2011-11-29 15:34:12

ഡിസംബര്‍ 4 - മുല്ലപ്പെരിയാര്‍ ദിനം


29 നവംബര്‍ 2011, കൊച്ചി
മുല്ലപ്പെരിയാര്‍ ഡാമിന്‍റെ തകര്‍ച്ചാ ഭീഷണിയില്‍ കഴിയുന്ന 35 ലക്ഷം ജനങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കത്തോലിക്കാ സഭ 2011 ഡിസംബര്‍ നാലാം തിയതി ഞായറാഴ്ച മുല്ലപ്പെരിയാര്‍ ദിനമായി ആചരിക്കുമെന്ന് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതി (കെ.സി.ബി.സി). ഞായറാഴ്ച കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും ദിവ്യബലിയര്‍പ്പിക്കപ്പെടുന്ന സ്ഥാപനങ്ങളിലും മുല്ലപ്പെരിയാര്‍ പ്രശ്നം സമാധാനമാര്‍ഗ്ഗത്തിലൂടെ അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതിന് പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തപ്പെടുമെന്നും ഇരുപത്തിയൊന്‍പതാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താപ്രസ്താവനയില്‍ മെത്രാന്‍മാരുടെ സമിതി അറിയിച്ചു. അപകട ഭീഷണിയില്‍ കഴിയുന്ന ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ 35 ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും, കേരളത്തിലേയും തമിഴ്നാട്ടിലേയും ജനങ്ങള്‍ തമ്മിലുള്ള സ്നേഹത്തിനും ഐക്യത്തിനും കോട്ടം വരാതെ പ്രശ്നം പരിഹരിക്കുവാന്‍ സാധിക്കണമെന്നും, കെ.സി.ബി.സി ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.