2011-11-09 18:10:50

അമേരിക്കയിലെ
മെത്രാന്‍ സംഘത്തിന്‍റെ
'ആദ് ലീമിനാ' സന്ദര്‍ശനം


9 നവംമ്പര്‍ 2011, വത്തിക്കാന്‍
നവസുവിശേഷവത്ക്കരണ പദ്ധതിയില്‍ ആത്മീയ മാന്ദ്യമനുഭവിക്കുന്നവരെ ഉണര്‍ത്തുമെന്ന്, ബിഷപ്പ് തോമസ് ടോബിന്‍, അമേരിക്കയിലെ റൂട് ഐലന്‍റ് രൂപതാദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
മാര്‍പാപ്പയുമായുള്ള ad limina ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കായി അമേരിക്കയില്‍നിന്നെത്തിയ ബിഷപ്പ് ടോബിന്‍ നവംമ്പര്‍ 8-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്.
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആരംഭംകുറിച്ച നവസുവിശേഷവത്ക്കരണ പദ്ധതിയുടെ ഭാഗമായി വിവിധ കാരണങ്ങളാല്‍ ഞായറാഴ്ചകളില്‍പോലും ദേവാലയത്തില്‍ വരാന്‍ മടികാണിക്കുന്നവരെ വ്യക്തിപരമായി കണ്ടും സംസാരിച്ചും തിരികെ കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്ന് 60 ശതമാനം കത്തോലിക്കരുള്ള റോട് ഐലന്‍റ് രൂപാതാദ്ധ്യക്ഷന്‍, ബിഷപ്പ് ടോബിന്‍ അഭിമുഖത്തില്‍ അറിയിച്ചു.
300-ല്‍പ്പരം മെത്രാനമാരുള്ള അമേരിക്കന്‍ ഐക്യനാടുകളിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രഥമ സംഘമാണ് നവംമ്പര്‍ 7-ാം തിയതി തിങ്കളാഴ്ച മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയോടെ ആദ് ലീമിന സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്.
14 ചെറുസംഘങ്ങളായിട്ടു സംവിധാനംചെയ്തിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മെത്രാസംഘത്തിന്‍റെ ആദ് ലീമിനാ സന്ദര്‍ശനം 2012-ലേയ്ക്കും നീണ്ടുനില്ക്കും. പതിവുള്ള 5 വര്‍ഷത്തിനു പകരം, 7 വര്‍ഷത്തിനു ശേഷമാണ് അമേരിക്കയിലെ മെത്രാന്‍ സംഘം പാപ്പായുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് വത്തിക്കാനിലെത്തിയിരിക്കുന്നത്.









All the contents on this site are copyrighted ©.