസംമ്പര്‍ 2011
മലങ്കര റീത്ത്


വിശുദ്ധ ലൂക്കാ 1, 67-80
മുംബൈ സന്ദര്‍ശിക്കുന്ന ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ് Gateway of India, എന്ന വാസ്തുഭംഗിയുള്ള വലിയ കമാനം. കപ്പലില്‍ ഇന്ത്യുടെ പശ്ചിമതീരത്ത് എത്തുന്നവര്‍ ആദ്യം കാണുന്നതും, അവര്‍ക്ക് സ്വാഗതമോതുന്നതും ഇന്നും ഈ കമാനമാണ്. ബ്രിട്ടീഷ് ഭാരണകാലത്ത് ഇംഗ്ലണ്ടിലെ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവും രാജ്ഞി മേരിയും 1911-ല്‍ ആദ്യമായി ഇന്ത്യയില്‍ എത്തിയപ്പോള്‍ അവരെ സ്വീകരിക്കാന്‍വേണ്ടി ബ്രിട്ടീഷ് രാജ് പണിതുയര്‍ത്തിയതാണ് ഈ മനോഹരമായ സ്മാരക കമാനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇതുപോലെ മഹത്തുക്കളെയും യുദ്ധവീരന്മാരെയും വിജയികളെയുമൊക്കെ സ്വീകരിക്കാനും അനുസ്മരിക്കാനുംവേണ്ടി പണിതുയര്‍ത്തപ്പെട്ട കമാനങ്ങള്‍ പലതുമുണ്ട്.
മെത്രാനോ മന്ത്രിയോ നമ്മുടെ നാട്ടിലെത്തുമെന്നറിഞ്ഞാല്‍ അവരെ സ്വീകരിക്കാന്‍ അതിഭീമാകാരമായ താല്ക്കാലിക കമാനങ്ങളും, ഫ്ലക്സ് ബാനറുകളും ഉയര്‍ത്തുന്ന പതിവ് ഇന്ന് നമ്മുടെ ഇടയില്‍ സര്‍വ്വസാധാരണമായിരിക്കുന്നു. ഇനി, മുഖ്യമന്ത്രിയോ ഏതെങ്കിലും രാഷ്ട്ര പ്രധാനിയോ ആണ് വരുന്നതെങ്കില്‍ കുണ്ടും കുഴിയുമായിക്കിടക്കുന്ന റോഡുകളും വഴികളും നേരെയാക്കപ്പെടുന്നു, അണഞ്ഞു കിടക്കുന്ന വഴിവിളക്കുകള്‍ തെളിയിക്കുന്നു, കൊടിതോരണങ്ങള്‍ ചാര്‍ത്തുന്നു. എന്തെല്ലാം ഒരുക്കങ്ങളാണ്.

ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നത് ഇതാണ്. സഖറിയായ്ക്കും എലിസബത്തിനും ജനിച്ച കുഞ്ഞ് വലിയവനായിരിക്കുമെന്നും, രക്ഷകന്‍റെ വരവിന് വഴിയൊരുക്കുന്ന മഹാ പ്രവാചകനെയാണ് യോഹന്നാന്‍ എന്നുമാണ്.
മെസ്സിയാനീക പ്രവാചകനായ ഏശയ്യ ക്രിസ്തുവിന് 700 വര്‍ഷങ്ങള്‍ക്കു മുന്നേ വിളിച്ചോതുന്നുണ്ട്,
ഏശയ്യാ പ്രവാചകന്‍ 40, 2f
ഇതാ ഒരു സ്വരം ഉയരുന്നു. മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍. വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന്‍. താഴ്വാരങ്ങള്‍ നികത്തപ്പെടും, മലകളും കുന്നുകളും താഴ്ത്തപ്പെടും. കുന്നും കുഴിയുമായ സ്ഥലങ്ങള്‍ നിരപ്പാകും,. ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും. കര്‍ത്താവിന്‍റെ മഹത്വം വെളിപ്പെടും. മര്‍ത്യരെല്ലാം അത് ഒരുമിച്ചു ദര്‍ശിക്കും.

