2011-11-12 19:29:18

സുവിശേഷപരിചിന്തനം
13 നവംമ്പര്‍ 2011 – ഞായര്‍
സീറോ മലബാര്‍ റീത്ത്


വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 2, 13-22
ക്രിസ്തു ദേവാലയം ശുചീകരിക്കുന്ന സംഭവമാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിന്‍റെ ഉള്ളടക്കം.

“എന്‍റെ പിതാനിന്‍റെ ഭവനം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്.”

ക്രിസ്തു പങ്കെടുത്ത ഒരു തിരുനാളിനെക്കുറിച്ചു മാത്രം, സമാന്തര സുവിശേഷകന്മാര്‍ പരാമര്‍ശിക്കുമ്പോള്‍ യോഹന്നാന്‍ അവിടുന്നു പങ്കെടുത്ത മൂന്നു തിരുനാളുകളെയും കുറിച്ച്, പേരു പറയാത്ത ഒരു തിരുനാളിനെയും കൂടാരത്തിരുനാളിനെയും ദേവാലയപ്രതിഷ്ഠാ തിരുനാളിനെയുംകുറിച്ച് പ്രതിപാദിക്കുന്നുണ്ട്. യഹൂദരുടെ വിശ്വാസകേന്ദ്രമായ ജരൂസലേമില്‍വച്ച് തന്നെത്തന്നെ വെളിപ്പെടുത്തുവാന്‍വേണ്ടിയായിരുന്നിരിക്കണം ക്രിസ്തു തിരുനാള്‍ കൂട്ടത്തില്‍ എത്തിയിരുന്നത്. അവിടുത്തെ സാന്നിദ്ധ്യത്തിന്‍റെയും ഈ ദേവാലയ ശുദ്ധീകരണ സംഭവത്തിന്‍റെ വിവരണവുംകൊണ്ട് യഹൂദത്തിരുന്നാളുകുളും അവയുടെ ആചാരാനുഷ്ഠാനങ്ങളും അപ്രസക്തങ്ങളാക്കുന്നെന്നുകൂടി സമര്‍ത്ഥിക്കാന്‍ സുവിശേഷകന്‍ ആഗ്രഹിക്കുന്നുണ്ടാവാം. ‘യഹൂദരുടെ തിരുനാള്‍’ എന്ന യോഹന്നാന്‍റെ പരാമര്‍ശംതന്നെ അതിനു തെളിവാണ്. ക്രിസ്തു പങ്കെടുത്ത മൂന്നു തിരുനാളുകളുടെയും പശ്ചാത്തലത്തില്‍നിന്നും അവിടുത്തെ പരസ്യജീവിതകാലത്തിന് രണ്ടര വര്‍ഷക്കാലമേ ദൈര്‍ഘ്യം ഉണ്ടായിരുന്നുള്ളുവെന്ന വസ്തുതയും നമുക്കു മനസ്സിലാക്കാം.


