2011-11-25 17:10:24

പീഡനങ്ങളില്‍
പതറില്ലെന്ന്
കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്


25 നവംമ്പര്‍ 2011, കൊച്ചി
പീഡനങ്ങളില്‍ പതറാതെ സ്നേഹത്തിന്‍റെയും നീതിയുടെയും സമാധാനത്തിന്‍റെയും സുവിശേഷം പ്രഘോഷിക്കുമെന്ന്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് പ്രസ്താവിച്ചു. നവംമ്പര്‍ 24-ാം തിയതി വ്യാഴാഴ്ച കൊച്ചിയിലെ റിന്യൂവല്‍ സെന്‍ററില്‍ ആരംഭിച്ച കത്തോലിക്കാ സഭയുടെ അജപാലന സമിതിയായ Catholic Council of India-യുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് അദ്ധ്യക്ഷതവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു, സമ്മേളനത്തിന്‍റെ പ്രസിഡന്‍റും മുമ്പൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാല്‍ ഗ്രേഷ്യസ്. ജാതിമത ഭേദമെന്യേ ജനങ്ങളുടെയും രാഷ്ട്രത്തിന്‍റെയും നന്മ ലക്ഷൃംവയ്ക്കുന്ന സഭ, പീഡനങ്ങളെ വകവയ്ക്കാതെ ക്രിസ്തു സ്നേഹത്തില്‍ അധിഷ്ഠിതമായി, പുരോഗമനപരമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാകുമെന്ന്, ത്ധാര്‍ഖണ്ഡിലെ പാക്കൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സിസ്റ്റര്‍ വത്സാ ജോണിന് ആദരാഞ്ജ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്
കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു.

സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്ത സമ്മേളനത്തില്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മെത്രാന്മാരും, വൈദികരും, സന്ന്യസ്തരും അല്‍മായരുമായി 200-ലേറെ പ്രതിനിധികള്‍ സന്നിഹിതരാണ്.
‘ഭാരതത്തിന്‍റെ വളര്‍ച്ചയില്‍ സഭയുടെ പങ്ക്’ എന്ന പ്രമേയവുമായി ചേര്‍ന്നിരിക്കുന്ന സമ്മേളനം നവംമ്പര്‍ 27-ാം തിയതി ഞായറാഴ്ച സമാപിക്കും.









All the contents on this site are copyrighted ©.