2011-11-28 17:38:32

പരിസ്ഥിതിസംരക്ഷണ ദൗത്യം ഏറ്റെടുത്തിരിക്കുന്ന യുവജനങ്ങള്‍ക്ക് മാര്‍പാപ്പയുടെ പിന്തുണ


28 നവംബര്‍ 2011, വത്തിക്കാന്‍
പരിസ്ഥിതി സംരക്ഷണത്തിന് യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. “പ്രകൃതി സഹോദരി” (Fondazione Sorella Natura) എന്നറിയപ്പെടുന്ന ഇറ്റാലിയന്‍ പ്രകൃതി സംരക്ഷണ സംഘടനയുടെ ഏഴായിരത്തോളം അംഗങ്ങള്‍ക്ക് വത്തിക്കാനില്‍ അനുവദിച്ച പ്രത്യേക കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഈയാഹ്വാനം നടത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ ആദ്ധ്യാത്മികദര്‍ശനം ആധാരമാക്കി അസ്സീസി പട്ടണത്തില്‍ ആരംഭിച്ച ഈ സംഘടനയുടെ ആത്മീയ പൈതൃകത്തെക്കുറിച്ചും പാപ്പ കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിച്ചു. ദൈവീക നന്മയുടെ സ്തുതിഗീതകങ്ങള്‍ ആലപിക്കുന്ന ഒരു മനോഹരഗ്രന്ഥമായി പ്രകൃതിയെ ദര്‍ശിക്കാന്‍ വിശുദ്ധ ഫ്രാന്‍സീസ്സ് നമ്മെ പഠിപ്പിച്ചു. താന്‍ സ്ഥാപിച്ച ആശ്രമങ്ങളില്‍ അടുക്കളതോട്ടത്തിന്‍റെ ചുമതല നിര്‍വ്വഹിച്ചിരുന്നവരോട് തോട്ടത്തിന്‍റെ ഒരു ഭാഗം പൂച്ചെടികള്‍ക്കായി മാറ്റിവെയ്ക്കണമെന്നും, വിടര്‍ന്നു പരിലസിക്കുന്ന പുഷ്പങ്ങള്‍ കാണുന്ന വഴിയാത്രക്കാര്‍ മനോഹരമായ ഈ സൃഷ്ടികളുടെ സ്രഷ്ടാവിനെക്കുറിച്ചു ധ്യാനിക്കാന്‍ ഇടയാകുമെന്ന് വിശുദ്ധ ഫ്രാന്‍സീസ് പറഞ്ഞിരുന്നുവെന്നും മാര്‍പാപ്പ തദ്ദവസരത്തില്‍ അനുസ്മരിച്ചു.

ശാസ്ത്രസാങ്കേതിക കണ്ടുപിടുത്തങ്ങളെ ആദരിക്കുന്ന സഭ അതോടൊപ്പം എല്ലാ സൃഷ്ടികളിലും സ്രഷ്ടാവായ ദൈവത്തിന്‍റെ സ്പര്‍ശമാണ് ദര്‍ശിക്കുന്നത്. ദൈവത്തിന്‍റെ സഹകാരിയാണ് താനെന്ന വസ്തുത വിസ്മരിക്കുന്ന മനുഷ്യന്‍ നശീകരണപ്രവര്‍ത്തികളിലേക്കു വഴുതി വീഴുന്നു. മനുഷ്യനേയും പ്രകൃതിയേയും ആദരിക്കുന്നവര്‍ വ്യക്തിയിയും പ്രപഞ്ചത്തിലും വസിക്കുന്ന സ്രഷ്ടാവായ ദൈവത്തെയും അവിടുത്തെ സൃഷ്ടികളെയും ആദരിക്കുന്നുവെന്നും പാപ്പ പറഞ്ഞു. പരിസ്ഥിതിക്ക് അനുയോജ്യമായ ഉത്തരവാദിത്വമുള്ള ജീവിത ശൈലി പിന്തുടരാന്‍ യുവജനങ്ങള്‍ക്കു പരിശീലനം നല്‍കണമെന്ന് മാതാപിതാക്കളെയും അദ്ധ്യാപകരെയും പാപ്പ ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.