2011-11-26 18:18:48

കത്തോലിക്കാ സര്‍വ്വകലാശാലകള്‍ സഭയുടെ പ്രേഷിത ദൗത്യത്തിനു സാക്ഷൃം നല്‍കണം: മാര്‍പാപ്പ


26 നവംബര്‍ 2011, വത്തിക്കാന്‍
കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളാല്‍ പ്രചോദിതരാകുന്ന യുവജനങ്ങള്‍ക്ക് തങ്ങളുടെ സതീര്‍ത്ഥ്യര്‍ക്കിടയില്‍ ക്രിസ്തുവിനോടും അവിടുത്തെ സഭയോടുമുള്ള സ്നേഹം വളര്‍ത്താന്‍ സാധിക്കുമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് ആദ് ലീമിന സന്ദര്‍ശനത്തിനായി റോമിലെത്തിയിരിക്കുന്ന മെത്രാന്‍മാരുടെ സംഘവുമായി ഇരുപത്തിയാറാം തിയതി ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടെയാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. സഭയുടെ പ്രേഷിത ദൗത്യത്തിന്‍റെ നവീകരണത്തിനു സാക്ഷൃം വഹിക്കാന്‍ കത്തോലിക്കാ സര്‍വ്വകലാശാലകള്‍ക്കു സാധിക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. അമേരിക്കന്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മതനിരപേക്ഷകത കത്തോലിക്കാ വിശ്വാസികളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. സാമൂഹ്യ ചിന്താധാരയുടെ സ്വാധീനം മൂലം സഭയോട് അവര്‍ക്കുള്ള ഐക്യം ക്രമേണ ദുര്‍ബ്ബലമായി വരുകയാണ്. ഈ സാഹചര്യത്തില്‍ വിശ്വാസജീവിതത്തിന്‍റെ ആന്തരീക നവീകരണം അത്യന്താപേഷിതമാണ്.
പൊതുജീവിതത്തില്‍ സഭയുടെ ശബ്ദം നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും സമകാലിക ലോകത്തിലെ പ്രതിസന്ധികള്‍ നേരിടുവാന്‍ കത്തോലിക്കാസഭയുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ അന്വേഷിക്കുന്ന അനേകരുണ്ടെന്ന് മാര്‍പാപ്പ മെത്രാന്‍മാരെ അനുസ്മരിപ്പിച്ചു. ആനുകാലിക വെല്ലുവിളികളോടു പ്രതികരിക്കാന്‍ മെത്രാന്‍മാര്‍ നടത്തുന്ന ശ്രമങ്ങളെ പാപ്പ പ്രോത്സാഹിപ്പിച്ചു.

2008ല്‍ അമേരിക്കയിലേക്കു നടത്തിയ അപ്പസ്തോലിക സന്ദര്‍ശനം പാപ്പ തന്‍റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. വൈദീകരാന്‍ ലൈംഗിക പീഡനങ്ങള്‍ക്കിരകളായവരുടെ അവസ്ഥ മനസിലാക്കാനും, വൈദീകര്‍ക്കെതിരേ ആരോപിക്കപ്പെടുന്ന ലൈംഗിക പീഡനകേസുകള്‍ സുതാര്യതയോടെ യഥാവിധം കൈകാര്യം ചെയ്തുകൊണ്ട് സഭയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സഭാധ്യക്ഷന്‍മാരെ ആഹ്വാനം ചെയ്യുകയും അന്നത്തെ തന്‍റെ സന്ദര്‍ശനത്തിന്‍റെ പ്രഥമ ലക്ഷൃമായിരുന്നുവെന്ന് പാപ്പ പറഞ്ഞു.
പ്രസ്തുത സന്ദര്‍ശനവേളയില്‍ നവസുവിശേഷവല്‍ക്കരണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അമേരിക്ക തിരിച്ചറിയണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.