2011-12-02 18:20:30

വിശ്വാസ സാക്ഷൃം സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ - മാര്‍പാപ്പ


02 ഡിസംബര്‍ 2011, വത്തിക്കാന്‍
സാമൂഹ്യപരിഷ്ക്കരണത്തിനായി ക്രൈസ്തവര്‍ നൂറ്റാണ്ടുകളായി നല്‍കിവരുന്ന സംഭാവനകള്‍ മനുഷ്യനായി അവതരിച്ച ദൈവപുത്രനോടുള്ള പ്രത്യുത്തരമാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. പരസ്നേഹവും, അനുരജ്ഞനവും ശത്രുവിനെപ്പോലും സ്നേഹിക്കാനുള്ള ഹൃദയവിശാലതയുമില്ലാതെ സമാധാനത്തില്‍ ജീവിക്കാന്‍ മനുഷ്യസമൂഹത്തിന് സാധ്യമല്ലെന്ന് രക്ഷകനായ ക്രിസ്തുവിന്‍റെ ശിഷ്യര്‍ തിരിച്ചറിയുന്നുവെന്നും പാപ്പ പറഞ്ഞു. അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍റെ വാര്‍ഷിക പൊതുസമ്മേളനത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കമ്മീഷന്‍ അംഗങ്ങള്‍ക്കു അനുവദിച്ച പ്രത്യേക കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. സമ്മേളത്തിന്‍റെ സമാപനദിനമായ ഡിംസബര്‍ രണ്ടാം തിയതി വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച്ച.
പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവര്‍ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കു കാരണമായ വിശ്വാസസത്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കണം. അതുവഴി ക്രൈസ്തവവിശ്വാസത്തിനു സാക്ഷൃം നല്‍കാനും യേശുക്രിസ്തുവിലുള്ള വിശ്വാസത്തില്‍ സ്വയം വളരാനും അവര്‍ക്ക് സാധിക്കുമെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.