2011-11-19 19:56:58

സുതാര്യമായ ഭരണകൂടം
ജനങ്ങളുടെ സ്വപ്നമെന്ന് മാര്‍പാപ്പ


19 നവംമ്പര്‍ 2011, ബെനീന്‍
ആഫ്രിക്കയെന്ന പേരിനോട് ‘പ്രത്യാശ’യെന്ന പദം ചേര്‍ക്കുവാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന
എന്‍റെ അങ്കോളാ സന്ദര്‍ശനത്തിലും africae munus, the gift of africa ആഫ്രിക്കയുടെ ദാനം എന്ന പേരില്‍ പ്രകാശനംചെയ്യപ്പെടാന്‍ പോകുന്ന അഫ്രിക്കന്‍ സിനഡിന്‍റെ പ്രമാണരേഖയിലും, ഇന്നാടിനും ഇവിടത്തെ ജനങ്ങള്‍ക്കും ഉണ്ടായിരിക്കേണ്ട പ്രത്യാശയെക്കുറിച്ച് ഞാന്‍പ്രതിപാദിക്കുന്നുണ്ട്. വാക്കുകളുടെ ഒരലങ്കാര പ്രയോഗം മാത്രമല്ലിത്, ഇന്നാടിനെക്കുറിച്ചുള്ള എന്‍റെ മാത്രമല്ല, ആഗോളസഭയുടെയും ബോധ്യമാണിത്.

തെറ്റായ അപഗ്രഥനങ്ങളും വിശദീകരണങ്ങളുംകൊണ്ടും മുന്‍വിധികളാലും നമ്മുടെ മനസ്സ് അന്ധമാക്കപ്പെടുകയും അടഞ്ഞിരിക്കുകയുമാണ്. ഇന്നാടിനെക്കുറിച്ച് വളരെ തെറ്റായ ധാരണകളാണ്, അതുകൊണ്ട് നാം വളര്‍ത്തിയിരിക്കുന്നത്. ഒരു വിധികര്‍ത്താവിന്‍റെയോ ധര്‍മ്മപാലകന്‍റെയോ മനോഭാവത്തോടെ തീര്‍പ്പുകളില്‍ എത്തിച്ചേരാനോ, അത് അവസാനം നിങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു നരവംശശാസ്ത്രജ്ഞന്‍റെ ശൈലിയില്‍ ആഫ്രിക്കയിലെ സമൃദ്ധമായ പ്രകൃതി വിഭവങ്ങളെക്കുറിച്ചോ, സംശയാസ്പദമാകുന്ന ലക്ഷൃങ്ങള്‍ക്കായി ചൂഷണംചെയ്യപ്പെടുന്ന ജനങ്ങളെക്കുറിച്ചോ വിശകലനംചെയ്യാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം ഇതെല്ലാം അവസാനം അനാദരപൂര്‍വ്വവും നിരര്‍ത്ഥകവുമായ ഇന്നാടിന്‍റെയും ഇവിടത്തെ ജനങ്ങളുടെയും വസ്തു-വീകരണത്തിലേയ്ക്കും പ്രശ്നങ്ങളുടെ ലഘൂകരണത്തിലേയ്ക്കും മാത്രമേ നമ്മെ നയിക്കുകയുള്ളൂ.

വാക്കുകളുടെ അര്‍ത്ഥം സ്ഥലകാലങ്ങളില്‍ ആനുപാതീകമാണെന്ന് എനിക്കറിയാം,
എന്നിരുന്നാലും, ‘പ്രത്യാശ’ എന്ന പദത്തിന് എല്ലാ സംസ്കാരങ്ങളില്‍ ഒരേക ഭാവമുണ്ട്. ക്രിസ്തീയ പ്രത്യാശയെക്കുറിച്ച് ഒരു ചാക്രികലേഖനം ഞാന്‍ പ്രസിദ്ധീകരിച്ചത് ഓര്‍ക്കുന്നുണ്ടാകാം. പ്രത്യാശയെക്കുറിച്ചുള്ള പ്രതിപാദനം ഭാവിയെ സൂചിപ്പിക്കുന്നതാണ്, അങ്ങനെയെങ്കില്‍ അത് ദൈവത്തെയും സൂചിപ്പിക്കുന്നു. ഭാവികാലം എപ്പോഴും ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും പരാമര്‍ശിക്കുന്നതാണ്. നേടിയ വിജയങ്ങളുടെയും സംഭവിച്ച പരാജയങ്ങളുടെയും ഓര്‍മ്മയാണ് ഭൂതകാലമെങ്കില്‍, വര്‍ത്തമാനകാലം - ഇന്ന് ഇവിടെ ദൈവസാഹയത്തില്‍ ആശ്രയിച്ച് ജീവിക്കാനുള്ള സമയമാണ്. ജീവിതത്തിലെ നന്മ-തിന്മകളുടെയും വൈരുദ്ധ്യങ്ങളുടെയും സമ്മിശ്രണത്തിലും നാം ദൈവത്തില്‍ പ്രത്യാശ അര്‍പ്പിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ പരിശ്രമിക്കേണ്ടതാണ്.

