2011-11-19 20:33:09

സത്യത്തില്‍ വിരിയുന്ന
ദൈവകൃപ


19 നവംമ്പര്‍ 2011, ബെനീന്‍
കാരുണ്യനാഥയെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള പരിശുദ്ധ ദൈവമാതാവിന്‍റെ ഭദ്രാസന ദേവാലയത്തില്‍ ആലപിച്ച Te Deum എന്ന സ്തോത്രഗീതത്തിലൂടെ നാം നന്ദിനിറഞ്ഞ
മനസ്സോടെ ത്രിയേക ദൈവത്തെയാണ് സ്തുതിച്ചത്. ഒരിക്കലും അസ്തമിക്കാത്ത പ്രഭപോലെ നമ്മില്‍ ചൊരിയപ്പെടുന്ന ദൈവീക കാരുണ്യത്തോട് എന്നും നന്ദിയുള്ളവരായിരിക്കാം.
രക്ഷകനായ ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിലൂടെയും അവിടുത്തെ പെസഹാ രഹസ്യങ്ങളിലൂടെയും പരമകാഷ്ഠയിലെത്തുന്ന രക്ഷാകര ചരിത്രം ദൈവീക കാരുണ്യത്തിന്‍റെ പ്രഭയാര്‍ന്ന വെളിപാടാണ്. പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവും കരുണയുടെ പിതാവും, സകല സമാശ്വാസത്തിന്‍റെയും ദൈവവുമായവന്‍, 2 കൊറി. 1, 3. ധൂര്‍ത്തപൂത്രരായ നമ്മുടെ മാനുഷികവും ധാര്‍മ്മികവുമായ എല്ലാ ദുരവസ്ഥകളിലും അവിടുത്തെ കാരുണ്യം സമൃദ്ധമായി ചൊരിയുന്നുണ്ട്. ദൈവത്തിന്‍റെ കൃപ അല്ലെങ്കില്‍ കാരുണ്യം അടങ്ങിയിരിക്കുന്നത് പാപമോചനത്തില്‍ മാത്രമല്ല, മനുഷ്യര്‍ നശിച്ചു പോകാതിരിക്കാന്‍, ചിലപ്പോള്‍ ക്ലേശങ്ങിലൂടെയും കഷ്ടതകളിലൂടെയും നമ്മെ സത്യത്തിന്‍റെ പ്രകാശത്തിലേയ്ക്കു നയിക്കുന്നതും ദൈവകൃപയാണ്, കാരുണ്യമാണ്.

ദൈവകൃപയും അതിന്‍റെ ദിവ്യരഹസ്യങ്ങളും ഏറ്റവും അധികം അറിഞ്ഞിട്ടുള്ളത് പരിശുദ്ധ കന്യകാ മറിയമാണ്. ദൈവത്തെ ഭയപ്പെടുന്നവരുടെമേല്‍ അവിടുത്തെ കാരുണ്യം തലമുറകളോളം ഉണ്ടായിരിക്കുമെന്ന്, മറിയം തന്‍റെ സ്ത്രോത ഗീതത്തില്‍ ആലപിക്കുന്നുണ്ട്, ലൂക്കാ 1, 50.
തന്‍റെ ദൈവീക പദ്ധതിയോടുള്ള സമ്പൂര്‍ണ്ണ സമ്മതത്തിലൂടെയാണ് ദൈവകൃപ ക്രിസ്തുവിലൂടെ മാനവരാശിക്ക് സംലബ്ധമായത്. ഈ അര്‍ത്ഥത്തിലാണ് നാം മറിയത്തെ കാരുണ്യത്തിന്‍റെ അമ്മയെന്ന് വിളിക്കുന്നത്. തന്‍റെ നിരവധിയായ മാദ്ധ്യസ്ഥ്യത്തിലൂടെ മറിയം ഇന്നും മാനവരാശിയ്ക്ക് നിത്യസഹായിയും കാരുണ്യത്തിന്‍റെ അമ്മയുമായി വിരാചിക്കുന്നു.










All the contents on this site are copyrighted ©.