ബാബിലോണിലെ വിപ്രവാസത്തില്‍നിന്നുമുള്ള ഇസ്രായേല്യരുടെ തിരിച്ചുവരവിന്‍റെ പശ്ചാത്തലത്തിലാണ് ഏശയ്യാ പ്രവാചകന്‍ മിശിഹായെക്കുറിച്ചുള്ള ഗഹനമായ ഉദ്ബോധനങ്ങള്‍ നടത്തിയത്..ക്രിസ്തുവിനു മുന്‍പ് 722-ാമാണ്ടിലാണ് അവരെ അസ്സീറിയാക്കാര്‍ ബന്ധികളാക്കിയത്. ബി. സി. 539-ാമാണ്ടില്‍ പേര്‍ഷ്യന്‍ രാജാവായ സൈറസ്സ് അവരെ മോചിപ്പിച്ചു. മാത്രമല്ല, ഭാഗികമായി യുദ്ധത്തില്‍ തകര്‍ന്നിരുന്ന ജരൂസലേം ദേവാലയം പുനര്‍നിര്‍മ്മിക്കാന്‍വേണ്ട എല്ലാ സഹായങ്ങളും അവര്‍ക്കു ചെയ്തുകൊടുക്കുകയും ചെയ്തു. അങ്ങനെ സൈറസ്സ് രാജാവിനെ യഹൂദര്‍ ഉടനെതന്നെ തങ്ങളുടെ രക്ഷകനായി കണക്കാക്കുവാന്‍ തുടങ്ങി. എന്നാല്‍ അത് താല്ക്കാലികമായിരുന്നു, അധികം നീണ്ടുനിന്നില്ല.

കുന്നുകള്‍ നിരത്തപ്പെടും, താഴ്വാരങ്ങള്‍ ഉയര്‍ത്തപ്പെടും കര്‍ത്താവിന് ഉചിതമായ വഴി ഒരുക്കപ്പെടും എന്നുള്ള ഏശയായുടെ വാക്കുകള്‍ യഥാര്‍ത്ഥവും എന്നന്നേയ്ക്കുമായുള്ള മിശിഹായുടെ, ക്രിസ്തുവിന്‍റെ വരവിനുള്ള തയ്യാറെടുപ്പായിരുന്നു.
ആ രക്ഷകന്‍റെ വരവിന് വഴിയൊരുക്കിയവനാണ് യോഹന്നാന്‍. എലീജാ പ്രവാചകനെപ്പോലെ ഒട്ടകരോമത്തിന്‍റെ കുപ്പായമണിഞ്ഞെത്തുന്ന സ്നാപകയോഹന്നാന്‍ ക്രിസ്തുവിന്‍റെ വരവിന് വഴിയൊരുക്കിയവനും അവിടുത്തെ മുന്നോടിയുമാണ്. എലീജാ രക്ഷകനു മുന്നോടിയായി വരും
എന്ന പ്രവചനവും ഇസ്രായേല്യരെ സംബന്ധിച്ചിടത്തോളം അങ്ങനെ പൂര്‍ത്തീകരിക്കപ്പെടുന്നത് യോഹന്നാനിലാണ്.

യോഹന്നാന്‍റെ ജനനം ജരൂസലേമിനു 7 കിലോമീറ്റര്‍ പടിഞ്ഞാറുള്ള കരിം എന്ന ഗ്രാമത്തിലായിരുന്നു. സഖറിയായുടെ ചാര‍ച്ചക്കാരെയും അയല്‍വാസികളെയും സംബന്ധിച്ചിടത്തോടളം, യോഹന്നാന്‍റെ ജനനം ദൈവിക കാരുണ്യത്തിന്‍റെ ഫലസമൃദ്ധിയായിരുന്നു. അവന്‍റെ ജനനത്തില്‍ അനേകര്‍ ആഹ്ലാദിക്കുമെന്ന വാഗ്ദാനവും അങ്ങനെ നിറവേറി. യോഹന്നാന്‍റെ ജനനത്തില്‍ ദൈവകരം ദര്‍ശിച്ചതുകൊണ്ടാണ്, ഈ ശിശു ആരായിത്തീരും എന്നോര്‍ത്ത് അവര്‍ വിസ്മയിക്കുന്നത്. ഈ ചോദ്യത്തിന് ഉത്തരം നാം സുവിശേഷത്തില്‍ വായിക്കുന്ന സഖറിയായുടെ സ്തുതിപ്പാണ് (ലൂക്കാ 1, 67f).