നമുക്കു പ്രചോദനം നല്കാവുന്ന ഒരനുഭവത്തിന്‍റെ വെളിച്ചത്തില്‍, അഫ്രിക്കയിലെ രണ്ടു യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് നിങ്ങളോടു പങ്കുവയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്ന് ഇന്നാടിന്‍റെ സാമൂഹ്യ-രാഷ്ട്രീയ- സാമ്പത്തിക അവസ്ഥയും, രണ്ടാമത്തേത് ഇതര
മതങ്ങളുമായുള്ള ബന്ധവും സംവാദവുമാണ്. ഈ രണ്ടു മേഖലകളും നമ്മെ എല്ലാവരെയും ആകുലപ്പെടുത്തുന്നതുമാണ്, കാരണം ഈ മേഖലകളിലാണ് മനുഷ്യര്‍ ഈ നൂറ്റാണ്ടില്‍ ഏറെ വേദനയനുഭവിക്കുന്നതും, അവരുടെ പ്രത്യാശ അറ്റുപോകുന്നതും.

മതപരവും വംശീയവുമായ സ്വാതന്ത്യം നേടി, ഭൗതിക സുരക്ഷിതത്വത്തിലും നേട്ടങ്ങളുടെ കൂട്ടായ്മയിലും ജീവിക്കാന്‍ ഈ അടുത്തകാലത്ത് ധാരാളം സമൂഹങ്ങള്‍ പരിശ്രമിച്ചിട്ടുണ്ട്. ആഫ്രിക്കാ ഭൂഖണ്ഡത്തില്‍ത്തന്നെ അങ്ങനെ ഒരു രാഷ്ട്രം പിറവിയെടുത്തിട്ടുമുണ്ട്. മനുഷ്യന്‍റെ അന്ധതയിലും രാഷ്ട്രീയ സമൂഹ്യ സാമ്പത്തിക സ്വാര്‍ത്ഥതയിലുമാണ്, മനുഷ്യാന്തസ്സിനെയും അടിസ്ഥാന സ്വഭാവത്തെയും അവഹേളിച്ചുകൊണ്ടുള്ള ധാരാളം സംഘര്‍ഷങ്ങള്‍
ഈ ലോകത്ത് മുളയെടുത്തിട്ടുള്ളത്. മനുഷ്യര്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ട്. അവരുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ട ആഹാരവും പാര്‍പ്പിടവും നല്ല വിദ്യാലയങ്ങളും, അവരില്‍ രോഗികളായവരെ പരിചരിക്കുന്നതിന് നല്ല ആശുപത്രികളും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. അവരുടെ അന്തസ്സ് ആദരിക്കപ്പെടാനും, സുതാര്യമായി തങ്ങളെ ഭരിക്കുന്നതുമായ ഒരു ഭരണകൂടവും അവരുടെ സ്വപ്നമാണ്. സര്‍വ്വോപരി അവര്‍ നീതിയും സമാധാനവും ആഗ്രഹിക്കുന്നു.

എന്നാല്‍ അനീതിയും അഴിമതിയും ആര്‍ത്തിയും അപവാദങ്ങളും ഇക്കാലഘട്ടത്തിന്‍റെ മുഖമുദ്രയായിരിക്കുകയാണ്. അക്രമവും അധര്‍മ്മവും അസത്യവും മനുഷ്യനെ ദുരിതങ്ങളിലേയ്ക്കും ദാരുണമായ മരണ ഗര്‍ത്തത്തിലും കൊണ്ടെത്തിക്കുന്നു.
ഞാന്‍ സൂചിപ്പിച്ച ഈ തിന്മകള്‍ നിങ്ങളുടെ ഭൂഖണ്ഡത്തെയും ലോകം മുഴുവനെയും ബാധിക്കുന്നുണ്ട്. ജനങ്ങളുടെ പേരില്‍ രാഷ്ട്രപ്രതിനിധികള്‍ എടുക്കുന്ന രാഷ്ട്രീയ സാമ്പത്തിക തീരുമാനങ്ങള്‍ സുതാര്യമായിരിക്കുവാനും അവയെക്കുറിച്ച് അറിഞ്ഞിരിക്കുവാനും ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഈ മേഖലകളില്‍ നടക്കുന്ന തിരിമറികളെക്കുറിച്ച് ജനങ്ങള്‍ അറിയുമ്പോഴുണ്ടാകുന്ന പ്രതികരണങ്ങള്‍ പലപ്പോഴും അക്രമാസക്തമാണ്.
നല്ല ഭരണ സംവിധാനങ്ങളുടെ ഭാഗമായിരിക്കുവാന്‍ ജനങ്ങള്‍ക്ക് സന്തോഷമാണ്. ഇതുകൊണ്ടു തന്നെയാണ് മഹത്തായ മാനവീകതയ്ക്കും മനുഷ്യാന്തസ്സിനുംവേണ്ടിയുള്ള ന്യായമായ മുറവിളി ലോകത്തിന്‍റെ പലേ ഭാഗത്തും ഇന്ന് മുഴങ്ങി കേള്‍ക്കുന്നത്. തന്‍റെ അന്തസ്സ് ആദരിക്കപ്പെടാനും സ്ഥാപിക്കപ്പെടാനും മനുഷ്യന്‍ എപ്പോഴും ആഗ്രഹിക്കുന്നു. അതുകൊണ്ട് പ്രസക്തവും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങളിലും തീര്‍പ്പുകളിലും രാഷ്ട്രപ്രതിനിധികള്‍ക്ക് ജനങ്ങളെ മാറ്റിനിര്‍ത്താനാവാത്ത ഒരവസ്ഥാന്തരത്തില്‍ ഇന്ന് നാം എത്തിച്ചേര്‍ന്നിട്ടുണ്ട്.








All the contents on this site are copyrighted ©.