ക്രിസ്തുവിന്‍റെ സഭ വിശുദ്ധമാണ്, വിശുദ്ധിക്കുവേണ്ട കാര്യങ്ങള്‍ സഭയിലുണ്ട്. എന്നാല്‍ മാനുഷിക ഘടകങ്ങളാല്‍ സഭ പരിപൂര്‍ണ്ണമല്ലെന്നും നമുക്കറിയാം. എല്ലായിടത്തുമുള്ളതുപോലെതന്നെ ശിഥിലീകരണ ശക്തികള്‍ സഭയിലും കടന്നുകൂടാറുണ്ട്. സഭയാകുന്ന ദൈവീകകൂട്ടായ്മയെ കളങ്കപ്പെടുത്തുന്ന ശക്തികള്‍ എപ്പോഴും സഭയില്‍ ഉയര്‍ന്നു വരുന്നുണ്ട്.
ഒരുവനെ വിട്ടുപോയ അശുദ്ധാത്മാവ് തിരിച്ച് അവന്‍റെ വീട്ടലേയ്ക്കു ചെല്ലുകയും ആ വീട് അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടതായി കാണുകയും ചെയ്താല്‍, ആ അശുദ്ധാത്മാവ് പോയി തന്നെക്കാള്‍ ദൂഷ്ടരായ മറ്റ് ഏഴ് പേരെക്കൂടി കൊണ്ടുവന്ന് അവിടെ പ്രവേശിച്ച് വാസമുറപ്പിച്ചതായ ഉപമ ക്രിസ്തു തന്നെ പറയുന്നുണ്ടല്ലോ. ലൂക്കാ. 11, 24. ഇതുപോലെ സഭയാകുന്ന ഭവനത്തില്‍, വാസമുറിപ്പിക്കുന്നവാന്‍ തിന്മയുടെ ശക്തികള്‍ എപ്പോഴും പ്രവര്‍ത്തനനിരതമാണ്. അതുകൊണ്ടാണല്ലോ, വിശുദ്ധമായിരുന്ന ജരൂസലേം ദേവാലയത്തിന്‍റെ അങ്കണം, കള്ളന്മാരുടെയും കര്‍ച്ചക്കാരുടെയും ഗുഹയായിത്തീര്‍ന്നതില്‍ അതിശയോക്തിയില്ല. ഇസ്രായേല്‍ ജനതയുടെ ശിഥിലീകരണത്തിന്‍റെ പ്രതീകമാണ് ജരൂസലേം ദൈവാലയത്തില്‍ കാണുന്നത്. ക്രിസ്തു ചാട്ടവാറെടുത്ത് ജരൂസലേം ദേവാലയത്തെ നവീകരിക്കുമ്പോള്‍ ഇസ്രായേല്‍ ജനത്തെ മുഴുവനുമാണ് അവിടുന്ന് നവീകിരക്കുന്നത്. ആ നവീകരണത്തിന്‍റെ അനന്തരഫലമാണ് തിരുസ്സഭ. നവ ഇസ്രായേലാകുന്ന ഇന്നത്തെ സഭ, നിരന്തരം നവീകരിക്കപ്പെടേണ്ടതാണ്. കാരണം വിശുദ്ധിയുടെ കേതാരങ്ങളെ ഉന്നംവച്ചുകൊണ്ടാണ് അന്ധകാരത്തിന്‍റെ ശക്തികള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നത്. ആ ശക്തികള്‍ക്കെതിരെയുള്ള അനുസ്യൂതമായ നിരന്തരപോരാട്ടം, സഭയുടെ നവീകരണമാണ്.

സഭയുടെ നവീകരണം എന്നതുകൊണ്ട് പലരും അര്‍ത്ഥമാക്കുന്നത്, ഇപ്പോള്‍ സഭയില്‍ നിലനില്‍ക്കുന്ന പലതിനെയും തകിടം മറിച്ച്, പുതിയത് പലതും സ്ഥാപിക്കുക എന്നുള്ളതാണ്. എന്നാല്‍ അത് നവീകരണമല്ല. അത് ശിഥിലീകരണമായിരിക്കും. നമ്മുടെ ഇടയില്‍ ധാരാളം നവീകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. പലതും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയിട്ടുമുണ്ട്. അല്ലെങ്കില്‍ മറഞ്ഞുകൊണ്ടിരിക്കുന്നു. പല വിപരീത പ്രസ്ഥാനങ്ങളും സഭയില്‍ കടന്നുകൂടിയിട്ടുണ്ട്. അതുപോലെ
നവീകരണത്തിന്‍റെ മാനദണ്ഡം സഭയില്‍ ആനുപാതീകമായപ്പോഴാണ് പ്രശ്നങ്ങള്‍ സഭയില്‍ കടുന്നുകൂടിയത്., മാനുഷീകമായ മാനദണ്ഡങ്ങള്‍ അപ്രസക്തങ്ങളാണ്. സഭയുടെ നവീകരണത്തിന്‍റെ മാനദണ്ഡം ദൈവവചനവും, വിശുദ്ധമായ പാരമ്പര്യങ്ങളുമായിരിക്കണം. അവയിലേയ്ക്കു നോക്കി സഭ എപ്പോഴും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കണം.
എഴുതപ്പെട്ട ദൈവവചനം നമ്മെ രക്ഷയിലേയ്ക്കു നയിക്കുന്ന രാജവീഥിയാണ്. എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ എല്ലാം ഉള്‍ക്കൊള്ളുന്ന വിശുദ്ധമായ സഭാ പാരമ്പര്യം നമ്മെ
ആ രാജവീഥിയിലൂടെ രക്ഷയിലേയ്ക്ക് നയിക്കുന്ന വാഹനവുമായിരിക്കും.

