2011-11-26 18:10:44

മ്യാന്‍മറില്‍ ക്രിയാത്മകമായ രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍


26 നവംബര്‍ 2011, മ്യാന്‍മാര്‍
ക്രിയാത്മകമായ രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ക്കു മ്യാന്‍മര്‍ സാക്ഷൃം വഹിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് ചാള്‍സ് മൗംഗ് ബോ. രാജ്യത്തിന്‍റെ വികസപദ്ധതികളില്‍ പങ്കുചേരാന്‍ മതനേതാക്കളെ ക്ഷണിക്കുകയും എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യസംരക്ഷണം ഉറപ്പുനല്‍കുകയും ചെയ്യുന്ന സര്‍ക്കാരിന്‍റെ പുതിയ നടപടികള്‍ പ്രതീക്ഷാജനകമാണെന്ന് ആര്‍ച്ച് ബിഷപ്പ് ബോ അഭിപ്രായപ്പെട്ടു. അന്നാട്ടിലെ കത്തോലിക്കാ മെത്രാന്‍മാരുടെ ദേശീയ സമിതിയുടെ പൊതുകാര്യദര്‍ശിയും തലസ്ഥാനത്തെ യാന്‍ഗോന്‍ അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബോ, ഇരുപത്തിനാലാം തിയതി വ്യാഴാഴ്ച ഫീദെസ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാരിന്‍റെ പുതിയ പരിഷ്ക്കരണ നടപടികളെക്കുറിച്ച് സംസാരിച്ചത്. 2014ാം ആണ്ടില്‍ ആസിയാന്‍ (ASEAN) സമ്മേളനത്തിനു വേദിയാകുന്നതും, അദ്ധ്യക്ഷപദം വഹിക്കുന്നതും, രാജ്യം കൂടുതല്‍ അന്താരാഷ്ട്ര ശ്രദ്ധനേടാന്‍ കാരണമായിട്ടുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ വികസനത്തിനായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാ സഭാംഗങ്ങള്‍ സന്നദ്ധരാണെന്ന് ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബോ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.