2011-11-14 18:25:37

ജീവിതത്തിന്‍റെ സല്‍ഫലങ്ങള്‍
കാണുവാന്‍ ദൈവം ആഗ്രഹിക്കുന്നു


14 നവംമ്പര്‍ 2011, വത്തിക്കാന്‍

ഞായറാഴ്ചത്തെ സുവിശേഷ ഭാഗത്ത് ക്രിസ്തു പറഞ്ഞ താലന്തുകളുടെ ഉപമയിലെ മൂന്നു ഭൃത്യന്മാരെക്കുറിച്ചാണ് (മത്തായി 25, 14-30) മാര്‍പാപ്പ തന്‍റെ തൃകാലപ്രാര്‍ത്ഥനാ പ്രഭാഷണത്തില്‍ പ്രതിപാദിച്ചത്.
ഏല്പിച്ച താലന്തുകള്‍ വ്യയംചെയ്ത് മെച്ചപ്പെടുത്തിയ രണ്ടു ദാസന്മാരെയും യജമാനന്‍ അഭിനന്ദിക്കുകയും അവര്‍ക്ക് പ്രതിഫലം നല്കുകയും ചെയ്യുന്നു. മൂന്നാമത്തെ ദാസന്‍റെ അവിശ്വസ്തതയിലും അലസതയിലും യജമാനന്‍ അസംതൃപ്തനായി. ഉത്തരവദിത്വങ്ങള്‍ ഏല്പിച്ചവന്‍ തിരിച്ചു വരികയില്ലെന്നും കണക്കു ചോദിക്കുകയില്ലെന്നുമുള്ള തെറ്റിദ്ധാരണയാണ് മൂന്നാമത്തെ ദാസന്‍റെ പതനത്തിനു കാരണമാകുന്നത്.

ജീവിതത്തില്‍ നാം ജാഗരൂകരായിരിക്കണം എന്നാണ് വചനം നമ്മെ അനുസ്മരിപ്പിക്കുന്നത്. യജമാനന്‍, കര്‍ത്താവ് തിരികെ വരും. അവിടുന്ന് നമ്മെ ഏള്പിച്ചിരക്കുന്ന താലന്തുകള്‍ക്ക്, കഴിവുകള്‍ക്ക് കണക്കുചോദിക്കും. അവിടുന്ന് നമ്മുടെ ജീവിതത്തിന്‍റെ സല്‍ഫലങ്ങള്‍ കാണുവാന്‍ ആഗ്രഹിക്കുന്നു. ദൈവം തന്ന താലന്തുകള്‍ സ്നേഹത്തോടെ ഉപയോഗപ്പെടുത്തുന്നതാണ് മനുഷ്യാസ്തിത്വത്തിന്‍റെ പൂര്‍ണ്ണിമ. മഹാനായ വിശുദ്ധ ഗ്രിഗരി ഇങ്ങനെയാണ് ഉത്ബോധിപ്പിക്കുന്നത്, സ്നേഹത്തിന്‍റെ താലന്തുകള്‍ ദൈവം എല്ലാവര്‍ക്കും നല്കിയിരിക്കുന്നു. നമ്മുടെ അനുദിന ജീവിതചെയ്തികളെ നയിക്കേണ്ടത് സ്നേഹമാണ്. അതുകൊണ്ടാണ് ക്രിസ്തു പഠിപ്പിച്ചത്, നിന്‍റെ സ്നേഹിതരെ മാത്രം സ്നേഹിച്ചാല്‍പ്പോരാ, ശത്രുവിനെയും സ്നേഹിക്കണമെന്ന്. ആരും വീഴ്ചവരുത്തുവാന്‍ പാടില്ലാത്ത ജീവിതത്തിന്‍റെ അടിസ്ഥാന നന്മയാണ് സ്നേഹം. സ്നേഹമില്ലെങ്കില്‍ മറ്റെല്ലാ കഴിവുകളും വൃഥാവിലാണ്.
“ഞാന്‍ എന്‍റെ സര്‍വ്വസമ്പത്തും ദാനംചെയ്താലും, ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്നേഹമില്ലെങ്കില്‍ പ്രയോജനമില്ല, എന്ന് പൗലോസ് അപ്പോസ്തലനും നമ്മെ ഉത്ബോധിപ്പിക്കുന്നുണ്ട്” (1 കൊറീന്തിയര്‍ 13, 3). ക്രിസ്തു നമുക്കുവേണ്ടി ജീവന്‍ ബലികഴിച്ചെങ്കില്‍ നാം ഈ ഭൂമിയില്‍ മറ്റുള്ളവര്‍ക്കൊപ്പം സ്നേഹത്തില്‍ ജീവിക്കാന്‍ കടപ്പെട്ടവരാണ്. നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരബലിയായി ദൈവം സ്വപുത്രനെ, ക്രിസ്തുവിനെ നല്കിയെങ്കില്‍, ഈ ദൈവസ്നേഹത്തിന് ആനുപാതീകമായി നാമും പരസ്പരം സ്നേഹിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും (1യോഹ. 4, 11).








All the contents on this site are copyrighted ©.