“അങ്ങയുടെ വചനം എന്‍റെ പാദങ്ങള്‍ക്കു വിളക്കും പാതയില്‍ പ്രകാശവുമാണ്,” എന്നെഴുതപ്പെട്ടിട്ടുണ്ടല്ലോ സങ്കീര്‍ത്തനം 119, 105. അന്ധകാരത്തിന്‍റെ നിഴല്‍ സഭയില്‍ പതിക്കുമ്പോള്‍, അവിടേയ്ക്ക് വചനത്തിന്‍റെ പ്രകാശം ചൊരിയപ്പെടണം. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, പുതിയ പുതിയ പ്രതിസന്ധികളെ സഭ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍, ദൈവവചനത്തിലേയ്ക്കു തിരിഞ്ഞ് ശരീയായ മാര്‍ഗ്ഗം കണ്ടെത്തണം. ക്രിസ്തു മരുഭൂമിയില്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍, വചനത്തിന്‍റെ ശക്തിയാലാണ് അവയെ അതീജീവിക്കുവാന്‍ അവിടുത്തേയ്ക്ക് സാധിച്ചത്. അതുപോലെ സഭാ ജീവിതത്തന്‍റെ വളര്‍ച്ചയുടേയും ഓരോ ഘട്ടത്തിലും നമ്മെ നയിക്കേണ്ടത് ദൈവവചനമാണ്.

അതുപോലെ സഭയുടെ വിശുദ്ധമായ പാരമ്പര്യങ്ങള്‍ തള്ളിക്കളയാനാവില്ല, അവ നവീകരണത്തിന് മാനദണ്ഡംമാക്കേണ്ടതാണ്. എഴുതപ്പെട്ട ദൈവവചനം തന്നെയാണ് വിശുദ്ധപാരമ്പര്യത്തിന്‍റെ അമൂല്യനിധിയായി സഭാ പിതാക്കന്മാരിലൂടെയും അവരുടെ പ്രബോധനങ്ങളിലൂടെയും നമുക്കു ലഭിക്കുന്നത്. കൂദാശകള്‍, ആരാധനക്രമം, വിശ്വാസസത്യങ്ങള്‍, എന്നിവയും സഭയിലെ വിശുദ്ധീകരണത്തിന്‍റെ സ്രോതസ്സുകളും. അവയൊക്കെ അതില്‍ത്തന്നെ അന്ത്യങ്ങളല്ല. എന്നാല്‍ രക്ഷയിലേയ്ക്കു നയിക്കുന്ന മാര്‍ഗ്ഗങ്ങളാണ്. ഈ മാര്‍ഗ്ഗങ്ങളിലൂടെ, സഭയും സഭാ മക്കളും നിരന്തരം നവീകരിക്കപ്പെടണം.
സഭാ പാരമ്പര്യത്തെ, മറ്റു ചില ആചാരാവിധികളുടെ ഉപരിപ്ലവമായ അനുഷ്ഠാനത്തില്‍ ഒതുക്കി നിര്‍ത്തുമ്പോള്‍ അത് നവീകരണത്തിന്‍റെ മാര്‍ഗ്ഗമാകുന്നില്ല. സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല, എന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍, അതാണ് നമ്മെ പഠിപ്പിക്കുന്നത്.

ജരൂസലേം ദേവാലയത്തില്‍ എല്ലാ വര്‍ഷവും, പെസഹാത്തിരുനാള്‍ ആഘോഷപൂര്‍വ്വം ആചരിക്കാറുണ്ടായിരുന്നു. പെസ്ഹാ മഹോത്സവത്തില്‍ പങ്കെടുക്കുവാനാണ് ക്രിസ്തു എത്തിയത്. എന്നാല്‍ ആചരണത്തിന്‍റെയും അനുഷ്ഠാനങ്ങളുടെയും സ്വഭാവം കണ്ടാണ് ക്രിസ്തു ചാട്ടവാറെടുക്കുന്നത്. ഇതുപോലെ നമ്മുടെ തിരുനാളാഘോഷങ്ങളും, നോമ്പനുഷ്ഠാനങ്ങളും, ഊട്ടുതിരനാളുകളും മഹാഊട്ടുതിരുനാളുകളും പൊള്ളയായി പോകുന്നുണ്ടോ എന്നു വിലയരുത്തേണ്ടതാണ്. അവയൊക്കെ നമ്മെ ദൈവത്തിലേയ്ക്കം സഹോദരങ്ങളിലേയ്ക്കും നയിക്കുന്നില്ലെങ്കില്‍, എത്രയും വേഗം നാം മാറ്റങ്ങള്‍ക്കു തയ്യാറായി നവീകരണത്തിനുവേണ്ട പ്രായോഗിക തീരുമാനങ്ങളെടുക്കേണ്ടതാണ്. നവീകരണം നടക്കേണ്ടത് നമ്മില്‍ ഓരോരുത്തരിലുമാണ്. അപ്പോഴാണ് സഭ നവീകരിക്കപ്പെടുന്നത്.