സഖറിയായുടെ ഗീതം ആരംഭിക്കുന്നത് ദൈവത്തെ സ്തുതിച്ചുകൊണ്ടാണ്.
ഈ ഗീതത്തിന്‍റെ ലത്തീന്‍ പരിഭാഷ ‘ബനദീക്ത്തൂസ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. Benedictus എന്ന വാക്കിന് വാഴത്തപ്പെട്ടവന്‍ എന്നാണ് അര്‍ത്ഥം. സഖറിയാ ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിനെ വാഴ്ത്തുന്നു. ഈജിപ്തിലെ അടിമത്തത്തില്‍നിന്നും ഇസ്രായേലിനെ രക്ഷിച്ച ദൈവം, തന്‍റെ തിരുക്കുമാരനെ മോചനദ്രവ്യമാക്കിക്കൊണ്ട്, വേറൊരു അടിമത്തത്തില്‍നിന്നും, പാപത്തിന്‍റെ അടിമത്വത്തില്‍നിന്നും തന്‍റെ ജനത്തെ രക്ഷിക്കാനായി വീണ്ടും ഇസ്രായേലിനെ സന്ദര്‍ശിച്ചിരിക്കുന്നു, എന്നാണ് സഖറിയാ തന്‍റെ സ്തുഗീതത്തില്‍ വിശദമായി അനുസ്മരിക്കുന്നത്.

അന്നാളില്‍ ഇസ്രായേല്യര്‍ക്കു പതിവായ സ്തുതിവാക്യമായിരുന്നു, ഇസ്രായേലിന്‍റെ ദൈവം വാഴ്ത്തപ്പെട്ടവാനകട്ടെ, എന്നത്. രക്ഷയുടെ ഗുണഭോക്താക്കള്‍ എപ്പോഴും ഇസ്രായേല്‍ ജനമാണ്. ദൈവത്തിന്‍റെ കൃപാസ്പര്‍ശം അനുഭവവേദ്യമായ സഖറിയായാണ് ദൈവത്തെ സ്തുതിക്കുന്നത്. ദൈവം തന്‍റെ ജനത്തിനു രക്ഷകനെ നല്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ശക്തനായ ഒരു രക്ഷകന്‍ വഴിയാണ് രക്ഷ സാധിതമാകുന്നത്. മൃഗങ്ങളുടെ കൊമ്പ് ശക്തിയുടെ പ്രതീകമാണെങ്കില്‍, ഇവിടെ രക്ഷയുടെ കൊമ്പ് ദാവീദുവംശജനായ വാഗ്ദാനംചെയ്യപ്പെട്ട മിശിഹായാണ്. ദൈവം പിതാക്കന്മാര്‍ക്കു നല്കിയ വാഗ്ദാനത്തിന്‍റെ നിറവേറലാണ് ഇവിടെ സംഭവിക്കുന്നത്. തന്‍റെ ദാസനായ ദാവീദിന്‍റെ ഭവനത്തില്‍നിന്ന് ദൈവം ഉയര്‍ത്തുന്ന രക്ഷയുടെ കൊമ്പ് മിശിഹാ, ക്രിസ്തുതന്നെയാണ്.

ഏശയ്യാ തന്‍റെ പ്രവചനങ്ങളില്‍ ഉപയോഗിക്കുന്ന പ്രതീരൂപങ്ങള്‍ക്കെല്ലാം യോഹന്നാന്‍ ഒരാത്മീയ രൂപംനല്കുന്നു, ആഗതനാകുന്ന ക്രിസ്തുവിലുള്ള രക്ഷയെക്കുറിച്ച് വളരെ അടുത്ത് ജനങ്ങളെ അറിയിക്കുന്നത് യോഹന്നാനാണ്. യോഹന്നാന്‍ ജനങ്ങളെ നിരന്തരമായി മാനസാന്തരത്തിലേയ്ക്ക് മാടിവിളിക്കുകയാണ്. ആന്തരിക പരിവര്‍ത്തനത്തിനുള്ള മുറവിളിയാണ് യോഹന്നാന്‍റേത്. വഴികള്‍ നേരെയാക്കുവിന്‍. മാനസാന്തരപ്പെട്ട്, ദൈവത്തിങ്കലേയ്ക്കു തിരിയുവിന്‍. മുന്‍വിധികളുടെ മലകള്‍ നിരത്തിയെടുക്കുവിന്‍. ഈ മുന്‍വിധികളാണ് നമുക്കു ചുറ്റുമുള്ള ദൈവത്തെ ദര്‍ശിക്കുന്നതില്‍ എനിക്കു തടസ്സമായി നില്ക്കുന്നത്. ആസന്നമായിരിക്കുന്ന ദൈവരാജ്യത്തെ തിരിച്ചറിയാന്‍ എനിക്ക് പ്രതിബന്ധമായിരിക്കുന്ന ആത്മീയ അന്ധതയുടെ ഇരുണ്ട താഴ്വാരങ്ങള്‍ നികത്തപ്പെടട്ടെ. എന്നിലുള്ള വളഞ്ഞ ജീവിത മാര്‍ഗ്ഗങ്ങള്‍ നേരെയാക്കപ്പെടട്ടെ.

