2011-11-28 17:39:52

മാതാപിതാക്കള്‍ കുട്ടികളുടെ നന്മയ്ക്കു മുന്‍തൂക്കം നല്‍കുക : ആര്‍ച്ച് ബിഷപ്പ് ചുള്ളിക്കാട്ട്


28 നവംബര്‍ 2011, ന്യൂയോര്‍ക്ക്
മക്കളുടെ നന്മയ്ക്കു മുന്‍തൂക്കം നല്‍കികൊണ്ട് അവരുടെ കഴിവുകളും അഭിരുചികളും വളര്‍ത്തിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സീസ്സ് അസ്സീസി ചുള്ളിക്കാട്ട്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ അറുപത്താറാം സമ്മേളനത്തില്‍ പെണ്‍കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചു നടന്ന ചര്‍ച്ചയിലാണ് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ച് ബിഷപ്പ് ചുള്ളിക്കാട്ട് ഈ പ്രസ്താവന നടത്തിയത്. ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗനിര്‍ണ്ണയം, പെണ്‍ശിശുഹത്യ, നിര്‍ബ്ബന്ധിത വിവാഹം, സ്ത്രീകളുടെ ജനനേന്ദ്രിയ പരിച്ഛേദനം തുടങ്ങിയവയ്ക്കെതിരേ ഐക്യരാഷ്ട്ര സംഘടന സ്വീകരിച്ച നിലപാടുകള്‍ ആര്‍ച്ച് ബിഷപ്പ് സ്വാഗതം ചെയ്തു.
കൃത്രിമഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളോട് കത്തോലിക്കാ സഭയുടെ എതിര്‍പ്പ് വ്യക്തമാക്കിയ ആര്‍ച്ച് ബിഷപ്പ് കുടുംബാസൂത്രണത്തിന്‍റെ ഭാഗമായോ എയിഡ്സ് രോഗപ്രതിരോധനത്തിനോ ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനോടും സഭ വിയോജിക്കുന്നുവെന്നും പ്രസ്താവിച്ചു.








All the contents on this site are copyrighted ©.