2011-11-29 15:35:01

ഹൈന്ദവ- ക്രൈസ്തവ സംവാദവേദി ഇംഗ്ലണ്ടില്‍


29 നവംബര്‍ 2011,
ലണ്ടന്‍ദേശീയ ഹൈന്ദവ- ക്രൈസ്തവ സംവാദവേദിക്ക് ഇംഗ്ലണ്ടില്‍ ആരംഭം കുറിച്ചു. ആംഗ്ലിക്കന്‍ ക്രൈസ്തവ സഭയുടെ ആഭിമുഖ്യത്തിലാരംഭിച്ച സംവാദവേദിയുടെ ഉത്ഘാടനം നവംബര്‍ ഇരുപത്തിമൂന്നാം തിയതി കാന്‍റബറി മെത്രാപ്പോലീത്തായുടെ ഔദ്യോഗിക വസതിയായ ലാബെത് കൊട്ടാരത്തില്‍ നടന്നു. കാന്‍റബറി അതിരൂപതാധ്യക്ഷനും ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്ലൃംസും ഹിന്ദുമതാചാര്യന്‍ ശ്രീ ശ്രുതി ധര്‍മ്മദാസും സംയുക്തമായി സംവാദവേദിയുടെ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. വിജയിക്കേണ്ട ഒരു കേളിയല്ല മതാന്തര സംവാദം. അന്യരുടെ ജീവിതവീക്ഷണവും പ്രയത്നങ്ങളും ആഴത്തിലറിയാനും ആദരിക്കാനും നമ്മെ സഹായിക്കുന്ന മാര്‍ഗ്ഗമാണതെന്ന് ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്ലൃംസ് ചടങ്ങില്‍ പ്രസ്താവിച്ചു.
2001ാം ആണ്ടു മുതല്‍ ഹൈന്ദവ- ക്രൈസ്തവ സംവാദങ്ങള്‍ അന്നാട്ടില്‍ ആരംഭിച്ചെങ്കിലും ഇപ്പോഴാണത് ദേശീയ സംവാദവേദിയായി ഉയര്‍ത്തെപ്പെട്ടത്. ഓക്സ്ഫോര്‍ഡ് പഠനകേന്ദ്രം ഈയിടെ പുറത്തിറക്കിയ “ഹൈന്ദവ- ക്രൈസ്തവ ബന്ധത്തിലെ പാലങ്ങളും കടമ്പകളും” ( 'Bridges and Barriers to Hindu Christian Relations') എന്ന പഠന റിപ്പോര്‍ട്ടും ഈ നടപടിക്കു പ്രചോദനമേകിയെന്ന് കാന്‍റബറി അതിരൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.








All the contents on this site are copyrighted ©.