2011-11-17 14:36:35

പേപ്പല്‍ പര്യടനം ആഫ്രിക്കന്‍ ജനതയ്ക്കു പ്രോത്സാഹനം നല്‍കാന്‍ : ഫാദര്‍ ലൊംബാര്‍ഡി


15 നവംബര്‍ 2011, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആഫ്രിക്കന്‍ രാജ്യമായ ബെനിനിലേക്കു നടത്തുന്ന ത്രിദിന പര്യടനം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനു മുഴുവന്‍ പ്രോത്സാഹനം നല്‍കുമെന്ന് വത്തിക്കാന്‍ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ഡി പ്രത്യാശപ്രകടിപ്പിച്ചു. നവംബര്‍ മാസം പതിനെട്ടാം തിയതി മുതല്‍ ഇരുപതാം തിയതി വരെ മാര്‍പാപ്പ ബെനിനിലേക്കു നടത്തുന്ന പര്യടനത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഫാദര്‍ ലൊംബാര്‍ദി. ആഫ്രിക്കന്‍ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമുള്ള മാര്‍പാപ്പ അവ ക്രിയാത്മകമായി വിലയിരുത്തുന്നു. നീതിയിലും സമാധാനത്തിലും അനുരജ്ഞനത്തിലും അധിഷ്ഠിതമായ സമഗ്രമാനവ വികസനത്തിനായി പ്രയത്നിക്കാന്‍ പേപ്പല്‍ പര്യടനം ആഫ്രിക്കന്‍ ജനതയ്ക്കു പ്രചോദനമേകുമെന്നും ഫാദര്‍ ലൊംബാര്‍ദി അഭിപ്രായപ്പെട്ടു. പര്യടനവേളയില്‍ മാര്‍പാപ്പ ‘ആഫ്രിക്ക മുനുസ്’ എന്ന സിനഡാന്തര അപ്പസ്തോലിക പ്രബോധനത്തില്‍ ഒപ്പുവയ്ക്കും. പ്രബോധനത്തിന്‍റെ ഒരു പ്രതി ആഫ്രിക്കയിലെ മുപ്പത്തയഞ്ച് ദേശീയമെത്രാന്‍സമിതികളുടെ അദ്ധ്യക്ഷന്‍മാരും ഏഴു പ്രാദേശിക മെത്രാന്‍സമിതികളുടെ അദ്ധ്യക്ഷന്‍മാരും മാര്‍പാപ്പയില്‍ നിന്ന് ഏറ്റുവാങ്ങുമെന്നും വത്തിക്കാന്‍ റേഡിയോയുടേയും ടെലിവിഷന്‍ കേന്ദ്രത്തിന്‍റേയും ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊംബാര്‍ദി അറിയിച്ചു.








All the contents on this site are copyrighted ©.