2011-11-28 17:39:05

ലെബനീസ് പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു


28 നവംബര്‍ 2011, വത്തിക്കാന്‍
ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഇരുപത്തിയെട്ടാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ വച്ച് മാര്‍പാപ്പ പ്രധാനമന്ത്രിയുയമായി കൂടിക്കാഴ്ച്ച നടത്തി. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് പ്രധാനമന്ത്രി നജീബ് മിക്കാത്തി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വത്തിക്കാന്‍റെ വിദേശ കാര്യാലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ച് ബിഷപ്പ് ഡൊമ‍െനിക്ക് മെംബേര്‍ത്തി എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തി.
ക്രൈസ്തവരും മുസ്ലീമുകളും പരസ്പരാദരവോടെ ജീവിക്കുന്ന ലെബനോന്‍ മധ്യപൂര്‍വ്വദേശത്തിനും ലോകത്തിനു തന്നെയും നല്‍കുന്ന മാതൃകയെക്കുറിച്ച് കൂടിക്കാഴ്ച്ചാ വേളയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. ആഭ്യന്തര പ്രശ്നങ്ങളും അന്താരാഷ്ട്ര തലത്തിലുള്ള വെല്ലുവിളികളും ഫലപ്രദമായി നേരിടാന്‍ രാഷ്ട്രീയ സ്ഥിരതയും പൊതുസ്ഥാപനാധികാരികളുടെ ഒത്തൊരുമയും രാജ്യത്തെ സഹായിക്കുമെന്ന് കൂടിക്കാഴ്ച്ചയില്‍ പ്രത്യാശ പ്രകടിപ്പിക്കപ്പെട്ടു.
സിറിയയില്‍ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടുവെന്ന് പരിശുദ്ധ സിംഹാസനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. നീതിയിലും അനുരജ്ഞനത്തിലും അടിയുറച്ച്, മനുഷ്യവ്യക്തിയെ ആദരിക്കുകയും അവന്‍റെ അടിസ്ഥാനാവകാശങ്ങള്‍ മാനിക്കുകയും ചെയ്യുന്ന സമാധാനപൂര്‍ണ്ണമായ സഹജീവനത്തിനായി ഏവരും പരിശ്രമിക്കേണ്ടത് അടിയന്തരാവശ്യമാണ്. ഈ സാഹചര്യത്തില്‍ ക്രൈസ്തവര്‍ ഐക്യത്തിന്‍റേയും സമാധാനത്തിന്‍റേയും സാക്ഷികളായി തുടരേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ചയില്‍ വിലയിരുത്തപ്പെട്ടു.








All the contents on this site are copyrighted ©.