“യേശുക്രിസ്തു”നിരോധിത ലിസ്റ്റില്‍: ക്രൈസ്തവ പ്രതിഷേധം ശക്തം
22 നവംബര്‍ 2011, ലാഹോര്‍ എസ്.എം.എസ് സന്ദേശങ്ങളില്‍ യേശുക്രിസ്തുവിന്‍റെ പേര് ഉപയോഗിക്കാന്‍
പാടില്ലെന്ന പാക്കിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്‍റെ നിര്‍ദ്ദേശത്തോട് അന്നാട്ടിലെ
ക്രൈസ്തവര്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിക്കുന്നു. മൊബൈല്‍ ഫോണുകളിലൂടെ അയക്കുന്ന സന്ദേശങ്ങളില്‍
അശ്ലീലമോ അസഭ്യമോ ഉപദ്രവകരമോ ആയ പദങ്ങള്‍ നിരോധിക്കുന്നതിന്‍റെ ഭാഗമായി പുറത്തിറക്കിയ
1600 നിരോധിത പദങ്ങളുടെ ലിസ്റ്റിലാണ് യേശുക്രിസ്തുവിന്‍റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
പ്രാദേശിക മാധ്യമങ്ങള്‍ വെളിപ്പെടുത്തി. ഏഴു ദിവസങ്ങള്‍ക്കകം നിരോധനം നടപ്പിലാക്കണമെന്നാണ്
മൊബൈല്‍ കമ്പനികള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ക്രിസ്തുവിന്‍റെ പേര് നിരോധിത
ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യാന്‍ കത്തോലിക്കാ സഭ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം
ചെലുത്തുമെന്ന് ദേശീയ മെത്രാന്‍സമിതിയുടെ സാമൂഹ്യസമ്പര്‍ക്കമാധ്യമവിഭാഗം കാര്യദര്‍ശി
ഫാ. ജോണ്‍ സക്കീര്‍ നാദീം ഫീദെസ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.
എന്തുകൊണ്ടാണ് ലിസ്റ്റില്‍ ക്രിസ്തുവിന്‍റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും
ഫാദര്‍ നാദീം പറഞ്ഞു. ക്രൈസ്തവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഈ നിരോധനം പ്രാബല്യത്തില്‍
വന്നാല്‍ അത് രാജ്യത്തിന്‍റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായിരിക്കുമെന്നും അദ്ദേഹം
മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ എത്രയും വേഗം തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും ഫാദര്‍ നാദീം പറഞ്ഞു.