2011-11-16 20:15:17

പാപ്പായുടെ സന്ദര്‍ശനം
ഇളംതലമുറയ്ക്ക് പ്രത്യാശ


16 നവംമ്പര്‍ 2011, ബെനിന്‍
സംഘര്‍ഷങ്ങളുടെ ആഫ്രിക്കന്‍ മണ്ണിലേയ്ക്കുള്ള പാപ്പായുടെ സന്ദര്‍ശനം ബഹുഭൂരിപക്ഷം വരുന്ന ആഫ്രിക്കയിലെ ഇളംതലമുറയ്ക്ക് പ്രത്യാശ പകരുമെന്ന് ഫിലമണ്‍ ജോസഫ്,
വത്തിക്കാന്‍ റേഡിയോ വക്താവ് പ്രത്യാശ പ്രകടിപ്പിച്ചു.
നവംമ്പര്‍ 18-മുതല്‍ 20-വരെ തിയതികളില്‍ നടക്കുവാന്‍ പോകുന്ന മാര്‍പാപ്പായുടെ പശ്ചിമാഫ്രിക്കയിലെ ബെനിന്‍ സന്ദര്‍ശനത്തിനൊരുക്കമായി പുറത്തിറക്കിയ പ്രസ്താവനയിലാണ്, ആഫ്രിക്കയിലെ ഗ്വീനിയാ സ്വദേശിയും വത്തിക്കാന്‍ റേഡിയോ പോര്‍ച്ചുഗീസ് വിഭാഗം പ്രവര്‍ത്തകനുമായ ഫിലമണ്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.
മൊത്തം ജനസംഖ്യയില്‍ പകുതിയിലധികവും 18 വയസ്സിനു താഴെയുള്ള കുട്ടികളാണെന്നും അവരാണ് ഭൂഖണ്ഡത്തിന്‍റെ ഭാവിയും കരുത്തുമെന്നും ഫിലമണ്‍ നിരീക്ഷിച്ചു.
പൂവണിയാത്ത തങ്ങളുടെ സ്വപനങ്ങളുമായി കൊടുംദാരിദ്ര്യത്തില്‍ ജീവിക്കുന്ന
ഈ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മാര്‍പാപ്പയുടെ സന്ദര്‍ശനം നല്കുന്ന സുവിശേഷവെളിച്ചം സമാധാനത്തിന്‍റെയും നീതിയുടെയും അനുരജ്ഞനത്തിന്‍റെയും വഴികാട്ടിയാകുമെന്ന് ഫിലമണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ 22-ാമത്തെ അന്തര്‍ദേശീയ അപ്പസ്തോലിക പര്യടനവും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേയ്ക്കുള്ള രണ്ടാമത്തെ സന്ദര്‍ശനവുമാണിത്. 2009-ല്‍ പാപ്പ ആഫ്രിക്കായിലെ അങ്കോളാ സന്ദര്‍ശിക്കുകയുണ്ടായി.








All the contents on this site are copyrighted ©.