ഓരോ ക്രൈസ്തവന്‍റെയും വിളിയാണ്, യോഹന്നാനെപ്പോലെ ക്രിസ്തുവിനെ സ്വീകരിക്കാനുള്ള വഴികളൊരുക്കുന്ന പ്രവാചകനാകുക, പ്രവാചകനും രാജാവും പുരോഹിതനുമാകുക. പ്രവാചകനാണ് കര്‍ത്താവിന്‍റെ വചനം ഈ ഭൂമിയില്‍ എത്തിക്കുന്നത്. പുരോഹിതന്‍ തന്‍റെ ജീവിതം ത്യാഗത്തിന്‍റെ ശുശ്രൂഷയാക്കിമാറ്റുന്നു. രാജാക്കന്മാര്‍‍ ദൈവരാജ്യത്തിന്‍റെ സ്വാതന്ത്യവും നീതിയും സമാധാനവും പരത്തുന്നു. നമുക്കൊക്കെ ക്രൈസ്തവ ജീവിതത്തിന്‍റെ രാജാവും പ്രവാചകനും പുരോഹിതനുമാകുവാനുള്ള വെല്ലുവിളി അനുദിനം ജീവിക്കാനാവുമോ... ഇന്നു നാം ചിന്തിക്കേണ്ടതും, അതിനായി പരിശ്രമിക്കേണ്ടതുമാണ്.

കര്‍ത്താവിന്‍റെ വഴിയൊരുക്കുവാന്‍ വിനയത്തിന്‍റെയും തപസ്സിന്‍റെയും ഭാവമാണ് യോഹന്നാന്‍ വെളിപ്പെടുത്തിയത്. ക്രിസ്തുവിന് വഴിയൊരുക്കുക എന്ന തന്‍റെ വ്യക്തമായ റോളില്‍ ക്ലിപ്തമായി ഒതുങ്ങി നിന്നുകൊണ്ട്, യോഹന്നാന്‍ വിനയാന്വിതനായി പറഞ്ഞു, “അവന്‍ വളരണം ഞാന്‍ ചെറുതാവണം.” തന്‍റെ വിനയഭാവത്തിനൊപ്പം ഈ അധികാരത്തിന്‍റെയും കാര്‍ക്കശ്യത്തിന്‍റെ താപസരൂപം കണ്ടതുകൊണ്ട്,... രക്ഷകനാണോ, അതോ ഏലിയായാണോ, മറ്റൊരു പ്രവാചകനാണോ എന്നെല്ലാം മറ്റുള്ളവര്‍ സംശയിച്ചു.
അപ്പോഴും യോഹന്നാന്‍ എളിമയോടെ പറഞ്ഞു, “ഞാന്‍ ഏലിയാ അല്ല, പ്രവാചകനല്ല, വരുവാനിരിക്കുന്ന രക്ഷകനുമല്ല.” എന്നിട്ട് അദ്ദേഹം താന്‍ ആരാണെന്നും വ്യക്തമാക്കി.
“ഞാന്‍ വരുവാനിരിക്കുന്നവന്‍റെ ചെരുപ്പിന്‍റെ വാറ് അഴിക്കാന്‍ പോലും യോഗ്യനല്ല. അവന്‍റെ വഴിയൊരുക്കുന്നവന്‍ മാത്രമാണു ഞാന്‍.” എന്നിട്ട് യോര്‍ദ്ദാന്‍ നദീക്കരയിലൂടെ നടന്നു നീങ്ങിയ ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു, “ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്, ഇതാ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍.” ക്രിസ്തുവനെ ചൂണ്ടിക്കാണിക്കുക എന്ന ദൗത്യവുമായിട്ടാണ് യോഹന്നാനെത്തിയത്.