സഭയുടെ നവീകരണത്തിന്‍റെ ഉത്തേജക ശക്തി പരിശുദ്ധാത്മാവാണ്
ലോകാവസാനത്തോളം സഭയില്‍‍ വസിക്കുന്ന സഹായകന്‍ ക്രിസ്തുതന്ന പരിശുദ്ധാത്മാവാണ്. നവീകരണത്തിന്‍റെ ഉത്തേജക ശക്തി പരിശുദ്ധാത്മാവാണ്. “അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും, എന്ന വചനം യേശുവില്‍ അന്വര്‍ത്ഥമായത്, അവിടുന്നില്‍ പരിശുദ്ധാത്മാവിന്‍റെ നിറവുള്ളതുകൊണ്ടായിരിരുന്നു.” ഈ അത്മാവുതന്നെയാണ് ജരൂസലേം ദേവാലയം ശുദ്ധീകരിക്കുവാന്‍ ക്രിസ്തുവിനെ ഉത്തേജിപ്പിച്ചത്. പൗലോസ് ശ്ലീഹാ പറയുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ ആലയങ്ങളാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ. 1കൊറി.3, 16.
നമ്മില്‍ വസിക്കുന്ന, സഭയില്‍ വസിക്കുന്ന ഈ ആത്മാവ് നവീകരണത്തിന് നമ്മെ എപ്പോഴും പ്രചോദിപ്പിക്കുന്നു. പൗലോസ് വീണ്ടും ശ്ലീഹാപറയുന്നു,
നമ്മുടെ ബലഹീനതയില്‍ വിളിച്ചപേക്ഷിച്ചാല്‍ ആത്മാവ് നമ്മെ സഹായിക്കും. റോമ. 8, 26.
നമ്മുടെ ബലഹീനതകളാണ് പലപ്പോഴും നവീകരണത്തിനു തടസ്സമായി നില്‍ക്കുന്നത്. വ്യക്തിപരമായ ജീവിതത്തെയും, കുടുംബത്തെയും ഇടവകയെയും സമൂഹത്തെയും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിനു വിട്ടുകൊടുക്കുമ്പോള്‍, ബലീഹനതകളെ അഭിമുഖീകരിക്കുവാനുള്ള ശക്തി നമുക്ക് ലഭിക്കും. അപ്പോള്‍ സഭ നവീകരിക്കപ്പെട്ട സമൂഹമായി, വിശുദ്ധ ജനമായി ലോകത്തിനു സാക്ഷൃംനല്കുവാന്‍ ഇടയാകും.

വെളിപാടിന്‍റെ ഗ്രന്ഥകര്‍ത്താവ് പറയുന്നു. “ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി. വിശുദ്ധ നഗരമായ പുതിയ ജരൂസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ ദൈവസന്നിധിയില്‍നിന്ന് ഇറങ്ങിവരുന്നത് ഞാന്‍ കണ്ടു. സിംഹാസനത്തില്‍നിന്ന് വലിയ ഒരു സ്വരം ഞാന്‍ കേട്ടു. ഇതാ ദൈവത്തിന്‍റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്നു അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടുകൂടെ ആയിരിക്കുകയും ചെയ്യും. സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു. ഇതാ സകലതും ഞാന്‍ നവീകരിക്കുന്നു.” വെളിപാട്. 21, 1-5.