ക്രിസ്തുവിനെ കാണിച്ചുകൊടുക്കുക, ഓരോ ക്രൈസ്തവന്‍റെയും കടമയാണ്. ക്രിസ്തുവിനെ കാണിച്ചുകൊടുക്കാന്‍ വേണ്ട യോഗ്യത യോഹന്നാന്‍ തന്‍റെ ജീവിതം കൊണ്ടു കാണിച്ചുതരുന്നുണ്ട്. യോഹന്നാനെപ്പോലെ ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങളോട് ക്ലിപ്തതയും വിശ്വസ്തതയും പുലര്‍ത്തിക്കൊണ്ടു വേണം നാമും ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുവാന്‍. സ്വയം അംഗീകരിക്കാനുള്ള കഴിവാണ് അതിന് ആവശ്യം. താന്‍ ആരായിരിക്കുന്നുവെന്നു മനസ്സിലാക്കി, തന്‍റെ കഴിവുകള്‍ക്കൊപ്പം കഴിവുകേടുകളും മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. സ്വയം അംഗീകരിക്കുന്നവര്‍, തന്‍റെ ശക്തിക്കൊപ്പം, ബലക്കുറവും തിരിച്ചറിയുന്നു. സ്വയം അംഗീകരിക്കുന്നവര്‍ക്കാണ് മറ്റുവള്ളവരെ അംഗീകരിക്കാനാവുന്നത്. ഇല്ലാത്തത് ഉണ്ടെന്നു നടിക്കുകയും, അല്പമായുള്ളത് ഊതിവീര്‍പ്പിച്ചു കാണിക്കുകയും ചെയ്യുന്നവര്‍, വ്യാജമായ വ്യക്തിത്വത്തിന്‍റെ ഉടമകളാകുവാന്‍ സാദ്ധ്യതയുണ്ട്. സ്വയം അംഗീകരിക്കാനുള്ള എളിമ നമുക്ക് യോഹന്നാനില്‍നിന്നും പഠിക്കാം.

താണനിലത്തേ നീരോടൂ, എന്നു പറയാറുണ്ടല്ലോ. അതുപോലെ എളിമയും, സ്വയം അംഗീരിക്കുന്ന മനോഭാവവുമുള്ളിടത്തേ കൃപാവരത്തിന്‍റെ ഒഴുക്കും ധാരാളിത്തവും ഉണ്ടാവുകയുള്ളൂ. ആഗതമാകുന്ന ക്രിസ്തുമസ്സ് മഹോത്സവത്തിനൊരുങ്ങുന്ന അനുഗ്രഹത്തിന്‍റെ ദിനങ്ങളാണിവ. ലോകത്തിലവതരിച്ച ദൈവികകൃപയെ ഒരിക്കല്‍ക്കൂടെ നമ്മുടെ ഹൃദയത്തിലും ഭവനങ്ങളിലും സമൂഹങ്ങളിലും സ്വീകരിക്കാന്‍ ഒരുങ്ങാം. സ്നാപകയോഹന്നാന്‍ ആര്‍ത്തുപാടിയ മാനസാന്തരത്തിന്‍റെ ചലനങ്ങള്‍ നമ്മുടെയും ഹൃദയങ്ങളില്‍ അലകള്‍ ഉയര്‍ത്തിയെങ്കിലെ നമുക്കിന്ന് രക്ഷകനെ സ്വീകരിക്കാനാവൂ. മാനസാന്തരത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെ ക്രിസ്തുവിനെ വ്യക്തിജീവിതത്തില്‍ സ്വീകരിക്കുന്നവര്‍ക്ക് അവിടുത്തേയ്ക്ക് സാക്ഷൃമേകാനും സാധിക്കും.

എന്നിലുണ്ടാകുന്ന മാനസാന്തരത്തിന്‍റെയും പരിവര്‍ത്തനങ്ങളുടെയും പ്രകാശമാണ് മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടത്. വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയും നമ്മുടെ സാന്നിദ്ധ്യംകൊണ്ടും ക്രിസ്തു നമ്മുടെ ജീവിത മേഖലകളില്‍ അവതരിക്കണം. അവിടുത്തെ ദൃശ്യമാക്കാനും അനുഭവവേദ്യമാക്കാനും നമുക്കീ ക്രിസ്തുമസ്സ് നാളുകളില്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. ആഗമനകാലത്തിലെ ഇനിയുമുള്ള ദിനങ്ങളില്‍ നമുക്ക് ആത്മാര്‍ത്ഥമായി ഒരുങ്ങാം, ക്രിസ്തുവിനെ നമ്മുടെ ജീവിതങ്ങളില്‍ സ്വീകരിക്കാം.









All the contents on this site are copyrighted ©.