പുതിയ ആകാശവും പുതിയ ഭൂമിയും ആയിത്തീരുവാനുള്ള വിളിയാണ് സഭയുടേത്. വിശുദ്ധ നഗരമായ പുതിയ ജരൂസലേം ആയിത്തീരുവാനുള്ള വിളിയാണ് സഭയുടേത്. ദൈവജനത്തിന്‍റെ കൂടാരമായിത്തീരുവാനുള്ള വിളിയാണത്. ചുരുക്കത്തില്‍ നവീകരിക്കപ്പെട്ട ഒരു ദൈവിക കൂട്ടായ്മയും നവജനമായും തീരേണ്ടതാണ് സഭ, എന്നാണതിന്നര്‍ത്ഥം.
ഹോസിയാ പ്രവാചകന്‍റെ ഗ്രന്ഥത്തില്‍നിന്നും ക്രിസ്തു പലതവണ ആവര്‍ത്തിക്കുന്ന വചനമാണ്, “ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.” ദഹനബലിയല്ല, ദൈവീക വിജ്ഞാനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”
ഈ വചനങ്ങള്‍ തന്‍റെ ജീവിതത്തില്‍ ക്രിസ്തു സ്വാംശീകരിക്കുകയും തന്‍റെ ജീവിത സമര്‍പ്പണത്തിന്‍റെ ഭാഗമാക്കുകയും ചെയ്തുകൊണ്ടാണ് പരസ്യജീവിതം നയിച്ചതും സഭയെ നട്ടുവളര്‍ത്തിയതും..
മാര്‍ക്ക് 9, 31.
.................................
മൂന്നാം ദിവസത്തിന്‍റെ രഹസ്യമിതാണ്. പൂര്‍ണ്ണമായും മാനുഷീക രൂപമെടുത്ത ക്രിസ്തുവില്‍ പരിശുദ്ധാത്മ ശക്തിയാണ് മഹത്വമാര്‍ന്ന ദൈവീക പ്രഭ ചാര്‍ത്തപ്പെടുന്നത്. ഇതാണ് പീഡാനുഭവത്തിലൂടെ അവിടുന്ന സ്വീകരിക്കുന്ന സ്നാനം.
ലൂക്കാ 12, 50.
എനിക്ക് ഒരു സ്നാനം സ്വീകരിക്കാനുണ്ട്. അതു നിവൃത്തിയാകുവോളം ഞാന്‍ എത്ര ഞെരുങ്ങുന്നു.

പൗലോസ് അപ്പോസ്തലന്‍ ഈ വാക്കുകള്‍ ക്രൈസ്തവ ജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യക്തമാക്കുന്നുണ്ട്.
റോമാ. 6, 3. “യേശു ക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്‍റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടെ.”
അങ്ങനെ ദൈവത്തിന്‍റെ സ്നേഹനിര്‍ത്ധരി ഒഴുക്കിയ ക്രിസ്തുവിന്‍റെ മരണമാണ് നമുക്ക് ദൈവീക ജീവിന്‍റെ നിദാനമായി മാറുന്നത്.
സങ്കീര്‍ത്തകന്‍ ആലപിക്കുന്നതുപോലെ, “അഗാധം അഗാധത്തെ വിളിക്കുന്നു,” മരണ ഗര്‍ത്തം അതിനെ വെല്ലുന്ന ദൈവസ്നേഹത്തിന്‍റെ ആഴങ്ങള്‍കൊണ്ട് നിറയ്ക്കപ്പെടുകയാണ്. സങ്കീര്‍ത്തനം, 42, 41.

പൗലോസ് അപ്പസ്തോലന്‍ ഇതു വിവരിക്കുന്നു റോമാ. 8, 9
“ദൈവത്തിന്‍റെ ആത്മാവ് യഥാര്‍ത്ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡീകരല്ല, ആത്മീയരാണ്. ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവര്‍ ക്രിസ്തുവിനുള്ളവരല്ല.”
നാം ക്രിസ്തുവിനോടുകൂടെ മരിച്ചുവെങ്കിലും അവിടത്തോടുകൂടി ജീവിക്കും എന്നും വിശ്വിസിക്കുന്നു. ക്രിസ്തുവിലുള്ള ഈ ജീവനാണ് നമ്മുടെ പ്രത്യാശയുടെ പൂര്‍ത്തീകരണം.ഹോസിയാ പ്രവാചകന്‍ പ്രവചിച്ചതും അതുതന്നെയാണ്,
“നാം ദൈവസന്നിധിയില്‍ ജീവിക്കേണ്ടവരാണ്,” 6, 2.


ജരൂസലേം സഭയില്‍ പരിശുദ്ധാത്മാവിന്‍റെ അഗ്നിയിറങ്ങിയപ്പോഴാണ് അവര്‍ നവീകരിക്കപ്പെട്ട്. ഭയമെല്ലാംമിറങ്ങി, പുതിയൊരു സഭയായി ലോകമെമ്പാടും ജ്വലിച്ചു തിളങ്ങിയത് പരിശുദ്ധാത്മ നിറവിലാണ്. സഭയാകുന്ന വലിയ കുടുംബത്തെ യേശുവിന്‍റെ ആത്മാവേ, വന്നു നിറയണമേ, നയിക്കണമേ, നവീകരിക്കണമേ, എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.








All the contents on this site are copyrighted ©.